ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) എന്നിവയിലെ പാഠ്യക്രമം ആഗോള നിലവാരത്തിനനുസരിച്ച് പരിഷ്കരിക്കേണ്ടതുണ്ടെന്ന് പുതുതായി ചുമതലയേറ്റ മാനവശേഷി വികസന വകുപ്പ് മന്ത്രി കബില്‍ സിബല്‍ പറഞ്ഞു. എം എച്ച് ആര്‍ ഡിയുടെ ചുമതലയേറ്റശേഷം ന്യൂഡല്‍ഹിയില്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക മേഖലയിലെ വളര്‍ച്ചയും അതിയന്ത്രവല്‍ക്കരണവും സാമ്പത്തിക മേഖലയില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്നും അതിനാല്‍ ബിരുദ ധാരികള്‍ക്ക് എളുപ്പത്തില്‍ ജോലി കണ്ടെത്താനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്നും കബില്‍ സിബല്‍ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍, സര്‍വകലാശാല പാഠ്യക്രമം അടിയന്തിരമായി പരിഷ്കരിക്കണം. തന്‍റെ കാഴ്ചപ്പാടുകളോട് ഏതാനും ഐഐഎമ്മുകള്‍ അനുകാലമായി പ്രതികരിച്ചതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കാനാവാത്ത ബില്ലുകളുമായി മന്ത്രാലയം മുന്നോട്ട് പോകും. വിദേശ വിദ്യാഭ്യാസ ബില്‍, വിദ്യാഭ്യാസ അവകാശ ബില്‍ എന്നിവയാണവയില്‍ പ്രധാനപ്പെട്ടത്. വിദേശ വിദ്യാഭ്യാസ ബില്‍ പാസാക്കാനാവുകയാണെങ്കില്‍ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ കാമ്പസുകള്‍ തുടങ്ങാന്‍ കഴിയും. നിലവില്‍ വിദേശ സര്‍വകാലാശാലകള്‍ക്ക് ഇന്ത്യയില്‍ ബിരുദ കോഴ്സുകള്‍ നടത്താന്‍ മാനവശേഷി മന്ത്രാലയത്തിന്‍റെ നിരോധനമുണ്ട്.