മഴയില്‍ വയനാട്ടിലേക്കൊരു യാത്ര

വെള്ളി, 1 ഒക്‌ടോബര്‍ 2010 (16:41 IST)
PRO
മഴക്കാലത്ത് ആര് പോകും വയനാട്ടിലേക്ക് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവര്‍ക്കുള്ള ഉത്തരം ആണ് കോഗ്നിസന്റ് ടെക്‌നോളജി സൊലൂഷന്‍സ് കോയമ്പത്തൂരിലെ മുപ്പത്തിയഞ്ച് സോഫ്റ്റ്‌വെയര്‍ യുവാക്കള്‍ എന്നത്. ആര്‍ക്കും അരവട്ട് ആയി തോന്നാവുന്ന ഈ വയനാട് ടൂര്‍ കുറെ വല്യ കഥകളുടെ ഒറ്റ വാക്ക് ആണ്. ആ കഥ തുടങ്ങുന്നത് ഒരു വാടക വീട്ടില്‍ നിന്നും ആണ്. അര്‍ദ്ധരാത്രി ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ നടന്ന ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ ബാക്കിയായ ഒരു അടയാളം പോലെ 'സീസര്‍' എന്ന വിഷം കുപ്പി നിറഞ്ഞു ഇരിക്കുന്നു. ഹരം അകത്തു ചെന്നത് അതിലും വലിയൊരു ഹരം പുറത്തു വിടാന്‍ വേണ്ടിയായിരുന്നു. മദ്യം കഴിക്കാത്ത എനിക്ക് പോലും ആ ഹരം ഉള്‍ക്കൊള്ളാന്‍ അധികം സമയം വേണ്ടിയിരുന്നില്ല. ആ വട്ട മേശ സമ്മേളനം അവസാനിപ്പിച്ചത് 'വയനാട്' എന്ന വാക്കില്‍ ആയിരുന്നു.

പൊട്ടി വീണ പ്രഭാതത്തിന്റെ സൌന്ദര്യം ആസ്വദിക്കാതെ ആയിരുന്നു അടുത്ത ദിവസം ഓഫീസിലേക്ക് ബൈക്ക് ഓടിച്ചത്. മനസ്സില്‍ മുഴുവന്‍ കമ്പനിയിലെ മുഴുവന്‍ മലയാളി ആണ്‍ സുഹൃത്തുക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യാത്രയുടെ ആശയം രൂപപ്പെടുകയായിരുന്നു. വന്നു കയറിയയുടനെ ഒരു മെയിലിനെ മലയാളം സംസാരിപ്പിച്ചു അയച്ചു. ആദ്യ മെയിലിന്റെ ആത്മാവ്‌ നശിച്ചു പോകാതിരിക്കാന്‍ വേണ്ടി താഴെ കൊടുത്തിരിക്കുന്നു.

“പ്രിയപെട്ടവരെ, ഒരു നിമിഷം, പ്രോഗ്രാമുകള് കാര്ന്നു തിന്നുന്ന തലച്ചോറിനു രണ്ടു ദിവസം അവധി കൊടുക്കാന് നിങ്ങള് ഒരുക്കം ആണോ? പച്ച പരവതാനി വിരിച്ച മലയിടുക്കുകളില് ഇരുന്നു കള്ള് കുടിക്കാന് ആഗ്രഹം ഇല്ലേ? പള്ളും പറഞ്ഞ് പാട്ടും പാടി ഒരു ദൂര യാത്ര പോകുന്നതിനെ പറ്റി എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം?”

ഇത് കണ്ടു എന്നെ കളിയാക്കി ചിരിച്ചവര്‍ ഉണ്ടാകാം. എന്നാലും അങ്ങനെയുള്ള കളിയാക്കലില്‍ ഒന്നും തളരരുത്‌ എന്ന് ജീവിതം ഇതിനകം തന്നെ പഠിപ്പിച്ചിരുന്നു. വളരെ പതുക്കെ ആയിരുന്നു ആ മെയിലിനോട് ഉള്ള പ്രതികരണം. പക്ഷെ പ്രതീക്ഷിക്കാത്ത കുറെ പേര്‍ 'പോകാം' എന്ന് പറഞ്ഞു മുന്നോട്ട് വന്നപ്പോള്‍ എനിക്ക് ഉറപ്പായി , ഇത് നടക്കും എന്ന്. പക്ഷെ അന്നേരവും സംശയത്തിന്‍റെ നിഴലുകള്‍ കൂടുകാരുടെ രൂപത്തില്‍ എന്‍റെ മേല്‍ വീണുകൊണ്ടിരുന്നു. ഒന്നാമത്തെ കാര്യം മഴ. ഒഴിവു സമയത്തിന്‍റെ കൂട്ട് കുറെ ഉണ്ടായിരുന്നത് കാരണം ടൂര്‍ എന്ന ആശയം ഒരു വെബ്‌സൈറ്റിലേക്ക് ചേക്കേറി. താല്പര്യം ഉള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയാന്‍ ഉള്ള അവസരവും, വായില്‍ തോന്നിയത് ഒക്കെ എഴുതി വെക്കാന്‍ ഉള്ള സ്ഥലവും, സ്ഥലങ്ങളുടെ ഒരു സംക്ഷിപ്ത രൂപവും അതില്‍ ഉള്‍പ്പെടുത്തി. എന്ത് സംശയത്തിനും വിളിച്ചു ചോദിക്കാന്‍ മൂന്ന് ഫോണ്‍ നമ്പരും നല്‍കി. അതില്‍ രണ്ടു പേര്‍ പാതി വഴിയില്‍ മുങ്ങാന്‍ ഉള്ള ഒരു സാഹസത്തിനു മുതിര്‍ന്നു. അത് പുറകെ പറയാം.

സൈറ്റ് ഉണ്ടായിരുന്നത് കാരണം ടൂര്‍ കമ്പനിയിലെ മുഖ്യ സംസാര വിഷയം ആയി മാറി. മൊത്തം അന്‍പത്തി ഒന്ന് പേര്‍ അതില്‍ രജിസ്റ്റര്‍ ചെയ്തു. കുറെ കള്ള പേരുകളും ഉണ്ടായിരുന്നു. സീത, മരിയ, അങ്ങനെ ഒക്കെ. ആ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹിയെ ഇപ്പോഴും കിട്ടിയിട്ടില്ല. ഏകദേശം നാല് ദിവസം ബാക്കി നില്‍ക്കുമ്പോള്‍ ആണ് ചുങ്കം പിരിക്കാന്‍ ഇറങ്ങിയത്‌. അതോടെ ഓന്ത് തനി നിറം കാണിച്ചു തുടങ്ങി. മുന്നിട്ടു വന്ന പലരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും കല്യാണം കൂണ് പോലെ മുളച്ചു തുടങ്ങി. അന്‍പത് എന്ന അക്കം ഇരുപതിയെട്ടിലേക്ക് വരാന്‍ അധികം നിമിഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നില്ല. എങ്ങനെയും കൂടെ ഉള്ളവരെ വെച്ച് ഈ കല പരിപാടി നടത്തണം എന്ന് തീരുമാനിച്ചു ഞാനും സച്ചിനും ഗാന്ധിപുരത്ത് ബസ്‌ ബുക്ക്‌ ചെയ്യാന്‍ പോയി. മുപ്പത്തിയാറ് സീറ്റര്‍ ബസിനു ഇരുപത്തി ഒന്ന് അഞ്ഞൂറ് പറഞ്ഞപ്പോള്‍ കണ്ണും അടച്ചു സമ്മതിച്ചു. അറുനൂറ്റി അന്‍പത് കിലോമീറ്റര്‍ ദൂരത്തിനുള്ള പൈസ ആണ് ഇത്. അത് കഴിഞ്ഞു ഓടുന്ന ഓരോ കിലോമീറ്ററും മുപ്പത്തിയഞ്ച് വെള്ളിനാണയം കൊടുക്കാം എന്ന വ്യവസ്ഥയില്‍ രാത്രി പന്ത്രണ്ടു മണിയോട് അടുത്ത് അവിടുന്ന് പോയി.

പിറ്റേ ദിവസം കമ്പനിയില്‍ ചെന്നപ്പോള്‍ ഓഫീസ് ട്രാന്‍സ്പോര്‍ട്ടിലെ ചേട്ടന്മാര്‍ ഞങ്ങള്‍ നേരത്തെ പറഞ്ഞത് അനുസരിച്ച് മറ്റൊരു അന്‍പത്തിയഞ്ചു സീറ്റര്‍ ബുക്ക്‌ ചെയ്തു എന്ന വിവരം അധികം താല്പര്യം ഇല്ലാതെ അറിഞ്ഞു. എല്ലാരോടും അഭിപ്രായം ആരാഞ്ഞപ്പോള്‍ ഓഫീസ് അറേഞ്ച് ചെയ്ത വണ്ടിക്കു പോകാം എന്ന് പറഞ്ഞു. മുപ്പത്തിയാറ് സീറ്റര്‍ തമിഴന്‍ ചേട്ടന്‍ ബിസിനസ്‌ എന്ന വാക്കിന്റെ മുന്നില്‍ 'കച്ചട' എന്ന് കൂടി ചേര്‍ത്തപ്പോള്‍ അവരുമായിട്ടുള്ള സംഭാഷണത്തിന് തിരശീല വീണു. ശനിയാഴ്ച രാവിലെ നാല് മണിക്ക് യാത്ര തിരിക്കാം എന്ന തീരുമാനത്തില്‍ വെള്ളിയാഴ്‌ചത്തെ സൂര്യനോടൊപ്പം എല്ലാവരും വീടുകളില്‍ ചേക്കേറി.

അടുത്ത പേജില്‍ വായിക്കുക, “പുലര്‍ച്ചെ നാല് മണിക്കൊരു ബാര്‍”

ശനി, സമയം അതിരാവിലെ 3.00 AM

PRO
റൂമില്‍ തകൃതിയില്‍ വിഷത്തില്‍ വെള്ളം തളിക്കുന്നു. കുളിക്കുന്നവര്‍ ഒരു വശത്ത്. ടൂര്‍ ഒക്കെ അറേഞ്ച് ചെയ്തതല്ലേ ഒരു ഷോ കാണിക്കാം എന്ന രീതിയില്‍ ഒരു മുണ്ടും ഉടുത്തു ഞാനും കാഷ്യര്‍ സുഭാഷും ബസ്‌ കിടക്കുന്ന സി‌എം‌എസ് സ്കൂളിന്റെ അടുത്തേക്ക് പോയി. അവിടെ ചെന്നപ്പോള്‍ ഏകദേശം മുക്കാല്‍ ആള്‍ക്കാരും വന്നിരുന്നു. കൂവലിന്റെ അകമ്പടിയോടെ വലിയൊരു വരവേല്‍പ്പില്‍ അകപെട്ടപ്പോള്‍ 'സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ' എന്ന പാട്ട് പാടാന്‍ കഴിഞ്ഞില്ല. എല്ലാവരോടും കുശ്വാലനേഷണം നടത്തി വണ്ടി സ്റ്റാന്റ് വിട്ടപ്പോള്‍ നാല് മണി. പോകുന്ന വഴി ഗണപതി, ഗാന്ധിപുരം എന്ന സ്ഥലങ്ങളില്‍ നിന്നും കുറെ 'വെങ്കുമാര്‍' കയറാനും ഉണ്ടായിരുന്നു. ബസ്‌ നേരെ പോയത് റെയില്‍വേ സ്റ്റേഷനിലേക്ക് ആയിരുന്നു. ഇതേ സമയം ബസിന്റെ അകത്തു ചരിത്രത്തില്‍ ആദ്യമായി രാവിലെ നാല് മണിക്ക് തന്നെ ബാര്‍ തുറന്നിരുന്നു. എല്ലാവരും അവരവരുടെ കടമ ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു.

ഞങ്ങളുടെ ഈ മറക്കാനാവാത്ത ടൂറില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ വരാനുണ്ടായിരുന്നു. നാല് മണിക്ക് യാത്ര തിരിക്കണം എന്ന ഞങ്ങളുടെ ആഗ്രഹം ആ പഹയന്‍ ഒറ്റ അടിക്കു അകത്താക്കി. സമയം 5.30 AM. തീവണ്ടി ചൂളം വിളിച്ചു എത്തിയപ്പോള്‍ സമിത്ത് എന്ന വിദ്വാന്‍ അതിനോടൊപ്പം വന്നിറങ്ങി. പതുക്കെ തൂളുന്ന മഴയോടൊപ്പം ടൂര്‍ ബസ്‌ പായാന്‍ തുടങ്ങി. താളം പിടിക്കാന്‍ പാമ്പുകള്‍ അകത്തു മത്സരിച്ചു കൊണ്ടിരുന്നു. മണ്ണാര്‍ക്കാട് കഴിഞ്ഞപ്പോള്‍ വിശപ്പ്‌ ഭൂതം പുറത്തു ചാടി. കഴിക്കാനായി ഹോട്ടല്‍ കണ്ടു പിടിച്ചപ്പോള്‍ സമയം 8.30 AM അടുത്തിരുന്നു. അപ്പോഴാണ്‌ ഓര്‍ത്തത്‌ തലേ ദിവസത്തെ ടൂര്‍ പ്ലാന്‍ അനുസരിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ 10.00 AM നു എത്തണം എന്നും , അവിടെ നിന്നും കുറുവ ദ്വീപിലേക്ക് 10.30 AM നു യാത്ര തുടങ്ങണം എന്നുമായിരുന്നു. കൂടെ ഉള്ളത് ഒക്കെ 'പറ്റ്' ആയിരുന്നത്‌ കൊണ്ട് ആരും അതിനെ പറ്റി ഒന്നും ആലോചിച്ചിരുന്നില്ല.

സമയം: 11.15 PM

ചുരം കയറാന്‍ ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ കൂടി ഉണ്ട്. 'വിഷം' തീര്‍ന്നിട്ട് സമയം കുറെ ആയി. 'സാധനം' കിട്ടുന്ന സ്ഥലം ചോദിച്ചപ്പോള്‍ ചുരം കയറണം എന്ന് അറിഞ്ഞു. അപ്പോഴാണ്‌ എതിര്‍ വശത്തുള്ള ബോര്‍ഡ്‌ ശ്രദ്ധയില്‍ പെട്ടത്. 'തുഷാരഗിരി വെള്ളച്ചാട്ടം - കിലോമീറ്റര്‍: 7 KM'. അഭിപ്രായത്തിനു ആരും എതിര് നില്‍ക്കാതെ ആയപ്പോള്‍ ആ വലിയ ബസ്‌ ഇട വഴിയിലൂടെ പതുക്കെ തുഴഞ്ഞു. ഇടയ്ക്കു വഴി ചോദിച്ചപ്പോള്‍ ഇനിയും പത്തു കിലോമീറ്റര്‍ വേണം എന്ന് അറിഞ്ഞു. അതായതു മൊത്തം ഏകദേശം 14 KM. കേരള സര്‍ക്കാരിന്റെ ഈ തോന്നിയവാസത്തിനു ഞാന്‍ എന്തിനു തെറി കേള്‍ക്കണം എന്ന് കരുതി ബസിന്റെ അകത്തു ഉള്ള ഒരാളോടും ഞാന്‍ കിലോമീറ്റര്‍ കണക്കു പറഞ്ഞില്ല. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തുഷാരഗിരിയില്‍ നിന്നും 1 KM അകലെ ബസ്‌ നിറുത്തി നടക്കാന്‍ ആരംഭിച്ചു. പണ്ടെന്നോ മനോരമയുടെ 'ഫാസ്റ്റ് ട്രാക്ക്' എന്ന മാസികയില്‍ മാത്രം കണ്ടു പരിചയമുള്ള ആ സ്ഥലത്തേക്ക് മഴ നനഞ്ഞു മഴയെ തെറി പറഞ്ഞു കൊണ്ട് നടന്നു. ഇതേ സമയം ആ റോഡിലൂടെ മനോരമ ന്യൂസ്‌ ചാനലിന്‍റെ ഒരു ഇന്നോവ പാഞ്ഞു പോയി. നിറയെ കോട്ടം പിടിച്ചും കൂടെ ഉള്ളവരെ കളിയാക്കിയും എല്ലാവരും അങ്ങനെ ഉല്ലസിച്ചു നടന്നപ്പോള്‍ ഒരു കിലോമീറ്റര്‍ വെറും ഒരടിയായി തോന്നി. വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഉള്ള കടയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. അതിന്‍റെ വില ഇങ്ങനെ.

കോഴി പ്ലേറ്റൊന്നിന് 300 രൂപാ
ഒരു ഊണിന് 20 രൂപാ

അടുത്ത പേജില്‍ വായിക്കുക, “ലഡു കണ്ട ഈച്ച പോലെ മനോരമയ്ക്ക് പിന്നാലെ”

സമയം ഉച്ച തിരിഞ്ഞ് : 12.00 PM

PRO
വെള്ള ചാട്ടത്തിനോട് അടുക്കുമ്പോഴേക്കും അതിന്‍റെ കോലം അറിയാന്‍ ഉള്ള ആകാംഷയായിരുന്നു എനിക്ക്.ഇത്രയും ദൂരം വന്നിട്ട് വല്ല ആന പെടുക്കുന്ന പോലത്തെ ആണേല്‍ കുത്ത് വാക്കുകള്‍ കൊണ്ട് ഞാന്‍ വ്രണപ്പെടും എന്ന് തീര്‍ച്ചയായിരുന്നു. അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. മലകള്‍ തട്ടിത്തെറുപ്പിക്കുന്ന വെള്ളത്തെ പുണരാന്‍ കൂടെ ഉള്ളവര്‍ നേരത്തെ തന്നെ അവിടെ എത്തിയിട്ടുണ്ടായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഒരു തോര്‍ത്തും ചുറ്റി വെള്ളത്തിലേക്ക്‌ ഒറ്റച്ചാട്ടം. അങ്ങനെ കരുതിയാല്‍ തെറ്റില്ല. പക്ഷെ കരുതണ്ട. എനിക്ക് നീന്തല്‍ അറിയാത്ത കൊണ്ട് വെള്ളച്ചാട്ടത്തിന്റെ ഒത്ത അടിയില്‍ പോയി അങ്ങനെ വിശാലമായി കിടന്നു. ആദ്യമേ വരാന്‍ മടിച്ചവര്‍ പിന്നീട് പതുക്കെ വരുന്ന മനോഹരമായ ഒരു കാഴ്ചയ്ക്കും അങ്ങനെ സാക്‍ഷ്യം വഹിച്ചു. ഏകദേശം രണ്ടു മണിക്കൂര്‍ അതില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആണ് ഒരു കാര്യം അറിഞ്ഞത്. മനോരമ ന്യൂസ്‌ തുഷാരഗിരിയെ പറ്റി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയത് ആണെന്ന്. ഉടനെ തന്നെ കുളിയൊക്കെ മതിയാക്കി ക്യാമറ ഉന്നം വെച്ച് നടന്നപ്പോള്‍ കുറെ ചേച്ചിമാരും കുട്ടികളും ഇവര്‍ പറയുന്നതിന് അനുസരിച്ച് പാലം ഇല്ലാത്ത അവസ്ഥ അഭിനയിച്ചു കാണിക്കുകയായിരുന്നു. ക്യാമറ ലെന്‍സിന്റെ ഉള്ളില്‍ കയറാന്‍ സ്റ്റൈല്‍ കാണിച്ചു ഞങ്ങളുടെ കൂടെ ഉള്ള കുറെ എണ്ണം ഈച്ച ലഡ്ഡു കണ്ട പോലെ വട്ടം ചുറ്റി പറക്കുണ്ടായിരുന്നു. അവസാനം ന്യൂസ്‌ വന്നപ്പോള്‍ അവരൊക്കെ ഉണ്ടായിരുന്നു.

സമയം ഉച്ച തിരിഞ്ഞ് : 2.00 PM

വിശപ്പ്‌ ഭൂതം പിന്നെയും വയറു ഭേദിച്ചപ്പോള്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ്‌ കഴിക്കാന്‍ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. അവിടെ ചെന്നപ്പോള്‍ വീണ്ടും ഒരു മണിക്കൂര്‍ എടുക്കും എന്ന് പറഞ്ഞു. ആദിവാസി കഞ്ഞി കണ്ട പോലെ, അവിടെ ഉണ്ടായിരുന്ന കപ്പക്കഷണങ്ങള്‍ ആരൊക്കെയോ എടുത്തു കഴിച്ചു സ്വയം വേദനിപ്പിക്കുന്നുണ്ടായിരുന്നു. ചിക്കനും ചോറും റെഡി ആയപ്പോള്‍ ഞങ്ങളില്‍ സീറ്റ്‌ കിട്ടാതെ നില്‍ക്കുന്ന കുറെ ആള്‍ക്കാര്‍ വിളമ്പല്‍ പ്രസ്ഥാനം ഏറ്റെടുത്തു. കഴിച്ചു ഇറങ്ങി ഡ്രൈവര്‍ക്കും കിളിക്കും പാര്‍സല്‍ വാങ്ങി രൂപ 2100 ബില്‍ കൊടുത്തു ഇറങ്ങിയപ്പോള്‍ സമയം നാലിന് അടുത്തായി.

സമയം വൈകുന്നേരം : 4.00 PM

ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാര്‍മേഘം ആകാശത്തെ മൂടിയിരുന്നു. വലിയൊരു മഴ അതിനാല്‍ ഞങ്ങളുടെ സുന്ദര കാഴ്ചകളെ മറച്ചു കളഞ്ഞു. എന്നാലും വന്യ ജീവി ഫോട്ടോഗ്രാഫര്‍ ആയ സമിത്ത് കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.ഓരോ ഫോട്ടോ എടുത്തിട്ട് പറയും, 'കൊള്ളാം നല്ല രസമുള്ള ഫോട്ടോ'. വയനാടന്‍ ചുരം ഇറങ്ങിയതും 'പൂക്കോട് തടാകം' എന്ന ഞങ്ങളുടെ അടുത്ത ലക്‍ഷ്യത്തില്‍ എത്തി ചേര്‍ന്നു.

സമയം വൈകുന്നേരം : 6.00 PM

വളരെ പ്രതീക്ഷകളോടെ പൂക്കോട് തടാകത്തിലേക്ക് നടക്കുന്ന വഴി ഒരു ചായക്കട കണ്ടു. സംശയിച്ച പോലെ തന്നെ സംഭവിച്ചു. മുന്നില്‍ പോയ എല്ലാ വാളുകളും അവിടെ ചായ മണത്തു ഇരിപ്പുണ്ടായിരുന്നു. കുറ്റിയടിക്കാന്‍ എവിടെ എങ്കിലും സ്ഥലം തേടുന്ന അവന്മാരെ അവഗണിച്ച് ഞങ്ങള്‍ കുറെ പേര് തടാകത്തില്‍ പ്രവേശിച്ചു. കുറെ ഹിന്ദിക്കാരി സുന്ദരികള്‍ അവിടെ പറന്നു നടക്കുണ്ടായിരുന്നു.സ്ഥലം കാണാന്‍ വന്നവന്മാരുടെ വായിലെ വെള്ളം വീണു തടാകത്തിലെ ജലനിരപ്പ്‌ ഉയര്‍ന്നു. അട്ട ശല്യം കാരണം അതിനെ ചുറ്റി പറ്റിയുള്ള വഴികളില്‍ നടക്കാന്‍ മുതിര്‍ന്നില്ല. കാഴ്ച ബംഗ്ലാവില്‍ കുരങ്ങന്‍‌മാര്‍ ഇരിക്കുന്ന പോലെ ചായപ്പാര്‍ട്ടികള്‍ ഗേറ്റ് ചാരി നില്‍പ്പുണ്ടായിരുന്നു. ചായ കുടിച്ചു വന്നപ്പോഴേക്കും പ്രവേശന സമയം സലാം പറഞ്ഞിരുന്നു. തിരിച്ചു എല്ലാവരും ഒരുമിച്ചു ബസ്‌ കാത്തു നില്‍ക്കുന്നിടത്തേക്ക് പാട്ടും പാടി യാത്ര ആരംഭിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ രാത്രിയിലേക്ക്‌ ഉള്ള മരുന്ന് വാങ്ങാന്‍ പോയി എന്ന് ആരോ പറഞ്ഞു അറിഞ്ഞു. എല്ലാവരും വട്ടം കറങ്ങി വന്നപ്പോള്‍ സമയം ഏകദേശം രാത്രി എട്ടു മണി ആയിരുന്നു.

അടുത്ത പേജില്‍ വായിക്കുക, “സച്ചിന്‍ എന്ന ദേശസ്നേഹിയുടെ പരാക്രമം”

രാത്രി : 8.00 PM

PRO
സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള ഒരു മണിക്കൂര്‍ യാത്ര ആയിരുന്നു ഈ ടൂറിന്റെ ഹൈ ലൈറ്റ്. മദ്യം എന്ന മാടപ്രാവ് എല്ലാരിലും ഉള്ള പ്രാവിനെ തൂത്തെറിഞ്ഞു മാടിന്റെ രൂപം പ്രാപിച്ചു തുടങ്ങി. ലോകത്ത് ഇന്നേ വരെ കാണാത്ത സ്റ്റെപ്പ് ഒക്കെ വെച്ച് ഡാന്‍സ് എന്ന കലാരൂപത്തെ അധിക്ഷേപിക്കുകയായിരുന്നു ഓരോ ആശാന്‍മാരും. ചിരിച്ചു കുടല്‍ വെളിയില്‍ വന്ന അവസ്ഥ. ആര്‍ക്കും സീറ്റ്‌ ഒന്നും വേണ്ടാതെ നിലത്തുകിടന്നു ഇഴയുകയായിരുന്നു. ഈ സമയം ടൂറിനു വരാത്തവരെ തെറി പറയാന്‍ ഉള്ള അവസരം കൂടി ആയി പലരും വിനിയോഗിച്ചു. ടൂര്‍ ഇടപാടക്കിയ ഞാന്‍ ഒരു സമ്പൂര്‍ണ പരാജയമാണെന്നും എനിക്ക് നല്ല ഒരു ട്രെയിനിംഗ് വേണം എന്നുമൊക്കെ അവിടെ പലരും അലമുറയിട്ടു.

രാത്രി : 9.00 PM, സ്ഥലം : സുല്‍ത്താന്‍ ബത്തേരി

ഒരു ഹോട്ടല്‍ കണ്ടു പിടിച്ചു.എല്ലാവര്ക്കും ഇരിക്കാന്‍ ഉള്ള സ്ഥലത്തേക്കാള്‍ ഉപരിയായി ഒച്ച വെളിയില്‍ കേള്‍ക്കാത്ത ഒരു ഹോട്ടല്‍ ആണ് തിരഞ്ഞു പിടിച്ചത്. ബഹളം എന്ന് പറഞ്ഞാല്‍ തൃശൂര്‍ പൂരം തോറ്റുപോകും. ആരൊക്കെയോ കൂവുന്നു, കരയുന്നു, അത്തപ്പൂക്കള മത്സരം, കസേര കളി അങ്ങനെ വിവിധ ഇനം പരിപാടികളുടെ കൂട്ടത്തില്‍ ബിരിയാണിയുടെ ചൂട് മുഖം വെച്ച് പരീക്ഷിച്ച പാമ്പുകള്‍ വരെ സുലഭമായിരുന്നു. എല്ലാവരെയും അവിടെ നിന്നും ഇറക്കി വിടാന്‍ ഹോട്ടലുകാരും ഞങ്ങള്‍ കുറെ പേരും നിരന്തരമായി ശ്രമിച്ചു കൊണ്ടേ ഇരുന്നു.

രാത്രി : 10.00 PM, ഹോട്ടല്‍ : ഐസക് റീജന്‍സി

ഡോര്‍മിറ്ററി സൌകര്യമായിരുന്നു എര്‍പ്പെടുത്തിയത്. വന്ന പാടെ എല്ലാരും കിടക്കകളിലേക്ക് മറിഞ്ഞു. അതിനിടക്ക് ക്രിക്കറ്റ്‌ കളി കാണാന്‍ ആരോ ടിവി ഓണ്‍ ചെയ്തു. അതിന്‍റെ ഇടയില്‍ കേട്ട ഇന്ത്യയുടെ ദേശിയ ഗാനം സച്ചിന്‍ എന്ന ദേശസ്നേഹിയുടെ ഞരമ്പുകളെ ഉത്തേജിപ്പിച്ചു. തളര്‍ന്നു കിടന്ന അവന്‍ എണീറ്റ്‌ നിന്ന് സല്യൂട്ട് ചെയ്തു. നെറ്റിയില്‍ കൈ എത്താത്തത് കൊണ്ട് അതിനു ശ്രമിച്ചു മറിഞ്ഞു കട്ടിലിലേക്ക് വീണ അദ്ദേഹത്തിന്റെ പെര്‍ഫോര്‍മന്‍സ് ഇന്നും കമ്പനിയിലെ ചൂടുള്ള വാര്‍ത്ത‍ ആണ്. അങ്ങനെ 'ജന ഗണ മന'! അന്നേ ദിവസത്തെ കോപ്രായങ്ങള്‍ക്ക്‌ അന്ത്യം കുറിച്ചു.

ഞായര്‍, രാവിലെ : 8.00 AM

ഉറക്കച്ചുവടോടെ എല്ലാരും തെക്ക് വടക്ക് നടക്കുന്നു. ഇന്നലത്തെ ക്ഷീണക്കിളി ആരുടെ ദേഹത്ത് നിന്നും പറന്നു പോയിട്ടില്ല. എന്നാലും പറഞ്ഞ സമയത്ത് റെഡി ആകാന്‍ വേണ്ടി എല്ലാരും കിണഞ്ഞു ശ്രമിച്ചു എന്ന അഭിമാനകരമായ മറ്റൊരു വസ്തുത ഇവിടെ പങ്കു വെക്കുന്നു. മഴ എന്ന വില്ലന്‍ അതിനകം തന്നെ അവിടെ അവതരിച്ചിരുന്നു. തണുപ്പിന്റെ പുതപ്പിനുള്ളില്‍ നിന്ന് തന്നെ എല്ലാവരും കുളിച്ചു റെഡി ആയി എട്ടരയോടെ ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു. നല്ല സ്വാദിഷ്‌ടമായ പുട്ടും കടലയും ദോശയും ഒരു മയവും ഇല്ലാതെ എല്ലാരും അകത്താക്കി. ഒരു മണിക്കൂറിനുള്ളില്‍ എല്ലാവരും മുത്തങ്ങ വനത്തിലേക്ക് പോകാന്‍ റെഡിയായി വന്നു, ബസില്‍ കയറി. സുഭാഷ്‌ അറ്റന്‍‌ഡന്‍സ് ഷീറ്റ് എടുത്ത് എല്ലാവരും ഉണ്ടോ എന്ന് തീര്‍ച്ചപ്പെടുത്തിയതും ബസ്‌ പുറപ്പെട്ടു.

അടുത്ത പേജില്‍ വായിക്കുക, “ഫോറസ്റ്റ് ഗാര്‍ഡിന്റെ കണക്കുകള്‍”

രാവിലെ : 10.00 AM

PRO
തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ആയിരുന്നു യാത്ര. അധികം വണ്ടികള്‍ ഇല്ലാത്ത മൈസൂര്‍ NH. സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലത്ത് നിന്നും 12 KM യാത്ര ചെയ്‌താല്‍ മുത്തങ്ങ എത്താം. എത്തി. ഇറങ്ങി. ഫോറസ്റ്റ് ഗാര്‍ഡിനോട് ചോദിച്ചപ്പോള്‍ സന്ദര്‍ശന സമയം രാവിലെ 6 AM-10 AM ആണെന്ന് പറഞ്ഞു.തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ ആണ് ആ വല്യ ബസ്‌ അയാള്‍ കണ്ടത്. എണ്ണം ചോദിച്ചപ്പോള്‍ മുപ്പത്തിയഞ്ച് എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടി അവിടെ അയാള്‍ ആ സമയത്തില്‍ കൃത്രിമം കാണിച്ചു. എന്നിട്ട് ഒരു കണക്കു പറഞ്ഞു. അത് താഴെ കൊടുത്തിരിക്കുന്നു.

ഒരു തലയ്ക്ക് 10 രൂപ
ഒന്‍പതു പേര്‍ ഒരു ജീപ്പില്‍, അങ്ങനെ മൊത്തം നാല് ജീപ്പ്.
ഒരു ജീപ്പിന് 300 രൂപ
രണ്ടു ഗൈഡ് നാല് വണ്ടിക്കും വേണ്ടി
ഒരു ഗൈഡിന് 100 രൂപ
ക്യാമറ 25 രൂപ
പിന്നെ സര്‍ക്കാരിനു ടാക്സ്‌ 200 രൂപ

ഷഡ്ജം കീറാന്‍ ഇതില്‍ കൂടുതല്‍ ഒരു ബില്‍ ആവശ്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവരും ഇപ്പോള്‍ പുലി വരും, ആന കാടിറങ്ങി വരും എന്ന മട്ടില്‍ ഇരിക്കുകയാണ്. നാട്ടില്‍ കോഴിയെ കാണുന്ന പോലെ കുറെ മാനുകള്‍ അത് വഴി കറങ്ങി നടക്കുന്നുണ്ടായിരുന്നു. മൊത്തം 22 KM യാത്ര ഉണ്ട് എന്ന് ജീപ്പ് ഓടിച്ച ചേട്ടന്‍ മൊഴിഞ്ഞു. പോകുന്ന വഴിക്ക് ഫോട്ടോ എടുക്കാന്‍ വണ്ടി നിറുത്തണം എന്ന് അപേക്ഷിച്ചപ്പോള്‍ പറ്റില്ല എന്നായിരുന്നു ഉത്തരം. അപേക്ഷ ഭീഷണി ആയിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ ആയിരുന്നു വണ്ടി ചെളിയില്‍ താണത്. ജീപ്പ് തള്ളി ഞങ്ങള്‍ക്ക്‌ ആ യാത്രയില്‍ മൃഗങ്ങളെ കാണാന്‍ സാധിക്കാത്ത വിഷമം മാറി. രാവിലത്തെ യാത്ര തന്നെ പ്രതീഷിക്കാതെ ഉന്മേഷം കൊണ്ട് തന്നതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ മുത്തങ്ങയോടു വിട പറഞ്ഞത്. 'കന്തസാമി' വിക്രം പടത്തിലെ പാട്ടുകള്‍ ബസിന്റെ സ്പീക്കറിലൂടെ അപ്പോള്‍ ഉച്ചത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു വയനാടന്‍ സുഹൃത്ത്‌ വഴി അന്നേ ദിവസം കള്ള് സംഘടിപ്പിക്കാന്‍ ഉള്ള പ്ലാന്‍ ഇട്ടു. മുത്തങ്ങയില്‍ നിന്നും തിരിച്ചു വരുന്ന വഴി ഒരാള്‍ ഈ പറഞ്ഞ സാധനം കൊണ്ട് വെയിറ്റ് ചെയ്യുമെന്നു പറഞ്ഞെങ്കിലും ആട് കിടന്നിടത്ത് ഒരു പൂട പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ആഗ്രഹിച്ചത്‌ കിട്ടാതെയായപ്പോള്‍ പിടയുന്ന മനസുമായി ബസിനുള്ളില്‍ ഇരിക്കുന്ന ആളുകളുടെ മനം നിറക്കാന്‍ മല കയറാന്‍ തീരുമാനിച്ചു ബസ്‌ നേരെ ഇടക്കല്‍ മലയിലേക്ക് ഉള്ള വഴിയിലേക്കു മെയിന്‍ റോഡില്‍ നിന്നും വളച്ചു.

ഉച്ച തിരിഞ്ഞ് 1.00 PM

ഏകദേശം 10 KM യാത്ര ചെയ്‌താല്‍ ഈ പറഞ്ഞ സ്ഥലത്ത് എത്തും. വെയിലിന്റെ അകമ്പടിയോടെ ഹൈറേഞ്ചിനെ അനുസ്മരിപ്പിക്കുന്ന വഴികളിലൂടെ ഉള്ള യാത്ര. പെട്ടെന്ന് ആണ് ആരും ക്ഷണിക്കാതെ ഉള്ള മഴയുടെ വരവ്. അതോടെ എല്ലാം തീര്‍ന്നു കിട്ടി എന്ന് കരുതി. മഴയില്ലാത്ത സമയങ്ങളില്‍ തന്നെ മലയില്‍ വഴുക്കല്‍ ഉണ്ടാകും എന്ന് ബസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. എന്ത് കുന്തമേലും ആകട്ടെ എന്ന് കരുതി എല്ലാവരും നനഞ്ഞു കൊണ്ട് ലകഷ്യ സ്ഥാനത്തേക്ക്‌ വെച്ച് പിടിച്ചു. വഴിയില്‍ രണ്ടു ഹോട്ടല്‍. പ്രതീഷ തെറ്റിയില്ല. കൂടെ ഉള്ള രണ്ടു പേര്‍ ഫുഡ്‌ അടി തുടങ്ങി. അവിടെ ഉള്ള ഒരു ഹോട്ടലില്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടി ഫുഡിന്റെ അഡ്വാന്‍സ് കൊടുത്തു.

ഒരു ഊണ് 20 രൂപ
മീന്‍ വറുത്തത് 15 രൂപ

അടുത്ത പേജില്‍ വായിക്കുക, “വേട്ടയാട് വിളയാടും കണ്ട് കോവൈയിലേക്ക്”

PRO
നടന്നു കുറെ ജീപ്പ് കിടക്കുന്ന സ്ഥലത്ത് എത്തി ചേര്‍ന്ന്. മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. കൂടെ ഉള്ള രണ്ടു പേര്‍ നനയാതിരിക്കാന്‍ തൊപ്പി വാങ്ങിയതും മഴ പിന്‍വാങ്ങി. അവിടെ നിന്നും 1 KM ദൂരം പോയാല്‍ ഇടക്കല്‍ എന്ന സാഹസികതയെ പരാജയപ്പെടുത്താം. നടക്കാം, അല്ലെങ്കില്‍ ജീപ്പില്‍ പോകാം. ഞങ്ങള്‍ ജീപ്പ് തെരഞ്ഞെടുത്തു.

ഒരാള്‍ക്ക്‌ 12 രൂപ
ഒരു ജീപ്പില്‍ 10 ആളുകളെ കയറ്റും

മല കയറാന്‍ ആരംഭിച്ചു. കൂടെ ഉള്ളവര്‍ ഓരോരുത്തരായി പിന്‍വാങ്ങി തുടങ്ങി. ഏകദേശം മുക്കാല്‍ ഭാഗം എത്തിയപ്പോള്‍ വഴുക്കല്‍ എന്ന രോഗം പേടിയായി ബാധിച്ചു തുടങ്ങി. കൂടെ ഉണ്ടായിരുന്നു അഞ്ചു ആറു വീര പുരുഷന്മാര്‍ ആ മലയെ കീഴ്പെടുത്തുന്നത് കണ്ടു നിര്‍വികാരനായി താഴെ ഇരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. കഷ്ടപ്പെട്ട് കയറുമ്പോഴും ആ സന്തോഷത്തിന്റെ ഓര്‍മ്മകള്‍ ഒപ്പിയെടുക്കാന്‍ ബിക്കു എന്ന യുവാവ് ക്യാമറയുമായി എത്തിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. എല്ലാവരും തിരിച്ചു ഇറങ്ങിയപ്പോള്‍ മഞ്ഞു അവിടെ കൂട് കെട്ടി കഴിഞ്ഞിരുന്നു.വിനോദ സഞ്ചാരികളെ വല വീശി പിടിക്കാന്‍ പാകത്തിനുള്ള ദൃശ്യങ്ങള്‍ കണ്ണ് മുന്നില്‍ നിറഞ്ഞു തുളുമ്പി. മല ഇറങ്ങി താഴെ തിരിച്ചു ചെന്നപ്പോള്‍ ഒരു ജീപ്പ് വെയിറ്റ് ചെയ്തു നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ പത്തു പേര്‍ അതില്‍ കയറി ഹോട്ടല്‍ ഉള്ള സ്ഥലത്തേക്ക് പോയി. ബാക്കി ഉള്ള പത്തു പേര്‍ അടുത്ത ജീപ്പില്‍ വരാന്‍ വേണ്ടി അവിടെ തന്നെ വെയിറ്റ് ചെയ്തു നില്‍ക്കുന്നുണ്ടായിരുന്നു.

ആ ഹോട്ടലില്‍ നിന്നും നല്ല നാടന്‍ ഭക്ഷണത്തിന്റെ രുചി അനുഭവിച്ചു അറിഞ്ഞു. അര മണിക്കൂര്‍ എടുത്തു കഴിച്ചു ഇറങ്ങിയിട്ടും അഞ്ചു മിനിറ്റ് ഉള്ളില്‍ വരേണ്ട ബാക്കി പത്തു പേരെ കാണുന്നില്ല. തിരക്കി ഒരു കയറ്റം കയറിയപ്പോഴേക്കും അവരുടെ ജീപ്പ് എത്തി. കാര്യം തിരക്കിയപ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപയുടെ വിജീഷിന്റെ ചെരുപ്പ് അവന്‍റെ കൂട പിറപ്പായ മറവി കാരണം മറന്നു മലയിടുക്കില്‍ വെച്ചു. അത് എടുക്കാന്‍ വീണ്ടും മല കയറി എന്ന്. നോക്കണേ, കലി കാലം! എല്ലാവരും ഭക്ഷണം കഴിച്ചു തിരിച്ചു ബസില്‍ എത്തിയപ്പോള്‍ സമയം ആറിനോട് അടുത്തിരുന്നു. അപ്പോള്‍ ആണ് കൂടെ ഉണ്ടായിരുന്നു ബെന്‍സണ്‍ അവരുടെ ബാച്ച് ടൂര്‍ ഇടക്കല്‍ മല കയറിയ കാര്യം പറഞ്ഞത്. അതില്‍ ഇത്ര പറയാന്‍ എന്തിരിക്കുന്നു എന്ന് ആരെങ്കിലും ചോദിക്കുന്നതിനു മുന്‍പേ പെണ്‍കുട്ടികള്‍ മലയുടെ ഉച്ചിയില്‍ കൊടി നാട്ടിയ വിവരം പുറത്തു വിട്ടു. നാണക്കേടിന് ഇടക്കല്‍ മലയെക്കാളും ആഴം ഉണ്ടായിരുന്നു ഏകദേശം ഇരുപത്തിയെട്ട് പേര്‍ക്ക്. അവര്‍ കയറിയത് മഴ ഇല്ലാത്ത സമയത്ത് ആണെന്ന് മാത്രം. വില്ലനായ മഴ കൂട്ടുകാരന്‍ ആയി എത്തിയ ആ നശിച്ച സമയം!
PRO


വൈകുന്നേരം : 6.00 PM

തിരിച്ചു കോയമ്പത്തൂരിലേയ്‌ക്ക് പോകാനുള്ള മണി അടിച്ചു. കമല്‍‌ഹാസന്റെ 'വേട്ടയാട് വിളയാട്' എന്ന ചിത്രം വളരെ അഭിപ്രായങ്ങള്‍ക്ക്‌ ശേഷം ആ ചെറിയ സ്ക്രീനില്‍ പ്രദര്‍ശനം ആരംഭിച്ചു. ക്ഷീണം കാരണം കുറെ ആള്‍ക്കാര്‍ ഉറങ്ങി പോയി. ഞാന്‍ അപ്പോള്‍ ഡ്രൈവറുടെ സീറ്റിന്റെ അടുത്തിരുന്നു ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ യാത്രയുടെ ബാക്കി സൌന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു.ഇടയില്‍ എപ്പോഴോ ഒരു ഇളം കാറ്റ് എന്നെയും താരാട്ടു പാടി ഉറക്കി. കണ്ണ് തുറന്നപ്പോള്‍ കോയമ്പത്തൂര്‍ സിറ്റി എനിക്കായി വാതിലുകള്‍ തുറന്നിരുന്നു. തിരക്കുകള്‍ക്കിടയിലൂടെ യാത്ര അവസാനിക്കാറാകുമ്പോള്‍ വയനാട് ഒരു നനുത്ത മഴ പോലെ ഞങ്ങളില്‍ പെയ്‌തു നിറഞ്ഞിരുന്നു... ഇത്തിരി ബഹളമായി, മദ്യമായി, ഞങ്ങളുടെ കുസൃതിയായി, ഓര്‍മ്മത്താളിലെ ഒരു നല്ല ചിത്രമായി.....

വെബ്ദുനിയ വായിക്കുക