ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്: ആദ്യദിനം തിരക്കില്ല, പക്ഷേ പടം ഗംഭീരം!

വെള്ളി, 14 ജൂണ്‍ 2013 (19:06 IST)
PRO
അരുണ്‍കുമാര്‍ അരവിന്ദ് ഇത്തവണയും നിരാശപ്പെടുത്തിയില്ല. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ഒരു ഗംഭീര സിനിമ. ഒരു മനുഷ്യനെക്കുറിച്ച്, അവന്‍റെ സ്വഭാവം രൂപപ്പെടുന്നതിനെക്കുറിച്ച്, അവന്‍റെ ജീവിതത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ഒക്കെ പഠിച്ച് എഴുതിയ ഒരു തിരക്കഥയുടെ ഏറ്റവും മികച്ച എക്സിക്യൂഷനാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. മനുഷ്യരുടെ പ്രശ്നങ്ങളാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. മാനുഷികതയാണ് ഇതിന്‍റെ മുഖമുദ്ര.

‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആന്തം’ ആണ് ഈ സിനിമയുടെ ആത്മാവ് എന്നുപറയുന്നത്. അതുതന്നെയാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് ആകര്‍ഷിക്കുന്നതും. ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതം ആവേശമുണര്‍ത്തുന്നതാണ്. ‘അറബിക്കഥ’യ്ക്ക് ശേഷം പ്രേക്ഷകരെ ഇത്രയും ത്രസിപ്പിക്കുന്ന ഒരു പശ്ചാത്തല സംഗീതം ഉണ്ടാകുന്നത് ഇപ്പോഴാണ്.

അടുത്ത പേജില്‍ - ആദ്യ ദിനം തിയേറ്ററില്‍ തിരക്കില്ല!

PRO
ഒരു വലിയ എന്‍റര്‍ടെയ്നര്‍ ആഗ്രഹിക്കുന്നവരുടെ ആദ്യ ചോയ്സ് ആയിരിക്കില്ല ഒരിക്കലും ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’. അതുകൊണ്ടായിരിക്കാം സിനിമയുടെ റിലീസ് ദിനത്തില്‍ ‘LRL’ കളിക്കുന്ന തിയേറ്ററുകളില്‍ വലിയ തിരക്ക് കണ്ടില്ല.

എന്നാല്‍, ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രം മികച്ചതാണെന്ന അഭിപ്രായം വ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അത് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അടുത്ത പേജില്‍ - ഈ ചിത്രത്തില്‍ വി എസും പിണറായിയും ഉണ്ടോ?

PRO
രാഷ്ട്രീയ സിനിമകള്‍ എന്ന പേരില്‍ ഇറങ്ങുന്ന മിക്ക ചിത്രങ്ങളും സമകാലിക രാഷ്ട്രീയത്തിലെ പ്രമുഖരുടെ മിമിക്രി അവതരണത്തില്‍ ഒതുങ്ങുന്ന കാഴ്ചയാണ് പലപ്പോഴും കാണാറ്‌. എന്നാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അത്തരം ഒരു ചിത്രമല്ല.

എങ്കിലും വി എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ട് എന്ന് പറയാതെ വയ്യ. എസ് ആര്‍ എന്ന കഥാപാത്രത്തിന് വി എസിനോട് നല്ല സാദൃശ്യമുണ്ട്. പിണറായി വിജയനെപ്പോലെ കര്‍ക്കശക്കാരനായ പാര്‍ട്ടി നേതാവാണ് കൈതേരി സഹദേവന്‍ എന്ന കഥാപാത്രം. സഹദേവനെ അവതരിപ്പിച്ച ഹരീഷ് പെരടി മലയാള സിനിമയ്ക്ക് ഒരു ഭാവി വാഗ്ദാനമാണ്. അത്രയ്ക്ക് ഉജ്ജ്വല പ്രകടനമാണ് ആ നടന്‍ കാഴ്ച വച്ചത്.

അടുത്ത പേജില്‍ - ഇന്ദ്രജിത്ത് തകര്‍ത്തു, അദ്ദേഹത്തിന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനം!

PRO
ഇന്ദ്രജിത്ത് എന്ന നടന്‍റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാവുന്ന സിനിമയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. വട്ട് ജയന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ക്യാന്‍‌വാസിലുള്ള സിനിമകൂടിയാണ് ഇത്.

കുട്ടിക്കാലത്ത് ഒരാള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ അയാളുടെ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കും, ആ അനുഭവങ്ങള്‍ അയാളെ എങ്ങനെ സ്വാധീനിക്കും എന്ന് പറയുകയാണ് ‘LRL'. രമ്യാ നമ്പീശന്‍ അവതരിപ്പിക്കുന്ന ജെന്നിഫറും, ലെനയുടെ അനിതയും, അനുശ്രീയുടെ ദീപയും മികച്ച കഥാപാത്രങ്ങളാണ്.

അടുത്ത പേജില്‍ - ഇടതും വലതുമില്ലാത്ത, നേരുപറയുന്ന തിരക്കഥ!

PRO
മുരളി ഗോപി എഴുതിയ തിരക്കഥയാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയുടെ നട്ടെല്ല്. ഇടതും വലതും നോക്കാതെ ശക്തമായി സത്യം പറയുകയാണ് ചിത്രത്തിലൂടെ മുരളി ഗോപി ചെയ്തിരിക്കുന്നത്. ഈ തിരക്കഥയെ അതിഗംഭീരമായി ആവിഷ്കരിക്കാന്‍ അരുണ്‍കുമാര്‍ അരവിന്ദിന് കഴിഞ്ഞിട്ടുണ്ട്.

മുരളി ഗോപിയിലെ അഭിനേതാവിന് വലിയ ഗുണം ചെയ്യുന്ന കഥാപാത്രമൊന്നുമല്ല ഈ ചിത്രത്തിലെ ചെഗുവേര വേഷം. എന്നാല്‍ ആ കഥാപാത്രത്തെ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

സ്ലോ നറേഷനാണ് അരുണ്‍കുമാര്‍ അരവിന്ദ് സ്വീകരിച്ചിരിക്കുന്നത്. അത് ഈ സിനിമയ്ക്ക് കരുത്തായി മാറുകയാണ്. സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമയെന്ന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല.

വെബ്ദുനിയ വായിക്കുക