കസ്റ്റമര്‍കെയര്‍ കോളുകള്‍ ഇനി സൌജന്യമല്ല!

തിങ്കള്‍, 22 മാര്‍ച്ച് 2010 (10:06 IST)
PRO
മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ കോള്‍ നിരക്കുകള്‍ ദിനംപ്രതി കുറച്ചപ്പോള്‍ ഇത്തരത്തിലൊരു ചതി ആരും പ്രതീക്ഷിച്ചില്ല. കസ്റ്റമര്‍ കെയര്‍ സെന്‍ററിലേക്ക് വിളിച്ച് സുന്ദരമായ ശബ്ദങ്ങളോട് സല്ലപിച്ചിരിക്കുന്നവര്‍ക്ക് ഇനി അത് നിര്‍ത്താം. അത്യാവശ്യ കാര്യങ്ങള്‍ക്ക് കസ്റ്റമര്‍ കെയറിലേക്ക് ധൃതിപ്പെട്ട് വിളിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക നിങ്ങള്‍ വിളിക്കുന്നത് സൌജന്യമായല്ല. മൂന്നു മിനിറ്റിന് 50 പൈസ വെച്ച് നിങ്ങള്‍ക്ക് നഷ്ടപ്പെടും.

ഇതു സംബന്ധിച്ച മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ അപേക്ഷ ട്രായ് (ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് എയര്‍ടെല്‍, എയര്‍സെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങിയ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകളുടെ കസ്റ്റമര്‍ കെയറുകളിലേക്ക് വിളിക്കുമ്പോള്‍ ആദ്യം തന്നെ ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

ഉദാഹരണത്തിന് എയര്‍ടെല്ലിന്‍റെ കസ്റ്റമര്‍ കെയര്‍ നമ്പറായ 121 എന്ന നമ്പറിലേക്ക് വിളിക്കുമ്പോള്‍ ആദ്യം ലഭിക്കുന്ന സന്ദേശം നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 198 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാനാണ്. തുടര്‍ന്ന് ഇന്‍ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് ((ഐ വി ആര്‍)കമ്പ്യൂട്ടര്‍ വോയ്സ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍) നിങ്ങളെ സഹായിക്കാനെത്തും. ഈ സഹായം കൂടാതെ കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവുമായി നിങ്ങള്‍ക്ക് നേരിട്ട് സംസാ‍രിക്കണമെങ്കില്‍ ഐ വി ആര്‍ നിര്‍ദ്ദേശിക്കുന്ന നമ്പറില്‍ നിങ്ങള്‍ക്ക് പ്രസ് ചെയ്യാം. അതിനു മുമ്പ് തന്നെ മൂന്നു മിനിറ്റിന് 50 പൈസ വെച്ച് നഷ്ടമാകുന്ന മുന്നറിയിപ്പ് ഉപയോക്താവിന് ലഭിക്കും.

എന്നാല്‍, ട്രായിയുടെ ഈ പുതിയ നിയമത്തെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് അറിയില്ല എന്നുള്ളതാണ് സത്യം. അറിയില്ലാത്തതല്ല ട്രായിയും മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനികളും ഇതു സംബന്ധിച്ച് ഒരു പൊതു വിജ്ഞാപനം ഇതുവരെ നടത്തിയിട്ടില്ല. പ്രീ-പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കാണ് ഈ നിയമം ബാധകം. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസങ്ങളില്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമാണ് നല്‍കിയിട്ടുള്ളത്. പൊതുജനം ഇക്കാര്യം നേരത്തെ അറിയാത്തതിനാല്‍ എന്തെങ്കിലും ആവശ്യത്തിന് കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് പൈസ പോകുമ്പോള്‍ മാത്രമാണ് പുതിയ കാര്യത്തെക്കുറിച്ച് അറിയുക. കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നവര്‍ ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ക്കായി അതാത് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ വെബ്സൈറ്റിനെ ആശ്രയിക്കുക എന്ന നിര്‍ദ്ദേശമാണ് ഉപയോക്താവിന് ലഭിക്കുക. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപ്രാപ്യമാണ്.

അടുത്ത പേജില്‍ വായിക്കുക, ‘ട്രായി നിര്‍ദ്ദേശത്തിനു പിന്നില്‍’

കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുമ്പോള്‍ മാത്രമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. പൈസ ഈടാക്കുമെന്നതിനാല്‍ പലരും ഐ വി ആര്‍ കൊണ്ടു തന്നെ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിരിക്കും ശ്രമിക്കുക. കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുമ്പോള്‍ ആദ്യം മുതല്‍ കമ്പ്യൂട്ടര്‍ ശബ്ദം നിര്‍ദ്ദേശിക്കുന്നത് അനുസരിക്കുകയാണെങ്കില്‍ ആക്ടിവേഷന്‍, ഡി-ആക്ടിവേഷന്‍ തുടങ്ങിയവ നടന്നു കിട്ടും. അപ്പോള്‍ പിന്നെ കൂടുതല്‍ സേവനങ്ങള്‍ അറിയാന്‍ നേരിട്ട് ആരും ‘കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവിനെ ആശ്രയിക്കില്ല. അതുകൊണ്ട് തന്നെ വിദൂരഭാവിയില്‍ വളരെ കുറച്ച് ഉപയോക്താക്കള്‍ മാത്രമേ കസ്റ്റമര്‍ കെയറിലേക്ക് കാശു മുടക്കി വിളിക്കാന്‍ തയ്യാറാകുകയുള്ളൂ എന്ന് വ്യക്തം.

ട്രായ് നിര്‍ദ്ദേശത്തിനു പിന്നില്‍

കസ്റ്റമര്‍ കെയറുകളിലേക്ക് ഉപദ്രവകരമായ രീതിയില്‍ വിളികള്‍ വരുന്നതാണ് ട്രായിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമികവിവരം. അതായത് ചിലര്‍ ഒപ്പിച്ച വികൃതികള്‍ക്ക് ബാക്കിയുള്ള ഒരു വലിയ വിഭാഗവും ക്രൂശിക്കപ്പെടുകയാണ്. ഇത്തരം വിളികളെ നേരിടാന്‍ വേറെ എന്തൊക്കെ മാര്‍ഗങ്ങളുണ്ട്. മൂന്നു തവണയില്‍ കൂടുതല്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നവര്‍ പിന്നീട് വിളിക്കുമ്പോള്‍ ഐ വി ആര്‍ ഘട്ടത്തില്‍ തന്നെ വെച്ച് അത് അവസാനിപ്പിക്കത്തക്ക രീതിയിലുള്ള സംവിധാനം മൊബൈല്‍ ഓപ്പറേറ്റര്‍ കമ്പനികള്‍ക്ക് രൂപപ്പെടുത്താവുന്നതാണ്.

എന്നാല്‍ യഥാര്‍ത്ഥകാരണം ഇതൊന്നുമല്ലെന്നാണ് പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍. അടുത്തകാലത്ത് ഇന്ത്യയില്‍ പുതിയ നിരവധി മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ വന്നു. ഇവരെല്ലാം ഉപയോക്താവിന് വാഗ്ദാനം ചെയ്തത് കുറഞ്ഞ കോള്‍ റേറ്റുകളായിരുന്നു. ഇവരോട് പിടിച്ചു നില്‍ക്കാന്‍ എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങി എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാരും കോള്‍ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. മിനിറ്റിനു പത്തു പൈസയും സെക്കന്‍ഡിന് ഒരു പൈസയും ഒക്കെ ഇതിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ ഈ നടപടി മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിയത്. ഈ ക്ഷീണം മാറ്റാനാണ് കസ്റ്റമര്‍ കെയര്‍ കോളുകള്‍ക്ക് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച് മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനികള്‍ ട്രായിക്ക് അപേക്ഷ നല്കുകയും ട്രായി ഇത് കഴിഞ്ഞദിവസം അംഗീകരിക്കുകയുമായിരുന്നു.

പല വിദേശരാജ്യങ്ങളിലും കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നതിന് പൈസ ഈടാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. മധ്യപ്രദേശിലും കൊല്‍ക്കത്തയിലും വെസ്റ്റ് ബംഗാളിലും ഇത് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. മഹാരാഷ്ട്രയിലും മുംബൈയിലും ഐഡിയയും ഇത് നടപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തമിഴ്നാട്ടില്‍ എയര്‍ടെല്ലും എയര്‍സെല്ലും ഇത് നടപ്പാക്കി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇന്ത്യ മുഴുവന്‍ ഇത് പ്രാബല്യത്തിലാകും. ദിവസവും ലക്ഷക്കണക്കിന് വിളികളാണ് കസ്റ്റമര്‍ കെയറുകളിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ കോള്‍ നിരക്ക് കുറച്ചതിലെ നഷ്ടം കസ്റ്റമര്‍ കെയര്‍ വിളികളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ കണക്കുക്കുട്ടല്‍.

അടുത്ത പേജില്‍ വായിക്കുക, ‘കോള്‍ സെന്‍ററുകളില്‍ തൊഴില്‍ നഷ്ടം’

PRO
കോള്‍-സെന്‍ററുകളില്‍ തൊഴില്‍നഷ്ടം ?

പെട്ടെന്നാരും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കില്ല. കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുമ്പോള്‍ പൈസ ഈടാക്കുന്നതിന് കോള്‍-സെന്‍ററുകളിലും മറ്റുമുള്ളവരുടെ ജോലി നഷ്ടപ്പെടുന്നതെങ്ങനെ? പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കസ്റ്റമര്‍ കെയറില്‍ മനുഷ്യ വിഭവശേഷിയുടെ ഉപയോഗം കൂടുതല്‍ ആവശ്യമായി വരില്ല. അതുകൊണ്ട് തന്നെ ഈ രംഗത്തേക്ക് കൂടുതല്‍ നിയമനങ്ങള്‍ ഇനി നടന്നേക്കില്ലെന്നാണ് സൂചനകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന ടെലികോം മേഖലയിലാണ് ഇത് സംഭവിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണം.

കൂടുതല്‍ നിയമനങ്ങള്‍ നടക്കില്ലെന്ന് മാത്രമല്ല നിലവില്‍ കസ്റ്റമര്‍ കെയര്‍ സെന്‍ററുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്. പെര്‍ഫോം ലെവലില്‍ പിറകിലുള്ളവര്‍ക്ക് ഇതിനകം തന്നെ മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനികളില്‍ നിന്ന് സഹപ്രവര്‍ത്തകരുടെ മുന്നറിയിപ്പും ലഭിച്ചു കഴിഞ്ഞു. കസ്റ്റമര്‍ കെയറിലേക്കുള്ള വിളിക്ക് പൈസ ഈടാക്കുമ്പോള്‍ സ്വഭാവികമായും വിളിക്കുന്നവരുടെ എണ്ണം കുറയും. വിളിക്കുന്നവര്‍ കുറയുമ്പോള്‍ വിളികള്‍ അറ്റന്‍ഡ് ചെയ്യാനുള്ളവരുടെ എണ്ണവും കുറവ് മതിയാകും.

സ്വഭാവികമായും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ പെര്‍ഫോം ലെവലില്‍ താഴെ നില്ക്കുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ നിര്‍ബന്ധിതരാകും. നിലവില്‍ ഇന്ത്യയില്‍ പതിനായിരക്കണക്കിന് യുവജനങ്ങളാണ് കസ്റ്റമര്‍ കെയര്‍ ജോലിയെ ആശ്രയിച്ച് ജീവിക്കുന്നത്. ഇത്തരമൊരു പുതിയ നിയമം കൊണ്ടുവരുമ്പോള്‍ പ്രതിസന്ധിയിലാകുന്നതും ഇവരാണ്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് വെറുതെ നടന്ന വലിയൊരു വിഭാഗത്തിന് കസ്റ്റമര്‍ കെയര്‍ സെന്‍ററുകള്‍ അഥവാ കോള്‍ സെന്‍ററുകള്‍ വന്നതോടെ വന്‍ ജോലിസാധ്യത ആയിരുന്നു ലഭിച്ചത്.

കാശു വേണമെങ്കില്‍ ഫുള്‍ ടോക്‍ടൈം തരൂ

അമ്പതു രൂപയ്ക്ക് മൊബൈല്‍ റീചാര്‍ജ് ചെയ്താല്‍ ലഭിക്കുന്നത് വെറും 42 രൂപ. ബാക്കിയുള്ള കാശ് സര്‍വ്വീസ് ടാക്സ്, പ്രൊസസിങ് ഫീ എന്നീ ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ആദ്യമേ തന്നെ ഈടാക്കുന്നു. ഏതെങ്കിലും ഓഫറുകള്‍ ഉള്ളപ്പോള്‍ മാത്രമാണ് ഫുള്‍ ടോക് ടൈം ലഭിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആരും ഏതു മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനിയുടെ സിം ആണ് ഉപയോഗിക്കുന്നതെങ്കിലും ആദ്യമേ തന്നെ ടാക്സും ഫീസും കൊടുത്തു കഴിഞ്ഞു. ഇതിന്‍റെ ഒരു ഭാഗം ട്രായിക്ക് കൂടി അവകാശപ്പെട്ടതാണ്.

ഇതു കുടാതെയാണ് കസ്റ്റമര്‍ കെയറുകളിലേക്കുള്ള വിളിക്ക് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നത്. ഇങ്ങനെ ചാര്‍ജ് ഈടാക്കണമെങ്കില്‍ ആദ്യമേ ഉപയോക്താക്കള്‍ക്ക് ഫുള്‍ ടോക് ടൈം നല്കൂ. മൊബൈല്‍ ഓപ്പറേറ്റിങ് കമ്പനികള്‍ക്ക് ഇങ്ങനെയൊരു നിര്‍ദ്ദേശം ട്രായിക്ക് മുമ്പില്‍ വെയ്ക്കാവുന്നതല്ലേ? എന്നിട്ട് കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുമ്പോള്‍ ചാര്‍ജ് ഈടാക്കിക്കൊള്ളൂ. ഇങ്ങനെയാകുമ്പോള്‍ ഉപയോക്താവിനും പരാതി വരില്ലല്ലോ, കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവുമായി.

വെബ്ദുനിയ വായിക്കുക