അഭയയുടെ മരണം; കന്യാസ്ത്രീയാകാന്‍ ആളില്ല!

തിങ്കള്‍, 12 ഒക്‌ടോബര്‍ 2009 (18:16 IST)
PRO
PRO
കോട്ടയത്തെ പയസ് ടെന്‍‌ത് കോണ്‍‌വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതുവരെ ഏറെ പരിചിതമല്ലാത്തൊരു പേരായിരുന്നു സെന്റ് ജോസഫ് സന്യാസിനി സമൂഹം എന്നത്. എന്നാല്‍ 1992, മാര്‍ച്ച് 28-ന് സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെ ഈ സന്യാസിനി സമൂഹത്തിന് അന്താരാഷ്ട്ര പ്രസിദ്ധി (അതോ കുപ്രസിദ്ധിയോ) ലഭിച്ചു. കഴിഞ്ഞ 17 വര്‍ഷമായി സെന്റ് ജോസഫ് സന്യാസിനി സമൂഹം എന്ന പേര് ദേശീയവും അന്തര്‍‌ദേശീയവും ആയ മാധ്യമങ്ങളില്‍ ഇടം പിടിക്കുകയാണ്.

പതിനേഴുകാരിയായ സിസ്റ്റര്‍ അഭയയെ ‘അരുതാത്തത്’ എന്തോ കണ്ടതിന്റെ പേരില്‍ വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചേര്‍ന്ന് അടിച്ചുകൊന്ന് കോണ്‍‌വെന്റിലെ കിണറ്റില്‍ തള്ളിയെന്നാണ് സിബി‌ഐ പറയുന്നത്. എന്നാല്‍ വൈദികര്‍ക്കും കന്യാസ്ത്രിക്കും അഭയയുടെ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് സഭ പറയുന്നു. സത്യമെന്തെന്ന് കാലം തെളിയിക്കട്ടെ. പക്ഷേ, ആരുടെയോ ശാപമെന്നോണം സെന്റ് ജോസഫ് സന്യാസിനി സമൂഹം നാള്‍‌തോറും ശുഷ്കിച്ച് വരികയാണ്.

യൂണിയന്‍ ഓഫ് കാത്തലിക്ക് ഏഷ്യന്‍ ന്യൂസ് (www.ucanews.com) എന്ന സൈറ്റിന് നല്‍‌കിയ അഭിമുഖത്തില്‍, സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ആനി ജോണാണ് തങ്ങളുടെ സന്യാസിനി സമൂഹം ശുഷ്കിച്ച് വരികയാണെന്ന് സമ്മതിച്ചത്. സിസ്റ്റര്‍ അഭയയുടെ മരണശേഷം, സന്യാസിനി സമൂഹത്തിന്റെ പേര് മാധ്യമങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ കന്യാസ്ത്രീകളാവാന്‍ ഇവിടെ വരുന്നവരുടെ എണ്ണം കുറഞ്ഞുവെത്രെ.

അറുപതോളം കോണ്‍‌വെന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള സെന്റ് ജോസഫ് സന്യാസിനി സമൂഹം ആരംഭിച്ചത് 81 വര്‍ഷം മുമ്പ് തെക്കന്‍ കേരളത്തിലാണ്. അഭയയുടെ മരണം വരെ, ഒരുപാട് പെണ്‍‌കുട്ടികള്‍ ഈ സമൂഹത്തില്‍ ചേരാന്‍ തയ്യാറെടുത്ത് വന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം സമൂഹത്തില്‍ ചേരാന്‍ എത്തിയത് വെറും നാല് പേരാണ്. കോണ്‍‌വെന്റുകളില്‍ “പലതും നടക്കുന്നുവെന്ന്” മാധ്യമങ്ങള്‍ പറയുന്നത് ശരിയാണോ എന്ന് പെണ്‍‌കുട്ടികളുടെ മാതാപിതാക്കള്‍ ചോദിക്കാന്‍ തുടങ്ങിയതായും സിസ്റ്റര്‍ ആനി ജോണ്‍ പറയുന്നു.

അഭയയെ കൊന്നു എന്ന് ആരോപിച്ച് സിബി‌ഐ വേട്ടയാടുന്ന വൈദികരും കന്യാസ്ത്രീയും നിരപരാധികളാണെന്ന് സിസ്റ്റര്‍ ആനി ജോണ്‍ വിശ്വസിക്കുന്നു. സഭ കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വെറുതെ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നു എന്നും സിസ്റ്റര്‍ ആനി ജോണ്‍ ആരോപിക്കുന്നു. തങ്ങളുടെ സന്യാസിനി സമൂഹത്തിന് ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന അപമാനവും കല്ലേറും ക്രിസ്തുവിന്റെ സഹനത്തില്‍ പങ്കുചേരാന്‍ സമൂഹത്തെ സഹായിക്കുമെന്ന് പ്രത്യാശിക്കുകയാണ് സിസ്റ്റര്‍ ആനി ജോണ്‍.

മരണം നടന്ന് പതിനേഴ് വര്‍ഷം കഴിഞ്ഞും അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തുടരുകയാണ്. അഭയയുടെ മരണം ആത്മഹത്യയായിരുന്നു എന്നാണ് ആദ്യമൊക്കെ ക്രിസ്ത്യന്‍ സഭയും സെന്റ് ജോസഫ് സന്യാസിനി സമൂഹവുമൊക്കെ പ്രചരിപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ അഭയ കൊല്ലപ്പെടുകയായിരുന്നുവെന്ന് ചിലരെങ്കിലും സമ്മതിക്കുന്നുണ്ട്. എന്നാല്‍ വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നിരപരാധികള്‍ ആണെന്നാണ് വാദം.

ഇതിനിടയിലാണ്, അഭയക്കേസിലെ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരുടെ നാര്‍ക്കോ അനാലിസിസ് ദൃശ്യങ്ങള്‍ കേരളത്തെ പിടിച്ച് കുലുക്കിയത്. “കോടാലി”, “കൊന്നു”, “മതില്‍ ചാടിക്കടന്നു”, “കിണറ്റില്‍ തള്ളി” എന്നൊക്കെ പ്രതികള്‍ പറയുന്നത് നാര്‍ക്കോ അനാലിസിസ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും കൃത്രിമമാണ് സിഡിയെന്നും പ്രാകൃതവും വിശ്വസിക്കാന്‍ പറ്റാത്തതുമാണ് നാര്‍ക്കോ അനാലിസിസ് എന്നുമാണ് ക്രിസ്ത്യന്‍ സഭയുടെ ഇപ്പോഴത്തെ വാദം. സിബി‌ഐയുടെ വാദവും പ്രതികളുടെ പ്രതിവാദവും നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നെങ്കിലും അഭയയുടെ ആത്മാവിന് ശാന്തി ലഭിക്കുമോ?

ചിത്രത്തിന് കടപ്പാട് - യൂണിയന്‍ ഓഫ് കാത്തലിക്ക് ഏഷ്യന്‍ ന്യൂസ്

വെബ്ദുനിയ വായിക്കുക