കുംകി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

തിങ്കള്‍, 17 ഡിസം‌ബര്‍ 2012 (15:20 IST)
PRO
കൊല്‍ക്കത്തയിലെ റീത്താമ്മയ്ക്ക് കടുത്ത ആസ്ത്‌മ. ഐ സി യുവിലായിരുന്നത്രേ. വിളിച്ചുപറഞ്ഞപ്പോള്‍ മറ്റൊന്നുമാലോചിച്ചില്ല - പോയി കാണുക തന്നെ. ‘ഞാന്‍ വരുന്നു’ എന്നു പറഞ്ഞപ്പോള്‍ ‘നീയൊന്നും വരണ്ടാ കൊച്ചേ... എനിക്ക് കൊഴപ്പമൊന്നുമില്ല’ എന്ന് പറഞ്ഞു റീത്താമ്മ. എങ്കിലും എനിക്ക് ആ മനസ്സറിയാം, ഞാന്‍ വന്നിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ടാകും.

എന്‍റെ സുഖമില്ലായ്മ കാരണമാണ് വരേണ്ടെന്ന് റീത്താമ്മ പറയുന്നത്. തിരുവനന്തപുരത്ത്, എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് ഒന്നരവര്‍ഷത്തോളം ജീവിച്ചു. അന്ന് റീത്താമ്മയേ ഉണ്ടായിരുന്നുള്ളൂ. ആ നന്ദിയൊന്നും പറഞ്ഞാല്‍ തീരില്ല.

കൊല്‍ക്കത്തയ്ക്ക് ചെന്നൈയില്‍ നിന്ന് പോകാമെന്ന് രോഹിണി പറഞ്ഞു. അങ്ങനെയാണ് ചെന്നൈയിലെത്തിയത്. എന്നാല്‍ വന്നപ്പോള്‍ അവള്‍ പറയുന്നു രണ്ട് ദിവസം കഴിഞ്ഞിട്ട് പോകാമെന്ന്. ഒറ്റയ്ക്ക് പോകണ്ടത്രേ. അവള്‍ കൂടി വരും കൊല്‍ക്കത്തയ്ക്ക്.

അങ്ങനെ രണ്ട് ദിവസത്തെ ഇടവേള കിട്ടിയപ്പോള്‍ - അവളുടെ സജഷനായിരുന്നു ‘ഒരു തമിഴ് സിനിമ’. രണ്ട് പടമുണ്ട്, ഏതിന് പോകണം? ‘നീ താനേ എന്‍ പൊന്‍‌വസന്തം’, ‘കും‌കി’. ഞാന്‍ ഗൌതം മേനോന്‍ ഫാനാണല്ലോ. അതുകൊണ്ട് രോഹിണി കരുതിയത് ഞാന്‍ കണ്ണും‌പൂട്ടി ‘പൊന്‍‌വസന്തം’ തെരഞ്ഞെടുക്കുമെന്നാണ്. എന്നാല്‍ എന്‍റെ മറുപടി കേട്ട് അവള്‍ അമ്പരന്നു - ‘കും‌കി’.

എന്‍റെ ആനപ്രാന്ത് അവള്‍ക്ക് അത്ര അറിയില്ല. കും‌കിയുടെ പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു - വയ്യായ്കയില്ലെങ്കില്‍ ഈ പടമൊന്ന് കാണണം. ഇതിന്‍റെ ഡയറക്ടര്‍ - പ്രഭു സോളമന്‍ - കക്ഷിയുടെ ‘മൈന’ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. അതുകൊണ്ടുതന്നെ ‘കും‌കി’ തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

അടുത്ത പേജില്‍ - അവനൊരു കൊലകൊല്ലി!

PRO
കുംകി എന്ന വാക്കിന്‍റെ അര്‍ഥം പലര്‍ക്കും അറിയില്ല, ചെന്നൈയിലെ ദേവി തിയേറ്ററില്‍ ഇരുന്നപ്പോള്‍ ഒരു ഒരു സ്ത്രീ അടുത്തിരിക്കുന്ന തന്‍റെ മകനോട് കുംകിയുടെ അര്‍ഥം തമിഴില്‍ ചോദിക്കുന്നത് ഞാന്‍ കേട്ടു. മകന്‍ അമ്മയ്ക്ക് വിശദീകരണം നല്‍കുന്നതിന് മുന്‍പ് സ്ക്രീനില്‍ കുംകിയെ കുറിച്ചുള്ള വിശദീകരണം വന്നു. കാട്ടില്‍ നിന്ന് പിടികൂടുന്ന ആനകള്‍ക്ക് പരിശീലനം നല്‍കുന്ന നാട്ടാനയെയാണ് കുംകി എന്ന് പറയുക. മലയാളത്തില്‍ നമ്മള്‍ താപ്പാന എന്ന് പറയും. ആനകളെ കണ്ട് വളര്‍ന്ന മലയാളികള്‍ക്ക് താപ്പാന എന്ന പേര് അപരിചിതമല്ല. എന്നാല്‍ അതിന്‍റെ തമിഴ് പദമായ കും‌കി തമിഴില്‍ അത്ര പരിചിതമല്ല. കാരണം തമിഴ്നാടിന്‍റെ ആഘോഷങ്ങളില്‍ കേരളത്തിന്‍റെ അത്ര പ്രാധാന്യം ആനകള്‍ക്കില്ല. അതുകൊണ്ട് തന്നെ കുംകി എന്ന സിനിമ ആദ്യം മുതല്‍ അവസാനം വരെ ഒരു മലയാള സിനിമ പോലെയാണ് അനുഭവപ്പെട്ടത്, തമിഴ് മൊഴി ഒഴിച്ചാല്‍.

കേരളം, കര്‍ണാടകം, തമിഴ്നാട് ഈ മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ആദികാട് എന്ന വനഗ്രാമത്തിലാണ് കഥ നടക്കുന്നത്. ചിത്രത്തിന്‍റെ തുടക്കത്തില്‍ സംവിധായകന്‍ കൂട്ടിക്കൊണ്ട് പോകുന്നത് പരമ്പരാഗതമായി വ്യത്യസ്ത സംസ്കാരം സൂക്ഷിക്കുന്ന ഈ ഗ്രാമത്തിലേക്കാണ്. അവരുടെ ഊരിന് പുറത്ത് എന്തെങ്കിലും മാറ്റങ്ങള്‍ വന്നാലും അതില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നവര്‍. ഊരിന് ഒരു മൂപ്പനുണ്ട്, മൂപ്പന്‍റെ മകളാണ് അല്ലി. ചെറുപ്പത്തിലെ അമ്മ മരിച്ചു പോയ അല്ലി ഊരിലുള്ളവരുടെ എല്ലാമെല്ലാമാണ്.

പിന്നീട് നമ്മള്‍ മാണിക്യം എന്ന ആനയെ പരിചയപ്പെടുന്നു. മാണിക്യന് ഒരു സുഹൃത്തുണ്ട്, അവന്‍റെ പാപ്പാന്‍ ബൊമ്മന്‍(വിക്രം പ്രഭു)‍. കുട്ടിക്കാലം മുതല്‍ മാണിക്യം ബൊമ്മനൊപ്പമായിരുന്നു. അത് കൊണ്ടുതന്നെ ഇരുവര്‍ക്കും പിരിഞ്ഞിരിക്കാന്‍ ആവില്ല. ബൊമ്മന്‍ എങ്ങനെ ആദികാടില്‍ എത്തിച്ചേരുന്നു എന്നാണ് സംവിധായകന്‍ പിന്നീട് പറഞ്ഞ് തുടങ്ങുന്നത്. അവിടെ, സിനിമയില്‍ വ്യത്യസ്തനായ ഒരു വില്ലന്‍ അവതരിക്കുന്നു. അവന്‍റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദികാട്ടെ ജനങ്ങള്‍ നടുങ്ങിവിറയ്ക്കും. അത്രയ്ക്ക് ഭീകരനാണ്. കറുത്ത പിശാച് എന്നാണ് അവനെ നാട്ടുകാര്‍ വിളിക്കുന്നത്. അവന്‍ നാലഞ്ച് പേരുടെ ജീവനെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വില്ലന്‍ ഒരു മനുഷ്യനല്ല. ഗ്രാമത്തിലെ നെല്ല് മൂക്കുമ്പോള്‍ നാട്ടിലെത്താറുള്ള ഒരു കാട്ടുകൊമ്പന്‍! ‘കൊലകൊല്ലി’ എന്നൊക്കെ പറയാറില്ലേ? അതുതന്നെ സാധനം. ആ കാട്ടുകൊമ്പനില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ഒരു രക്ഷകനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഗ്രാമീണര്‍.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കും‌കിയാനകള്‍ നാടിന്‍റെ രക്ഷയ്ക്കെത്താറുണ്ട്. പകയോടെ നാട്ടിലെത്തി മനുഷ്യനെ അപായപ്പെടുത്തുന്ന കാട്ടുകൊമ്പന്‍മാരെ ഭയപ്പെടുത്തി തുരത്തി ഓടിക്കുകയാണ് കുംകിയാനകളുടെ ജോലി. പ്രത്യേകം പരീശീലനം നല്‍കിയാണ് സാധരണ ആനകളെ പാപ്പാന്‍‌മാര്‍ കും‌കിയാനകള്‍ ആക്കുന്നത്. ആദികാടിന്‍റെ രക്ഷയ്ക്കായി ഒരു കുംകിയാനെയെ കൊണ്ടുവരാന്‍ ഗ്രാമീണര്‍ നാട്ടുക്കൂട്ടം കൂടി തീരുമാനിക്കുന്നു.

അടുത്ത പേജില്‍ - പ്രണയത്തിന്‍റെ വന്യത!

PRO
ആദികാടിന്‍റെ രക്ഷകനായി മാണിക്യം എത്തുകയാണ്. പക്ഷേ, മാണിക്യം കും‌കിയാനയല്ല. അവന്‍ ചെറു പ്രായക്കാരനാണ്. കുംകിയാനയാകാനുള്ള പ്രായമോ പക്വതയോ ആയിട്ടില്ലാത്തവന്‍. ഉത്സവ‌പ്പറമ്പുകളിലും സിനിമാ സെറ്റുകളിലും കറങ്ങിനടന്ന് സമയം പോക്കിയവന്‍. അവന്‍ ഇതുവരെ കാട് കണ്ടിട്ടില്ല.

പക്ഷേ, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം, മാണിക്യന് ആദികാടിന്‍റെ രക്ഷകനായി മാറേണ്ടി വരികയാണ്. അതിന് കാരണക്കാരനാകുന്നത് അവന്‍റെ പാപ്പാനായ ബൊമ്മനാണ്. യഥാര്‍ത്ഥ കുംകിയാനയുടെ പാപ്പാന് ചില പ്രശ്നങ്ങളാല്‍ ആദികാടിലേക്ക് പോകാന്‍ കഴിയാതെ വരുമ്പോഴാണ് താന്‍ പോകാമെന്ന് ബൊമ്മന്‍ പറയുന്നത്. കും‌കിയാനയ്ക്ക് പകരം മാണിക്യനും. യഥാര്‍ത്ഥ കുംകിയാനയുടെ പാപ്പാന്‍ രണ്ട് ദിവസത്തിനുള്ളില്‍ വരും, അതുവരെയേയുള്ളൂ ആദികാടില്‍ മാണിക്യന്‍റെയും ബൊമ്മന്‍റെയും ദൌത്യം.

എന്നാല്‍, ആദികാടിന്‍റെ ആസ്ഥാന സുന്ദരിയായ അല്ലിയെ കണ്ടുമുട്ടുന്നതോടെ ബൊമ്മന്‍ തിരിച്ചുപോകാനുള്ള തീരുമാനം മാറ്റുന്നു. മനസില്‍ പ്രണയം വന്നാല്‍ അഞ്ച് കാട്ടാനകള്‍ വന്നാലും കശക്കി എറിയാനുള്ള ഉശിര് ഉണ്ടാകുമെന്നാണ് ബൊമ്മന്‍ പറയുന്നത്. ഗ്രാമത്തിന്‍റെ കാവല്‍ക്കാരയി താനും മാണിക്യവും അവിടെ തുടരാന്‍ തീരുമാനിച്ചതായി യഥാര്‍ത്ഥ കുംകിയാനയുടെ പാപ്പാനെ ബൊമ്മന്‍ വിളിച്ച് അറിയിക്കുന്നു.

പ്രണയം മൂത്ത ബൊമ്മനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. പക്ഷേ, കാട്ടാന ആക്രമണം നടത്തിയാല്‍ എന്തുചെയ്യണമെന്ന് അവര്‍ക്ക് അറിയില്ല. നെ‌ല്‍പ്പാടം വിളയുന്ന സമയത്താണ് കാട്ടാന ഇറങ്ങാറ്. അതിന് മുമ്പേ മാണിക്യത്തിന് പരീശീലനം നല്‍കണം. അതിനായി യഥാര്‍ത്ഥ കും‌കിയുടെ പാപ്പാന്‍ അവിടെ എത്തുന്നു. എന്നാല്‍ മാണിക്യം ഒരു പേടിത്തൊണ്ടന്‍ ആനയാണെന്ന് ബൊമ്മന്‍ മനസിലാക്കുന്നു. ബൊമ്മന് അല്ലിയെ ഉപേക്ഷിച്ച് പോകാനും കഴിയില്ല, മാണിക്യത്തെ കും‌കിയാനയാക്കി മാറ്റാനുമാകില്ല. പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ നാടകീയതയിലേക്ക് നീങ്ങുകയാണ്.

അടുത്ത പേജില്‍ - കാട്ടാനയെത്തുന്നു, അന്തിമ പോരാട്ടം

PRO
അല്ലിയുടെയും ബൊമ്മന്‍റെയും പ്രണയം മനോഹരമായാണ് പ്രഭു സോളമന്‍ അവതരിപ്പിച്ചിരിക്കുന്നത്. ബൊമ്മനെ നേടാന്‍ വേണ്ടി അല്ലിക്ക് അവളുടെ സമുദായത്തെ വഞ്ചിക്കാന്‍ കഴിയില്ല. ബൊമ്മനെയും അല്ലിയെയും കുറിച്ച് വനംവ‌കുപ്പ് ഉദ്യോഗസ്ഥര്‍ അപവാദം പറഞ്ഞുനടന്നിട്ട് പോലും മൂപ്പന്‍ അത് വിശ്വസിച്ചില്ല. തന്‍റെ രക്തം അങ്ങനെ ചെയ്യില്ലന്നാണ് മൂപ്പന്‍റെ വിശ്വാസം.

ബൊമ്മന് വേണമെങ്കില്‍ അവളെ കടത്തിക്കൊണ്ട് പോകാമായിരുന്നു പക്‍ഷേ, ഒരു നാട് അവനെ രക്ഷകനായി കണ്ടിരിക്കുകയാണ്. അവരെ വഞ്ചിക്കാന്‍ അവന് കഴിയില്ല.

ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ നമ്മുടെ ശ്രീജിത് രവി ഗംഭീര അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ബൊമ്മനെ അവതരിപ്പിച്ച വിക്രം പ്രഭുവും അല്ലിയായ മലയാളി പെണ്‍കുട്ടി ല‌ക്ഷ്മി മേനോനും കഥാപാത്രങ്ങളായി ജീവിച്ചിരിക്കുകയാണ്. ബൊമ്മന്‍റെ അമ്മാവനെ അവതരിപ്പിച്ച തമ്പി രാമയ്യയ്ക്ക് തിയേറ്ററില്‍ പൊട്ടിച്ചിരി സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഗ്രാമീണത തുളുമ്പുന്നതാണ് ഡി ഇമ്മാന്‍റെ സംഗീതം.

പ്രവചിക്കാവുന്ന ക്ലൈമാക്സ് ആണ് ചിത്രത്തിന്‍റെ ഒരേയൊരു പോരായ്മ. ക്ലൈമാക്സ് രംഗത്തിലെ ഗ്രാഫിക്സ് ആനകളുടെ പോരാട്ടം പെര്‍‌ഫക്ഷന്‍ കുറവാണെങ്കിലും കാണികള്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കും.

റീത്താമ്മ വിളിച്ചപ്പോള്‍ ഞാന്‍ നാളെ അങ്ങോട്ട് എത്തുമെന്ന് പറഞ്ഞു. ഇപ്പോള്‍ ചെന്നൈയിലാണെന്നും ഇവിടെവച്ച് ‘കും‌കി’ എന്ന സിനിമ കണ്ടെന്നും പറഞ്ഞു. എന്താണ് ‘കുംകി’ എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ന് റീത്താമ്മയുടെ ചോദ്യം. ‘താപ്പാന’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. “ഓ... മമ്മൂട്ടീടെ താപ്പാനേടെ റീമേക്കാണോ?” എന്നായി റീത്താമ്മ. ഇതിന്‍റെ ഉത്തരം അങ്ങുവന്നിട്ട് തരാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു.

വെബ്ദുനിയ വായിക്കുക