മാഡി തകര്‍പ്പന്‍, ബാവൂട്ടിയെ ഇഷ്ടപ്പെടും, തടിയനും സൂപ്പര്‍

വെള്ളി, 21 ഡിസം‌ബര്‍ 2012 (20:07 IST)
PRO
PRO
ഇത്തവണ ക്രിസ്മസിന് നേട്ടം കൊയ്യാന്‍ മോഹന്‍‌ലാലും മമ്മൂട്ടിയും പിന്നെ ഒരു തടിയനും തിയേറ്ററില്‍ എത്തി. ആഷിഖ് അബു സംവിധാനം ചെയ്ത ‘ഡാ തടിയ’ എന്ന ചിത്രം കാണാന്‍ ആദ്യം എത്തിയത് തടിയന്‍‌മാരാണ്. നൂറ് കിലോയില്‍ കൂടുതല്‍ തൂക്കമുള്ള തടിയന്‍‌മാര്‍ക്ക് ടിക്കറ്റ് ഫ്രീയായിരുന്നു. കോഴിക്കോട് എണ്‍പത് തടിയന്‍‌മാരാണ് വന്ന് സിനിമ കണ്ടത്. തെരഞ്ഞെടുത്ത പതിനാല് കേന്ദ്രങ്ങളിലായിരുന്നു തടിയന്‍‌മാര്‍ക്കുള്ള സൌജന്യ പ്രദര്‍ശനം. സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട തടിയന്‍‌മാര്‍ ചേര്‍ന്ന് കേരളാ ഫാറ്റ്മെന്‍ അസോസിയേഷന്‍ എന്ന ഒരു സംഘടനയും രൂപീകരിച്ചു.

ഡാ തടിയ കണ്ട തടിയന്‍‌മാര്‍ക്ക് മാത്രമല്ല, മെലിഞ്ഞവര്‍ക്കും സിനിമ ഇഷ്ടമായി. ആദ്യ ഹിറ്റ് ചിത്രമായ സാള്‍ട്ട് ആന്റ് പെപ്പര്‍ പോലെ വളരെ രസകരമായി തന്നെയാണ് ആഷിഖ് അബു ഡാ തടിയായും ഒരുക്കിയിരിക്കുന്നത്. തടിയന്‍‌മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ ഒരു പ്രണയകഥയും ഡാ തടിയനിലൂടെ ആഷിഖ് പറയുന്നുണ്ട്.

തടിയനായെത്തുന്ന ഡി ജെ ശേഖറിനെയും ആളുകള്‍ക്ക് ഇഷ്ടപ്പെടും. കൊച്ചിയിലെ രാഷ്ട്രീയ പശ്ചാത്തലവും ഡാ തടിയനില്‍ അവതരിപ്പിക്കുന്നുണ്ട്. ഡി ജെ ശേഖര്‍ അവതരിപ്പിക്കുന്ന ലൂക്ക് ജോണ്‍ പ്രകാശ് എന്ന ലൂക്ക് കൊച്ചിയിലെ പ്രശസ്തമായ കോണ്‍ഗ്രസ് തറവാട്ടില്‍ ആണ് പിറന്നത്. ലൂക്കിന്റെ വീട്ട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയാണ് സിനിമയില്‍ രാഷ്ട്രീയവും വിഷയമാകുന്നത്. ലൂക്കിന്റെ കാമുകി ആന്‍ മേരി താടിക്കാരനായി എത്തുന്നത് ആന്‍ അഗസ്റ്റിനാണ്.

അടുത്ത പേജില്‍ മാഡി തകര്‍പ്പനായെന്ന് പ്രേക്ഷകര്‍

PRO
PRO
2012ല്‍ തുടര്‍ച്ചയായി നാലാമത്തെ ഹിറ്റൊരുക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍ കര്‍മ്മയോദ്ധയിലൂടെ. ഏറെ കാലിക പ്രസക്തിയുള്ള ഒരു വിഷയം യാതൊരു ബോറടിയും ഇല്ലാതെ അവതരിപ്പിച്ചിരിക്കുകയാണ് മേജര്‍ രവി. ബോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ത്രില്ലര്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ലാലിന് വേണ്ടി മേജര്‍ രവി എഴുതിവച്ചിട്ടുള്ള സംഭാഷണങ്ങളും തകര്‍പ്പന്‍. എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയ മാഡ് മാഡി എന്ന മാധവ മേനോനെയാണ് മോഹന്‍‌ലാല്‍ അവതരിപ്പിക്കുന്നത്.

‘കുങ്കുമപ്പൂവ്’ എന്ന ജനപ്രിയ സീരിയലിലെ ജയന്തി ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശാ ശരത് ആണ് കര്‍മ്മയോദ്ധയില്‍ മോഹന്‍ലാലിന് നായിക. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തകര്‍ത്താടിയ രാജീവ് പിള്ള ഈ സിനിമയില്‍ വില്ലനായി എത്തുന്നു. പെണ്‍‌കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളാണ് ചിത്രം വിഷയമാക്കുന്നത്. എന്നല്‍ വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് മേജര്‍ രവി ഒരുക്കി വയ്ക്കുന്നത്.

കാണ്ഡഹാര്‍ എന്ന അറുബോറന്‍ ചിത്രം വരുത്തിവച്ച ചീത്തപ്പേര് മേജര്‍ രവിക്ക് കര്‍മ്മയോദ്ധയിലൂടെ മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. മോഹന്‍‌ലാലിന്റെ മാഡ് മാഡിയെ ജനങ്ങള്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

അടുത്ത പേജില്‍ ബാവൂട്ടിയെ ഇഷ്ടപ്പെടും തീര്‍ച്ച

PRO
PRO
ക്രിസ്മസ് റിലീസ് ആയി ഇറങ്ങിയ മമ്മൂട്ടി ചിത്രം ബാവൂട്ടിയുടെ നാമത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പതിനൊന്ന് പരാജയങ്ങള്‍ക്ക് അറുതിവരുത്താന്‍ ബാവൂട്ടിയിലൂടെ മമ്മൂട്ടിക്ക് സാധിക്കുമെന്ന് ഉറപ്പായി. ബാവൂട്ടിയുടെ ന‌ന്മ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

വളരെ രസകരമായിട്ടാണ് ചിത്രത്തിന്റെ ആദ്യപകുതി കടന്ന് പോകുന്നത്. മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ള മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി ബാവുട്ടിയെ നമുക്ക് കാണാം. കൂടെ അഭിനയിച്ച കാവ്യയും ശങ്കര്‍ രാമകൃഷ്ണനും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. സംവിധായകന്‍ ജി എസ് വിജയന്റെ തിരിച്ച് വരവ് ബാവൂട്ടിയിലൂടെ ഗംഭീരമാക്കി. രഞ്ജിത്തിന്റെ തിരക്കഥയും സൂപ്പര്‍.

എപ്പോഴും സന്തോഷത്തോടെ നടക്കുന്ന ആളാണ് ബാവൂട്ടി. അതിനാല്‍ത്തന്നെ ആയാള്‍ ഒരിക്കലും കരഞ്ഞിട്ടില്ല. എങ്കിലും ബാവൂട്ടിയുടെ ഒന്ന് രണ്ട് സംഭാഷണങ്ങള്‍ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കും. അത്ര തന്‍‌മയത്വത്തോടെയാണ് മമ്മൂട്ടി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സും മികച്ചതായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക