ഇത് വീരചരിതം, അവിസ്മരണീയം

ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:39 IST)
PRO
പഴശ്ശിരാജ ചരിത്രമാണ്. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലോ ഉണ്ടാകില്ല. അഗ്നിപോലെ ജ്വലിക്കുന്ന സത്യം. പഴശ്ശിരാജ സിനിമയും അതുപോലെയാണ്. ഇതിന്‍റെ മാറ്റിന് ഇനിയൊരു തിരുത്തലുണ്ടാകില്ല. മലയാള സിനിമയുടെ നെറുകയില്‍ പൊന്‍‌കിരീടം ചൂടി പഴശ്ശി മഹാരാജാവ് തലയുയര്‍ത്തി നില്‍ക്കും, സിനിമയുള്ള കാലത്തോളം.

നിര്‍മ്മാതാവ് ഗോകുലം ഗോപാലനും നായികമാരിലൊരാളായ പത്മപ്രിയയ്ക്കും ഒപ്പമാണ് പഴശ്ശിരാജ കണ്ടത്. തിയേറ്ററിലെത്തുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാറിനോടുള്ള ആരാധനയോടെ പ്രേക്ഷകര്‍ ഗോകുലം ഗോപാലന് ജയ് വിളിക്കുന്നതു കാ‍ണാമായിരുന്നു. ഒരു മലയാള സിനിമയ്ക്ക് അദ്ദേഹം 27 കോടി മുടക്കിയെങ്കില്‍, അത് വെറുമൊരു ധൂര്‍ത്തായിരുന്നില്ലെന്ന് ഈ സിനിമ കാണുമ്പോള്‍ ബോധ്യപ്പെടും. ഓരോ നിമിഷവും ആവേശഭരിതമാക്കുന്ന അത്ഭുത സിനിമയാണ് കേരളവര്‍മ പഴശ്ശിരാജ.

മമ്മൂട്ടിയുടെ ആരാധകരുടെ തിരക്കും ആഘോഷങ്ങളും തിയേറ്ററിനുള്ളില്‍ കടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി. സിനിമ തുടങ്ങി ‘പഴശ്ശിരാജ’ എന്ന ടൈറ്റില്‍ തെളിഞ്ഞപ്പോള്‍ രജനീകാന്ത് ചിത്രങ്ങളുടെ റിലീസിന് തുല്യമായ പ്രതികരണം. വര്‍ണക്കടലാസുകള്‍ കീറിപ്പറത്തുന്നവര്‍. സ്ക്രീനിനു മുന്നില്‍ നൃത്തം ചവിട്ടുന്നവര്‍. ആര്‍പ്പുവിളികള്‍. കേരളത്തിലാണോ ഇതു സംഭവിക്കുന്നതെന്ന് അമ്പരന്നു പോയി. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഗംഭീരമായ സ്വീകരണം. (മോഹന്‍ലാലിന് നന്ദി എഴുതിക്കാണിക്കുമ്പോള്‍ വലിയ കൂവല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ മമ്മൂട്ടി ആരാധകര്‍ കയ്യടിയോടെയാണ് അത് സ്വീകരിച്ചത്. പക്ഷേ, പഴശ്ശിരാജയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഹന്‍ലാലിന്‍റെ അവതരണം ആരാധകബഹളത്തില്‍ മുങ്ങിപ്പോയി.)
PRO


സിനിമ തുടങ്ങി 10 മിനിറ്റിനുള്ളില്‍ ആരവങ്ങള്‍ നിലച്ചു. പിന്നെ നിശബ്ദത. പഴശ്ശിത്തമ്പുരാനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, ഇത് സിനിമയാണെന്നു പോലും മറന്ന് പ്രേക്ഷകര്‍ ത്രസിച്ചിരുന്നു. എം ടിയുടെ കരുത്തുറ്റ സംഭാഷണങ്ങള്‍ തിയേറ്ററില്‍ ഇടിമുഴക്കം സൃഷ്ടിക്കുകയായിരുന്നു. ഹരിഹരന്‍ എന്ന മഹാനായ സംവിധായകന് എല്ലാ ആദരവോടും കൂടി ഒരു നമസ്കാരം പറയാം. സര്‍, താങ്കളുടെ കഠിന പ്രയത്നം വെറുതെയായില്ല.

പഴശ്ശിരാജ വെറുമൊരു സിനിമയല്ല. 1700കളിലെ ഇന്ത്യയെ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധിനിവേശത്തിന്‍റെയും പഴശ്ശിരാജയുടെ ചെറുത്തുനില്‍പ്പിന്‍റെയും വീരഗാഥ. വയനാടന്‍ കര്‍ഷകരുടെ വിയര്‍പ്പിന്‍റെയും അധ്വാനത്തിന്‍റെയും അതിജീവനത്തിന്‍റെയും ചരിത്രം. കുറിച്യപ്പോരാളികളുടെ ഒളിയുദ്ധത്തിന്‍റെ ഇതിഹാസം. ‘അപമാനവും അധിക്ഷേപവും സഹിച്ച് ഇനി ജീവിക്കാനാവില്ല’ എന്ന് ഉറക്കെ പ്രഖ്യാപിച്ച് പോരാട്ടത്തിനിറങ്ങിയ ഒരു സാഹസികന്‍റെയും അയാളെ ജീവനു തുല്യം സ്നേഹിക്കുന്നവരുടെയും കഥ.

അടുത്ത പേജില്‍ - പോരാട്ടങ്ങളുടെ തുടക്കം

PRO
1896ല്‍ ആദ്യ സ്വാതന്ത്ര്യ സമരം നടന്നു എന്നതാണ് ചരിത്രരേഖകള്‍ പോലും ഏറ്റവും പ്രാധാന്യത്തോടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. എന്നാല്‍ അതിനും 200 വര്‍ഷം മുമ്പ് ആദിവാസികളുടെയും കര്‍ഷകരുടെയും സഹായത്തോടെ ഒരു രാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ചു. കേരളവര്‍മ പഴശ്ശിരാജ. അത് ഒരു രാജ്യം വെട്ടിപ്പിടിക്കുന്നതിനോ അധികാരം സ്ഥാപിക്കുന്നതിനോ ആയിരുന്നില്ല. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു.

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ടിപ്പു സുല്‍ത്താന്‍ പോരടിക്കുന്ന കാലം. നികുതിത്തുക ഉയര്‍ത്തിയതോടെ കേരളം കൂടുതല്‍ പ്രതിരോധത്തിലായി. നികുതി ഉയര്‍ത്തിയ നടപടി പഴശ്ശി അംഗീകരിക്കുന്നില്ല. അദ്ദേഹത്തിനെതിരെ ബ്രിട്ടീഷുകാര്‍ നീങ്ങുന്നു. പഴശ്ശിക്കൊട്ടാരം ആക്രമിക്കുന്നതിലാണ് അത് അവസാനിച്ചത്. എന്നാല്‍, ബ്രിട്ടീഷുകാര്‍ കരുതിയതുപോലെ വെറുമൊരു രാജാവ് മാത്രമായിരുന്നില്ല പഴശ്ശി. അദ്ദേഹം തികഞ്ഞ യോദ്ധാവായിരുന്നു. ധര്‍മ്മത്തിനും നീതിക്കും വേണ്ടി പോരടിക്കുന്നവന്‍.

നാടിന്‍റെ ഉയര്‍ച്ചയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം നഷ്ടങ്ങളെ പഴശ്ശി മറക്കുന്നു. ബ്രിട്ടീഷ് പടയ്ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും പഴശ്ശിരാജയ്ക്ക് സഹായത്തിനായി കരുത്തനായ പോരാളി എടച്ചേന കുങ്കന്‍(ശരത് കുമാര്‍), പെങ്ങളുടെ ഭര്‍ത്താവ് കൈതേരി അമ്പു(സുരേഷ് കൃഷ്ണ), ആദിവാസിപ്പോരാളി നീലി(പത്മപ്രിയ), തലയ്ക്കല്‍ ചന്തു(മനോജ് കെ ജയന്‍) എന്നിവര്‍ എത്തുകയും ചെയ്യുന്നതോടെ കഥ കൂടുതല്‍ ആവേശത്തിലാവുകയാണ്.

ബ്രിട്ടീഷ് പട്ടാളക്കാരെ ആക്രമിച്ച് കൊല്ലുകയും പഴശ്ശി ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്നു. കാര്യം അത്ര പന്തിയല്ലെന്നു കണ്ട ബ്രിട്ടീഷ് കമ്പനി ഒരു സന്ധിക്കായി പഴശ്ശിരാജയെ ക്ഷണിക്കുകയാണ്. ഒരു കരാറില്‍ ഒപ്പിട്ടെങ്കിലും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായില്ല. ഇതോടെ പഴശ്ശിരാജ അരയും തലയും മുറുക്കി യുദ്ധത്തിനൊരുങ്ങുകയാണ്. പനമരം കോട്ട കീഴടക്കിയതോടെ ബ്രിട്ടീഷുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. അവര്‍ പഴശ്ശിക്കു വേണ്ടി നാടെങ്ങും വലവിരിച്ചു.

ഒരു പ്രത്യേകതരം യുദ്ധമായിരുന്നു പഴശ്ശി ആസൂത്രണം ചെയ്തത്. ബ്രിട്ടീഷ് പടയുടെ സാങ്കേതിക മികവിനെയും ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധമുറകളെയും ചെറുത്തുതോല്‍പ്പിക്കുന്ന ഒരു പുതിയ അടവ് - ഒളിയുദ്ധം. കുറിച്യപ്പടയുടെ സഹായത്തോടെ പഴശ്ശിരാജ അത് സാധ്യമാക്കി. അത്താന്‍ ഗുരുക്കളുടെയും ഉണ്ണിമൂത്തയുടെയുമൊക്കെ പോരാട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പഴശ്ശിരാജ ആഞ്ഞടിച്ചു. ഇതോടെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അടിത്തറയിളകാന്‍ തുടങ്ങി. എങ്ങനെയും പഴശ്ശിയെ കുടുക്കാന്‍ അവര്‍ ശ്രമിച്ചു.
PRO


പ്രകൃതിക്ഷോഭവും മഹാവ്യാധികള്‍ പിടിപെട്ടതും പഴശ്ശിപ്പടയെ പ്രതികൂലമായി ബാധിച്ചു. സങ്കേതങ്ങള്‍ മാറിമാറിയുള്ള അവരുടെ പോരാട്ടം ദുര്‍ബലമായി. തലയ്ക്കല്‍ ചന്തുവിനെപ്പോലെയുള്ള പോരാളികള്‍ പൊരുതിമരിച്ചു. എങ്കിലും കീഴടങ്ങാന്‍ പഴശ്ശി തയ്യാറല്ലായിരുന്നു. പഴശ്ശിരാജയുടെ മരണം എങ്ങനെയെന്നുള്ളത് ഒരു വിവാദവിഷയമാണ്. പലരും പലതാണ് ഇതേപ്പറ്റി പറയുന്നത്. എന്നാല്‍ ഏറ്റവും വിശ്വസനീയമായ രീതിയില്‍ ‘പഴശ്ശിരാജ’ സിനിമ ഇത് ചിത്രീകരിക്കുന്നു. പക്ഷേ അത് ഇപ്പോള്‍ പറയുന്നില്ല. തിയേറ്ററില്‍ ആ അനുഭവത്തിന് സാക്ഷിയാകുക.

എം ടി തന്‍റെ രചനാശൈലിയില്‍ കാതലായ മാറ്റം വരുത്തിയ സിനിമയാണ് പഴശ്ശിരാജ. ഈ സിനിമ ‘ഡയലോഗ് ഓറിയന്‍റഡ്’ അല്ല. ഒരു വിഷ്വല്‍ ട്രീറ്റ് എന്നു പറയാം. വടക്കന്‍ വീരഗാഥയില്‍ നമ്മള്‍ കണ്ടതുപോലെ ഡയലോഗുകളുടെ പെരുമഴ ഇതിലില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പഴശ്ശിരാജയുടെയും എടച്ചേന കുങ്കന്‍റെയും സംഭാഷണങ്ങളുടെ കരുത്തും സൌന്ദര്യവും പ്രേക്ഷകനെ ദേശസ്നേഹത്തിന്‍റെ പാരമ്യത്തിലെത്തിക്കും. എം ടിയുടെ ഏറ്റവും മികച്ച രചനയാ‍ണ് പഴശ്ശിരാജയെന്ന് നിസംശയം പറയാം. വീരഗാഥയില്‍ ചന്തുവിനെ നല്ലവനാക്കിയതു പോലെയുള്ള ഇടപെടലൊന്നും ഈ സിനിമയില്‍ നടത്തിയിട്ടില്ല. എന്നാല്‍ ചരിത്രത്തിന്‍റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു ഫിക്ഷന് സാധ്യമായ എല്ലാ കാഴ്ചകളും അദ്ദേഹം സമ്മാനിക്കുന്നു.

അടുത്ത പേജില്‍ - ഇത് ഹരിഹരന്‍റെ സിനിമ

PRO
മമ്മൂട്ടിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളെ മലയാളികള്‍ മറന്നേക്കുക. പഴശ്ശി അതിനൊക്കെ മുന്നിലാണ്. ഈ കഥാപാത്രമായി അതിഗംഭീരമായ ഒരു പകര്‍ന്നാട്ടമാണ് മഹാനടന്‍ നടത്തിയിരിക്കുന്നത്. ശരീരവും മനസും ഒരുപോലെ അര്‍പ്പിച്ച ഒരു പ്രകടനം. ഒരു തികഞ്ഞ പോരാളിയുടെ മെയ്‌വഴക്കത്തോടെ ക്ലൈമാക്സ് രംഗങ്ങളില്‍ നിറഞ്ഞാടുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ഭാവചലനങ്ങള്‍ കേരള സിംഹത്തിന്‍റേതു തന്നെയാണ്, ഒരിക്കലും മമ്മൂട്ടി എന്ന താരത്തെ ഫ്രെയിമില്‍ കാണാന്‍ കഴിയില്ല. ‘പഴശ്ശിരാജയുടെ പോരാട്ടങ്ങള്‍ ബ്രിട്ടീഷ് കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ’ എന്ന് പഴശ്ശിരാജ പറയുമ്പോള്‍ പ്രേക്ഷകശരീരങ്ങളിലൂടെ ഊര്‍ജ്ജത്തിന്‍റെ ഒരു മഹാപ്രവാഹം ഇരമ്പിയെത്തുകയാണ്.

ഹരിഹരന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാം ഈ പ്രയത്നത്തിന്. അതിഗംഭീരമായ ഒരു സിനിമയാണ് അദ്ദേഹം മലയാളത്തിന് നല്‍കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഫ്രെയിമുകള്‍. ഓരോ ഷോട്ടിലും ആയിരക്കണക്കിന് ആര്‍ട്ടിസ്റ്റുകള്‍. ബ്രിട്ടീഷ് അഭിനേതാക്കള്‍. കിടിലം കൊള്ളിക്കുന്ന യുദ്ധരംഗങ്ങള്‍. പെയിന്‍റിംഗ് ഷോ പോലെ മനോഹരമായ ഗാനരംഗങ്ങള്‍. ഇത് മലയാളത്തില്‍ ഒരു ഹരിഹരനേ സാധിക്കൂ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ ധീരമായ സമര്‍പ്പണം.

റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ സംവിധാനത്തെ പരാമര്‍ശിക്കാതെ വയ്യ. ഒരു ഇലയനക്കം പോലും അതിന്‍റേതായ തീവ്രതയോടെ സൃഷ്ടിച്ചിരിക്കുകയാണ് റസൂല്‍. യുദ്ധരംഗങ്ങളിലെ വാള്‍ ചുഴറ്റലുകള്‍ കാതില്‍ സൃഷ്ടിക്കുന്ന വികാരത്തിന് റസൂലിന് നന്ദി പറയണം. കഥാപാത്രങ്ങളുടെ നിശ്വാസം പോലും അദ്ദേഹം പകര്‍ത്തി നല്‍കുകയാണ്. ഇളയരാജയുടെ സംഗീതവും മനോഹരം. “ആദിയുഷസ്സന്ധ്യ പൂത്തതിവിടെ” എന്ന ഗാനം ആവേശമുണര്‍ത്തും. “കുന്നത്തെ കൊന്നയ്ക്കും പൊന്‍‌മോതിരം” എന്ന ഗാനം പഴശ്ശിരാജയുടെയും കൈതേരി മാക്കത്തിന്‍റെയും പ്രണയരംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. “ഓടത്തണ്ടില്‍ താളം കൊട്ടും കാറ്റില്‍”, “അമ്പും കൊമ്പും കൊമ്പന്‍ കാറ്റും” എന്നീ ഗാനങ്ങളും ഗംഭീരം.

എടച്ചേന കുങ്കനായി ശരത്കുമാര്‍ തിളങ്ങി. ഒരു മലയാള നടന്‍ ചെയ്യുന്നതിനേക്കാള്‍ ഗംഭീരമായി കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ശരത്തിനു കഴിഞ്ഞു. ആദ്യപകുതിയില്‍ പഴശ്ശിരാജയുടെ നിഴലില്‍ ഒതുങ്ങിപ്പോകുന്നെങ്കിലും അവസാന രംഗങ്ങളില്‍ പഴയം വീടന്‍ ചന്തു(സുമന്‍)വുമൊത്തുള്ള പോരാട്ട രംഗങ്ങള്‍ ശരത് അവിസ്മരണീയമാക്കി. കൈതേരി അമ്പുവിനോട് തന്‍റെ ഭൂതകാലം വിവരിക്കുന്ന രംഗങ്ങളും ഗംഭീരം.

വാക്കുകളില്‍ ഒതുങ്ങുന്നതല്ല പത്മപ്രിയയുടെ പ്രകടനം. ആക്ഷന്‍ രംഗങ്ങളില്‍ അതീവ മികവു പുലര്‍ത്തി ഈ അഭിനേത്രി. എന്നാല്‍ കനിഹയ്ക്ക് കാര്യമായ പ്രാധാന്യം ചിത്രത്തിലില്ല. സുമന്‍റെ പ്രകടനവും ശരാശരിയില്‍ ഒതുങ്ങുന്നു. കുറുമ്പ്രനാട് രാജാവായി തിലകന്‍ മനോഹരമായി. നെടുമുടി വേണു(മൂപ്പന്‍), ക്യാപ്ടന്‍ രാജു(ഉണ്ണി മൂത്ത), മാമുക്കോയ(അത്താന്‍ ഗുരുക്കള്‍), അജയ് രത്നം(സുബൈദാര്‍ ചേരന്‍), ദേവന്‍(കണ്ണവത്ത് നമ്പ്യാര്‍), ഊര്‍മ്മിള ഉണ്ണി(ചിറയ്ക്കല്‍ തമ്പുരാട്ടി) എന്നിവര്‍ തങ്ങളുടെ വേഷം മികവുറ്റതാക്കി. എന്നാല്‍ ജഗതി(കണാര മേനോന്‍)യും ജഗദീഷും(ഭണ്ഡാരി) പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതി. ജഗദീഷിന്‍റേത് ഒരു കോമാളിക്കഥാപാത്രമായി മാറി.
PRO


പഴശ്ശിരാജയുടെ ഇംഗ്ലീഷ് സംഭാഷണങ്ങളും ഒറ്റയ്ക്ക് കമ്പനിപ്പടയെ തുരത്തുന്നതുമൊക്കെ കുറച്ചുകൂടി സ്വാഭാവികമാക്കാമായിരുന്നു. രാം നാഥ് ഷെട്ടി, വേണു, മനോജ് പിള്ള തുടങ്ങിയവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇംഗ്ലീഷ് സിനിമകളുടെ സാങ്കേതികത്തികവാണ് ഓരോ രംഗങ്ങള്‍ക്കും ഈ ക്യാമറാമാന്‍‌മാര്‍ സമ്മാനിച്ചത്. രവി ദേവന്‍റെ ആക്ഷന്‍ സംവിധാനവും എക്സലന്‍റ്‌.

മലയാ‍ള സിനിമ ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ല. ഇത് തിയേറ്ററില്‍ കാണേണ്ട ദൃശ്യ വിസ്മയമാണ്. ഇതുപോലെയൊരു ചിത്രം ലോകത്തിന് നല്‍കാനുള്ള കെല്‍പ്പ് മലയാള സിനിമാലോകത്തിനുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. അണിയറപ്രവര്‍ത്തകരോട് നന്ദി മാത്രം പറയാം. വീര പഴശ്ശിയെ ആദരവോടെ വണങ്ങാം. ധീരനായ ഈ പോരാളിയുടെ ഓര്‍മ്മകള്‍ ‘ഹരിഹരന്‍ - എം ടി - മമ്മൂട്ടി’ ത്രയത്തിന്‍റെ ഈ മഹാസംരംഭത്തിലൂടെ കൂടുതല്‍ ജ്വലിക്കട്ടെ.

വെബ്ദുനിയ വായിക്കുക