മദിരാശി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വെള്ളി, 7 ഡിസം‌ബര്‍ 2012 (18:57 IST)
PRO
ദീര്‍ഘമായ ആശുപത്രിവാസത്തിന് വിടപറഞ്ഞ് ഇന്നലെ എത്തിയതേയുള്ളൂ. വീട്ടില്‍ വിശ്രമിക്കണം എന്നാണ് ഡോക്ടര്‍ പറഞ്ഞേല്‍പ്പിച്ചിരിക്കുന്നത്. രാവിലെ ഒരു ചായ കഴിച്ച് പത്രം നോക്കിയപ്പോള്‍ ഒരു ജയറാം ചിത്രത്തിന്‍റെ പരസ്യം. സംവിധായകന്‍റെ പേര് ഷാജി കൈലാസ്. അതുകൊള്ളാമല്ലോ, ഷാജി കോമഡി ട്രാക്കില്‍!

നേരെ ജോസഫിനെ വിളിച്ചു. കക്ഷി എന്‍റെ അസുഖ വിവരം ചോദിക്കുകയാണ്. അതൊക്കെ പിന്നെ, എനിക്കൊരു സിനിമ കാണിച്ചു തരണം, ജോസഫ് കൂടെ വരണം എന്ന് വാശിപിടിച്ചു. കുറേ ഒഴികഴിവൊക്കെ പറഞ്ഞെങ്കിലും ഒടുവില്‍ ലീവും എഴുതിക്കൊടുത്ത് പുള്ളി കാറുമായി വന്നു.

‘മദിരാശി’ നല്ല പേരാണ്. ഞാന്‍ അറിയുന്ന മദിരാശി ചെന്നൈ ആണ്. എന്നാല്‍ ഈ സിനിമയിലെ മദിരാശി മറ്റൊരു സ്ഥലമാണത്രെ. സ്ഥലം തമിഴ്നാട്ടില്‍ തന്നെ. എന്തായാലും തിയേറ്ററിലെത്തിയപ്പോള്‍ വലിയ തിരക്കൊന്നുമില്ല. ഷാജിയുടെ ആക്ഷന്‍ സിനിമകള്‍ക്ക് പോലും ഇപ്പോള്‍ ആദ്യ ദിവസം വലിയ തിരക്കില്ലല്ലോ. തുടര്‍ച്ചയായി പരാജയം സൃഷ്ടിച്ചുകൊണ്ടിരിക്കുകയല്ലേ.

സിനിമ തുടങ്ങി. നല്ല പച്ചപ്പൊക്കെയുണ്ട്. കാണാന്‍ ഭംഗിയുള്ള വിഷ്വല്‍‌സ്. ടൈറ്റില്‍ കണ്ടപ്പോഴാണ് - രാജേഷ് ജയരാമനാണ് തിരക്കഥ. ഷാജി കൈലാസ് തന്നെ രാജേഷ് ജയരാമന്‍റെ കുറച്ചു തിരക്കഥകള്‍ മുമ്പ് സിനിമയാക്കിയിട്ടുള്ളതാണല്ലോ. അവയൊന്നും പച്ചതൊട്ടില്ല. എന്തായാലും എന്താണ് ഈ സിനിമയുടെ അവസ്ഥയെന്ന് നോക്കാം.

അടുത്ത പേജില്‍ - ഷാജി കൈലാസ് പാഠം പഠിച്ചില്ല

PRO
ആ‍ക്ഷന്‍ വിട്ട് കോമഡി പിടിച്ചിട്ടും ഷാജി കൈലാസ് പാഠം പഠിച്ചില്ല എന്നാണ് മദിരാശി കാണുമ്പോള്‍ തോന്നുന്നത്. താന്‍ കോമഡിയിലേക്ക് മാറി എന്ന് ഏവരെയും ബോധ്യപ്പെടുത്തുമെന്ന മട്ടില്‍ ബലം പിടിച്ചുള്ള ആഖ്യാനമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കോമഡിക്കുവേണ്ടി കോമഡി സൃഷ്ടിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് ട്രാജഡിയായി. ഞാന്‍ കുറച്ചുനാളുകളായി സിനിമ കണ്ടിട്ട്. എങ്കിലും, സമീപകാലത്ത് ഞാന്‍ കണ്ട ഏറ്റവും നിലവാരം കുറഞ്ഞ സിനിമയാണ് മദിരാശി.

സിനിമയ്ക്ക് കഥ വേണോ വേണ്ടയോ എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. വലിയ കഥകളൊന്നുമില്ലാത്ത ഇറാന്‍ സിനിമകള്‍ ഗംഭീര കാഴ്ചാനുഭവമാകുന്നത് നാം കണ്ടിട്ടുണ്ട്. അത് എന്തായാലും, മദിരാശിക്കും കഥയെന്നുപറയുന്ന സംഭവം ഇല്ല എന്ന് പറയട്ടെ. ഉള്‍ക്കാമ്പുള്ള ഒരു ത്രെഡുമില്ല. പകരം നായകന്‍റെയും ശിങ്കിടിയുടെയും കോമാളിക്കളികള്‍ക്ക് സ്പേസ് സൃഷ്ടിക്കുക എന്നത് മാത്രമായി സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും ജോലി. ടിന്‍റുമോന്‍ ജോക്സ് കേള്‍ക്കുന്നത് ഇതിലും നല്ല എന്‍റര്‍ടെയ്ന്‍‌മെന്‍റാണ് എന്നാണ് എന്‍റെ അഭിപ്രായം.

ചന്ദ്രന്‍ പിള്ള എന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഭാര്യ നേരത്തേ മരിച്ചുപോയതാണ്. ഒരു മകനുണ്ട്. അവന്‍ സൈക്ലിംഗ് താരമാണ്. മകന് സൈക്കിള്‍ വാങ്ങാനായി കോയമ്പത്തൂരിനടുത്തുള്ള മദിരാശിയിലേക്ക് പോകുകയാണ് ചന്ദ്രന്‍ പിള്ളയും സുഹൃത്തും(ടിനി ടോം). അവിടെ ചന്ദ്രന്‍ പിള്ളയെ കാത്തിരുന്നത് പുതിയ ചില പ്രശനങ്ങളായിരുന്നു.

അടുത്ത പേജില്‍ - ആകെ ആശ്വാസം ടിനി ടോം മാത്രം

PRO
ചില കഥകളുടെ പശ്ചാത്തലങ്ങള്‍ കുറ്റിയില്‍ കെട്ടിനിര്‍ത്തിയ പശുവിനെപ്പോലെയാണ്. അവ ഒരേ രീതിയില്‍ കറങ്ങിക്കൊണ്ടിരിക്കും. ഭാര്യ നഷ്ടപ്പെട്ട ശേഷം മകനുവേണ്ടി ജീവിക്കുന്ന അച്ഛനെ ജയറാം തന്നെ കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ നായകനെ പ്രണയിക്കാന്‍ കാവ്യാമാധവന്‍ ഉണ്ടായിരുന്നു. മദിരാശിയിലും കഥ വ്യത്യസ്തമല്ല. ഇവിടെ കാവ്യാമാധവന് പകരം മീരാ നന്ദനാണ് ജയറാമിനെ പ്രണയിക്കുന്നതെന്നുമാത്രം.

ഈ കഥാപശ്ചാത്തലം മുമ്പ് സിനിമകളില്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണെന്ന് തിരിച്ചറിയാന്‍ സംവിധായകനോ അത്തരം സിനിമകള്‍ ധാരാളം ചെയ്തിട്ടുള്ള നായകനോ കഴിയുന്നില്ല എന്നതാണ് മദിരാശിയുടെ ഏറ്റവും വലിയ പരാജയം. നല്ല കഥയില്ല. മനസില്‍ സ്പര്‍ശിക്കുന്ന ഒരു രംഗമില്ല. എന്തിന്, എല്ലാം മറന്നൊന്ന് ചിരിക്കാന്‍ സഹായിക്കുന്ന ഒരു കോമഡിരംഗം പോലുമില്ല. ആകെ ഒരാശ്വാസം ടിനി ടോമിന്‍റെ ചില നമ്പരുകള്‍ മാത്രം.

മദിരാശിയിലെ തേവാരം വില്ലനും കലാഭവന്‍ മണിയും മണിയുടെ മകനായി വരുന്ന ചെക്കനും എല്ലാം ചേര്‍ന്ന് കാര്യങ്ങള്‍ കൊഴുപ്പിച്ചപ്പോള്‍ കഥ അതിന്‍റെ പാട്ടിനുപോയി. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ട ചേരുവകള്‍ കോമഡിയാക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് ജോണറിലും പെടാതെ പോയ ചിത്രമായി മദിരാശി.

അടുത്ത പേജില്‍ - ചില ബോറടിക്കാര്യങ്ങള്‍!

PRO
ജയറാമിന് തന്‍റെ കരിയറില്‍ എന്തെങ്കിലും പ്രയോജനം ചെയ്യുന്ന ചിത്രമാണ് മദിരാശി എന്ന് തോന്നുന്നില്ല. ജയറാം തന്നെ പത്തിലേറെ സിനിമകളില്‍ ഇതേ മാനറിസമുള്ള നായകന്‍‌മാരെ അവതരിപ്പിച്ചിട്ടുണ്ട്. കോമഡി രംഗങ്ങളൊന്നും ഏശിയില്ല.

ടിനി ടോമിന്‍റെ കുറച്ച് നല്ല തമാശകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ഓളത്തിനിടയില്‍ അതും മുങ്ങിപ്പോയി. ഏറ്റവും സഹിക്കാന്‍ കഴിയാത്ത പ്രകടനം ഭീമന്‍ രഘുവിന്‍റെ കഥാപാത്രത്തില്‍ നിന്നാണ് ഉണ്ടായത്. കലാഭവന്‍ മണിക്ക് അധികം രംഗങ്ങളൊന്നും നല്‍കിയിട്ടില്ല. വില്ലന്‍‌മാരൊക്കെ ബോറടിയുടെ ആക്കം കൂട്ടി.

നായകനെ പ്രേമിക്കാന്‍ തക്കം പാര്‍ത്ത് നടക്കുന്ന മീരാ നന്ദന്‍ കുഴപ്പമില്ല. നായകനെ എങ്ങനെ ചുംബിക്കാം എന്നതില്‍ ഗവേഷണം നടത്തുകയാണ് ആ കഥാപാത്രം എന്ന് തോന്നുന്നു. മേഘ്നയുടെ കഥാപാത്രവും വ്യക്തിത്വമില്ലാത്തതാണ്.

അടുത്ത പേജില്‍ - ആക്ഷന്‍ സിനിമകളില്‍ നിന്ന് മാറിയാല്‍ അത് മാറ്റമാവില്ല!

PRO
ആക്ഷന്‍ സിനിമകളൊട് വിട പറഞ്ഞെങ്കിലും ആ ഹാങ്‌ഓവര്‍ നില്‍ക്കുന്നതുകൊണ്ടാവാം പല ഷോട്ടുകളും ഷാജി കൈലാസിന്‍റെ പഴയ സിനിമകളോട് ചേര്‍ന്ന് നില്‍ക്കുന്നു. ഈ സിനിമയുടെ കഥ (അങ്ങനെയൊന്നുണ്ടെങ്കില്‍!) ഷാജി ആക്ഷന്‍ സിനിമയായി തന്നെ ഒരുക്കിയിരുന്നെങ്കില്‍ ഇതിലും ഭേദപ്പെട്ട ഒരു സിനിമയുണ്ടാകുമായിരുന്നു.

പരാജയങ്ങള്‍ തുടര്‍ക്കഥയാകാതിരിക്കാന്‍ ആക്ഷന്‍ സിനിമകള്‍ വേണ്ടെന്നുവയ്ക്കുകയല്ല ഷാജി ചെയ്യേണ്ടിയിരുന്നത്. തന്‍റെ തോല്‍‌വിയടഞ്ഞ സിനിമകളുടെ തിരക്കഥകള്‍ ഒരു പഠനത്തിന് വിധേയമാക്കിയാല്‍ മതി. പരാജയപ്പെട്ട സിനിമകള്‍ പരാജയപ്പെടേണ്ടവ തന്നെ ആയിരുന്നില്ലേ? ഒരു ആത്മപരിശോധനയ്ക്ക് ഷാജി തയ്യാറായാല്‍ മലയാള സിനിമയ്ക്ക് ഈ പ്രതിഭാധനനായ സംവിധായകന്‍ ഇനിയും നല്ല സിനിമകള്‍ സമ്മാനിക്കും.

രാജേഷ് ജയരാമന്‍ പാഠങ്ങളൊന്നും പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് മദിരാശിയുടെ തിരക്കഥ. വളരെ ദുര്‍ബലമായ രംഗങ്ങളാണ് രാജേഷ് സൃഷ്ടിച്ചിരിക്കുന്നത്.

സിനിമ കണ്ടിട്ട് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഒരു ലോക്കല്‍ ചാനലില്‍ ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍’. എന്തൊരാശ്വാസം. ആ സിനിമ കണ്ട് മദിരാശിയുടെ ക്ഷീണം തീര്‍ത്തു.

വെബ്ദുനിയ വായിക്കുക