ഓ ബേനസീര്‍....!

PTIPTI
രണ്ട് തവണ പാകിസ്ഥാന്‍റെ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയായിരുന്നു ബെനസിര്‍ ഭൂട്ടോ. 2007 ഡിസംബര്‍ 27 ന് റാവല്‍‌പിണ്ടിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആ ജീവിതം കത്തിയമര്‍ന്നു. നിര്‍ഭാഗ്യവാനയാ ഒരച്ഛന്‍റെ നിര്‍ഭാഗ്യവതിയായ മകള്‍

1953 ജൂണ്‍ 21 ന് പാകിസ്ഥാന്‍റെ മുന്‍ പ്രധാ‍നമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടേയും നസ്രത്ത് ഭൂട്ടോയുടേയും മൂത്ത മകളായി ബെനസിര്‍ ജനിച്ചു. ഭൂട്ടോ പാകിസ്ഥാനി സിന്ധ് സ്വദേശിയും നസ്രത്ത് ഭൂട്ടോ ഇറാനിയന്‍ ഖുര്‍ദിഷ് പരമ്പരയില്‍ പെട്ട പാകിസ്ഥാനിയും ആയിരുന്നു.

ഹരിയാനയിലെ ഭട്ടോകാലന്‍ എന്ന പ്രദേശത്തു നിന്ന് ഇന്ത്യാ പാക് വിഭജനത്തിനു മുമ്പ് പാകിസ്ഥാനിലെ ലാര്‍കന സിന്ധിലേക്ക് കുടിയേറിയ ആളാണ് ബെനസിറിന്‍റെ മുത്തച്ചനായ സര്‍ ഷാ നവാസ് ഭൂട്ടോ. 1988 ലാണ് ബെനസിര്‍ ആദ്യം പാകിസ്ഥാന്‍ പ്രധാനമന്ത്രിയാവുന്നത്.

അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് ഗുലാം ഇഷാ ഖാന്‍ ബെനസിറിനെ 20 മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കി. 1993 ല്‍ തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ ഏറിയെങ്കിലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് അന്നത്തെ പ്രസിഡന്‍റ് ഫാറൂഖ് ലെഖാരി 1996 ല്‍ വീണ്ടും ബെനസിറിനെ പുറത്താക്കുകയായിരുന്നു.

1998 ല്‍ ബെനസിര്‍ ഭൂട്ടോ‍ാ ദുബായിലേക്ക് താമസം മാറ്റി. 2007 ഒക്‍ടോബര്‍ 18 ന് പാകിസ്ഥാനില്‍ തിരിച്ചെത്തുന്നതു വരെ അവര്‍ അവിടെ കഴിഞ്ഞു. പ്രസിഡന്‍റ് മുഷറഫുമായി ധാരണയില്‍ എത്തിയതിനെ തുടര്‍ന്ന് അവരുടെ പേരിലുള്ള എല്ലാ അഴിമതി ആരോപണങ്ങളും പിന്‍‌വലിക്കുകയായിരുന്നു.


PTIPTI
റാവല്‍‌പിണ്ടി പ്രസന്‍റേഷന്‍ കോണ്‍‌വെന്‍റില്‍ രണ്ട് വര്‍ഷം പഠിച്ച ശേഷം മുറിയിലെ ജീസസ് ആന്‍റ് മേരി കോണ്‍‌വെന്‍റില്‍ ബെനസിര്‍ പഠിച്ചു. പിന്നീട് കറാച്ചി ഗ്രാമര്‍ സ്കൂളിലായിരുന്നു പഠനം. 1969 മുതല്‍ 1973 വരെ അവര്‍ ഹാര്‍‌വാഡ് യൂണിവേഴ്സിറ്റിയിലെ റാറ്റ്‌ക്ലിഫ് കോളേജില്‍ പഠിച്ച് ബിരുദം നേടി.

1973 മുതല്‍ 1977 വരെ പഠനം ബ്രിട്ടനിലായിരുന്നു. ഓക്സ്ഫോര്‍ഡിലെ ലേഡി മാര്‍ഗരറ്റ് ഹാളില്‍ അവര്‍ തത്വശാസ്ത്രവും രാഷ്ട്രമീമാംസയും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. പിന്നീട് അന്തര്‍ദ്ദേശീയ നിയമത്തിലും നയതന്ത്രജ്ഞതയിലും അവിടെ നിന്ന് തന്നെ ബിരുദം നേടി.

1976 ഡിസംബറില്‍ ഓക്‍സ്ഫോര്‍ഡ് യൂണിയന്‍റെ അദ്ധ്യക്ഷയായിരുന്നു ബെനസിര്‍. ഈ ഡിബേറ്റിംഗ് സൊസൈറ്റിയുടെ ആദ്യത്തെ ഏഷ്യന്‍ വനിതാ പ്രസിഡന്‍റായിരുന്നു ബെനസിര്‍.

1987 ഡിസംബര്‍ 18 ന് ബെനസിര്‍ കറാച്ചിയിലെ വ്യവസായിയായ ആസിഫലി സര്‍ദാരിയെ വിവാഹം ചെയ്തു. ബിലാവല്‍, ഭക്ത്‌വര്‍, അസിഫ് എന്നിവര്‍ മക്കളാണ്. 1975 ല്‍ പിതാവ് സുല്‍ഫിക്കര്‍ അലി ഭൂട്ടോക്ക് മേല്‍ ചാര്‍ത്തിയ അതേ കുറ്റങ്ങളാണ് പിന്നീട് ബെനസിറിനു മുകളില്‍ ചാര്‍ത്തിയിരുന്നത്.

1977 ല്‍ വിമത പാര്‍ട്ടിക്കാരനായ അഹമ്മദ് റാസാ കസൂരിയുടെ അച്ഛനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ പാകിസ്ഥാന്‍ ഭരണകൂടം ഭൂട്ടോയെ തൂക്കിക്കൊല്ലുകയായിരുന്നു.


1980 ല്‍ ബെനസിര്‍ ഭൂട്ടോയുടെ സഹോദരന്‍ ഷാനവാസ് ഫ്രാന്‍സില്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 1996 ല്‍ മറ്റൊരു സഹോദരനായ മിര്‍ മുര്‍ത്താസയുടെ മരണം ആണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ബെനസിറിനെ പുറത്താക്കാന്‍ കാരണമായ ഒരു സംഭവം.

പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ബെനസിറിന് നാട്ടിലെത്തിയ ഉടന്‍ വീട്ട് തടങ്കലില്‍ കഴിയേണ്ടിവന്നു. ഭൂട്ടോ മരിച്ചതിനു ശേഷം ലണ്ടനിലേക്ക് താമസം മാറ്റിയ ബെനസിര്‍ അവിടെയിരുന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അദ്ധ്യക്ഷയായി. എന്നാല്‍ ജനറല്‍ മുഹമ്മദ് സിയാ ഉള്‍ ഹഖിന്‍റെ അപകട മരണം നടക്കുന്നതു വരെ ബെനസിറിന് പാകിസ്ഥാനില്‍ കാര്യമായൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല.

അമ്മയില്‍ നിന്നും പാര്‍ട്ടിയുടെ നേതൃസ്ഥാനം അവര്‍ ഏറ്റെടുക്കുകയും 1988 നവംബര്‍ 16 ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു. 35 ചെറുപ്പക്കാരെ ഉള്‍പ്പെടുത്തിയ ബെനസിര്‍ മന്ത്രിസഭ അക്കാലത്തൊരു പുതുമയായിരുന്നു.

മുസ്ലീം ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ആദ്യമായൊരു വനിതാ പ്രധാനമന്ത്രി ഉണ്ടാവുന്നതും അപ്പോഴായിരുന്നു. അന്ന് ലോകത്തെ സൌന്ദര്യമുള്ള 50 വ്യക്തികളുടെ കൂട്ടത്തില്‍ പ്യൂപ്പിള്‍സ് മാഗസീന്‍ ബെനസിറിനെ ഉള്‍പ്പെടുത്തിയിരുന്നു.

1990 ല്‍ സിയാ പക്ഷക്കാരനായ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായി. പ്രധാനമായും പഞ്ചാബിലെ ഭൂപ്രഭുക്കന്‍‌മാരില്‍ നിന്നായിരുന്നു ഭൂപരിഷ്കരണത്തിന്‍റെ പേരില്‍ ബെനസിറിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്. വീണ്ടുമൊരു ജനാധിപത്യത്തിന്‍റെ പുലരി സ്വപ്നം കണ്ട് ജന്‍‌മനാട്ടിലെത്തിയ ബെനസിറിന് അവിചാരിതമായ തിരിച്ചടിയാണ് വിധി നല്‍കിയത്.