മാഡ് മാഡി മാജിക്! - കര്‍മ്മയോദ്ധാ നിരൂപണം

വ്യാഴം, 27 ഡിസം‌ബര്‍ 2012 (17:53 IST)
PRO
ക്രിസ്മസ് ചിത്രങ്ങളില്‍ മോശം ചിത്രമാണ് കര്‍മയോദ്ധാ എന്ന ചില വിമര്‍ശന മുറവിളികള്‍ കേട്ടാണ് കാശു പോയാലും പടം കണ്ടിട്ടെയുള്ളൂ എന്നു തീരുമാനിച്ചത്. മുന്‍പ് മേജര്‍ രവിയുടെ കാണ്ഡഹാര്‍ എന്ന സിനിമ കണ്ട് രണ്ടര മണിക്കൂര്‍ ഉറങ്ങിയ അനുഭവമുണ്ടായിട്ടും ചുമ്മാ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നു വിചാരിച്ച് ഓണ്‍ലൈനില്‍ കയറിയപ്പോള്‍ രണ്ടു ടിക്കറ്റ് ബാക്കി. കേരളത്തില്‍ പലയിടത്തും ഹോള്‍ഡ് ഓവറായ ചിത്രമെന്ന അപവാദംകേട്ട കര്‍മ്മയോദ്ധ ഹൌസ് ഫുള്‍ ആയത് എങ്ങനെയെന്ന ആകാംക്ഷയില്‍ ബാക്കിവന്ന ടിക്കറ്റുകളും സ്വന്തമാക്കി രണ്ടും കല്പിച്ച് പടം കാണാന്‍ ചെന്നൈയിലെ സംഗം തീയേറ്ററിലെത്തി.

പൊട്ട പടമെന്ന പേരുദോഷം പതിച്ചു കിട്ടിയതുകൊണ്ട് തികച്ചും ശൂന്യമായ മനസോടെയാണ് ഞാനും കുട്ടിയപ്പനെന്നു ഞങ്ങള്‍ സ്നേഹപൂര്‍വം വിളിക്കുന്ന സനുവും കര്‍മയോദ്ധാ കാണാന്‍ ഇരിപ്പുറപ്പിച്ചത്. പടം കാണാന്‍ എത്തിയവരില്‍ ഏറിയ പങ്കും കുടുംബത്തോടെ വന്നവര്‍. പടം തുടങ്ങി.

മുരുകന്‍ കാട്ടാക്കടയുടെ ‘കണ്ണട’ ടൈറ്റില്‍ സോംഗ്. കുറെക്കാലത്തിനു ശേഷം സിനിമയില്‍ അല്പം കവിത. മുംബൈ പൊലീസിലെ എന്‍‌കൌണ്ടര്‍ സ്പെഷലിസ്റ്റും ഡിസിപിയുമായ മാധവ മേനോന്‍ അഥവാ മാഡ് മാഡിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഭ്രാന്തമായ പെരുമാറ്റങ്ങളും പ്രവര്‍ത്തികളുമാണ് മാഡിയെന്ന ഓഫീസറെ മാഡ് മാഡിയാക്കുന്നത്.

അടുത്ത പേജില്‍ - പൂര്‍ണമായും മോഹന്‍ലാല്‍ സിനിമ!

PRO
അനീതിക്കെതിരെ പോരാടുമ്പോള്‍ മാഡി മേലുദ്യോഗസ്ഥരുടെ ആജ്ഞകള്‍ക്കു കാത്തു നില്‍ക്കാറില്ല. പ്രത്യേകിച്ചും പെണ്‍‌വാണിഭ സംഘങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍. സ്ത്രീപീഡനം നടത്തുന്നവരുടെ വൃഷ്ണഛേദനം ചെയ്യുകയാണ് ‌മാഡി സ്റ്റൈല്‍. അത് ഒരു ബുള്ളറ്റ് ഷോട്ടിലാവാം, കത്തി മുനയിലാവാം. കാലികപ്രസക്തിയുള്ള വിഷയമെന്ന നിലയില്‍ സിനിമയുടെ തീം ശ്രദ്ധേയമാണ്. ഏറെക്കാലത്തിനു ശേഷമെത്തുന്ന ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണ്.

ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് മാഡി കേരളത്തിലെത്തുന്നത്. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയെയും കാണാതാവുന്നു. രണ്ടു പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോയത് ഒരേ സംഘമാണെന്ന് മാഡി മനസിലാ‍ക്കുന്നു. ഇവര്‍ക്കെതിരെയുള്ള മാഡിയുടെ പോരാട്ടമാണ് കഥാതന്തു. മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന വിപത്തുകളും പെണ്‍കുട്ടികളെ ചൊല്ലിയുള്ള മുതിര്‍ന്നവരുടെ ആവലാതികളും ചിത്രം പങ്കുവയ്ക്കുന്നു.

ആ‍ദ്യവസാനം ഒരു ലാല്‍ ചിത്രമെന്ന് നിസംശയം പറയാം കര്‍മ്മയോദ്ധയെ. തികച്ചും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രമേയം, പ്രത്യേകിച്ചും ലാല്‍ ആരാധകരെ. അത്ര സ്റ്റൈലിഷായാണ് മോഹന്‍ലാലിനെ മേജര്‍ രവി അണിയിച്ചൊരുക്കിയിരിക്കുന്നത്. പിരിച്ചു വച്ച മീശയും താടിയും, കൈയില്‍ ഹവാന ചുരുട്ടും, ജാക്ക് ഡാനിയേലിന്റെ ലിക്വര്‍ ഫ്ലാസ്കും, മെര്‍സിഡസ് ബെന്‍സ് എം സ്റ്റാറുമായെത്തുന്ന നായകനെ ആരാധകര്‍ക്കു വേണ്ടി മാത്രം സൃഷ്ടിച്ചതാണ്. ഒപ്പം തന്നെ പ്രമേയം കാലിക പ്രസക്തിയുള്ളതുമാണ്. മാഡിയുടെ ‘ക്രൂരമാ‍യ’ പ്രതികരണങ്ങള്‍ക്കു തീയേറ്ററില്‍ കൈയടികള്‍ മുഴങ്ങുന്നത് മാറിപ്പോയ നമ്മുടെ സാമൂഹികാവസ്ഥയ്ക്ക് തെളിവാണ്. പെണ്‍കുട്ടികളെ വേട്ടയാടുന്നവരെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ശിക്ഷിക്കുക എന്ന ചോദ്യം ഉയര്‍ത്തിയാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിടുക.

അടുത്ത പേജില്‍ - കാണ്ഡഹാര്‍ കഴിഞ്ഞുള്ള ഹോം‌വര്‍ക്കിന്‍റെ ഗുണം!

PRO
ഓരോ ഫ്രെയിമിലും ലാലിനെ നിറച്ചിരിക്കുന്നു മേജര്‍ രവി. ഡയലോഗില്‍ പ്രത്യേക പഞ്ച് നല്‍കാനും ശ്രദ്ധിച്ചിട്ടുണ്ട്. ജെഫ്രി ജോനാഥന്റെ ബാക് ഗ്രൌണ്ട് സ്കോറും ഡോണ്‍ മാക്സിന്റെ എഡിറ്റിംഗും ചിത്രത്തെ ചടുലമാക്കുന്നു. എം ജി ശ്രീകുമാറാണ് സംഗീത സംവിധായകന്‍.

ഹിന്ദി ചലച്ചിത്ര താരം മുരളി ശര്‍മ്മയാണ് ഖൈസ് ഖന്നയെന്ന വില്ലനായെത്തുന്നത്. ഖൈസ് ഖന്നയുടെ പെണ്‍‌വാണിഭ സംഘത്തിന്റെ പ്രധാന കണ്ണിയായ ജെന്നിയാ‍യി സോന ഹെയ്ഡനും വേഷമിടുന്നു. മാഡിയുടെ ഭാര്യയായി ആശാ ശരതും അമ്മയായി സുകുമാരിയുമെത്തുന്നു. സായ്കുമാര്‍, മുകേഷ്, രാജീവ് പിള്ള, ബിനീഷ് കോടിയേരി എന്നിവരും ചിത്രത്തിലുണ്ട്.

അതിഭാവുകത്വമില്ലാതെ ഹീറോ ഓറിയന്റഡായിട്ടാണ് കര്‍മ്മയോദ്ധ ഒരുക്കിയിരിക്കുന്നത്. സംവിധാനത്തില്‍ തികഞ്ഞ കൈയടക്കമാണ് മേജര്‍ രവി പ്രകടിപ്പിച്ചിരിക്കുന്നത്. ചിത്രത്തെ വിരസമാക്കാ‍തെ പ്രേക്ഷകനു കണ്ടിരിക്കാന്‍ പാകത്തിലാക്കിയിരിക്കുന്നത് തീര്‍ച്ചയായും മികച്ച ഹോംവര്‍ക്കിന്റെ ഗുണമാണ്. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഓര്‍ത്തിരിക്കാനുള്ളത് ലാലിന്റെ അഭിനയം തന്നെ.

ഒരു പൊലീസ് ഓഫീസര്‍ക്കു മേലുദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ഒരാളെ കൊല്ലാനും മറ്റും കഴിയുമോ എന്ന് വിമര്‍ശനബുദ്ധിയോടെ കാണുന്നവര്‍ക്കു ചോദിക്കാം. അതുപോലെ ഒരു ഡിസിപിക്ക് എപ്പോഴും വെള്ളമടിച്ച് മെഴ്സിഡ്സ് ബെന്‍സില്‍ നടക്കാനാവുമോ എന്നും വിമര്‍ശിക്കാം. പക്ഷേ, ഇതൊരു ക്ലീന്‍ എന്‍റര്‍ടെയ്നറാണ്, അതിലപ്പുറം ഒരു ക്രൌഡ് പുള്ളറും. ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് തീയേറ്റര്‍ വിട്ടിറങ്ങി. ഇനി ബാവുട്ടിയെ ഒന്നു കാണണം!

വെബ്ദുനിയ വായിക്കുക