മനമിളക്കി മാധുരി തിരിച്ചെത്തി

IFM
ദേവദാസില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം മാധുരി ദീക്ഷിത് നീണ്ട അഞ്ച് വര്‍ഷങ്ങള്‍ അഭിനയത്തിന് അവധി നല്‍കിയിരിക്കുകയായിരുന്നു. സിനിമയില്‍ മറ്റൊരു തിരിച്ചു വരവിന്‍റെ കഥ പറഞ്ഞാണ് മാധുരി വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ‘ആജാ നാച്ച്‌ലേ’യില്‍ മാധുരി തന്‍റെ അഭിനയ മികവിനും നൃത്തത്തിനും ആകര്‍ഷണം കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ചിരിക്കുന്നു.

യാഷ്‌രാജ് ഫിലിംസിന്‍റെ ബാനറില്‍ അനില്‍ മേത്ത സംവിധാനം ചെയ്യുന്ന ‘ആജാ നാച്ച്‌ലേ’ പ്രേക്ഷകര്‍ക്കായി നല്ലൊരു നൃത്ത, സംഗീത വിരുന്നാണ് കാത്ത് വച്ചിരിക്കുന്നത്.

ദിയ ശ്രീവാസ്തവയ്ക്ക് (മാധുരി ദീക്ഷിത്) ന്യൂയോര്‍ക്കിലെ ഡാന്‍സ് പരിശീനത്തിനിടയില്‍ ഒരു അടിയന്തര സന്ദേശം ലഭിക്കുന്നു- ഗുരു (ദര്‍ശന്‍ ജാരിവാല) അത്യാസന്ന നിലയിലാണ്, കാണാന്‍ ആഗ്രഹിക്കുന്നു. ഉടന്‍ തന്നെ അവള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു. എന്നാല്‍, വിധി അവളെ ഗുരുവുമായി വീണ്ടും കണ്ടുമുട്ടാന്‍ അനുവദിച്ചില്ല.

ഗുരുവിന്‍റെ വേര്‍പാടില്‍ തകര്‍ന്നുപോയ ദിയയെ കാത്ത് മറ്റൊരു അശുഭ വാര്‍ത്തകൂടി ഉണ്ടായിരുന്നു. അവള്‍ കുട്ടിക്കാലത്ത് നൃത്തം പഠിച്ച, സ്നേഹം എന്തെന്ന് തിരിച്ചറിഞ്ഞ, അജന്ത തിയേറ്റര്‍ സര്‍ക്കാര്‍ അടച്ച് പൂട്ടി ഒരു കമ്പനിക്ക് നല്‍കുന്നു. ഈ തിയേറ്റര്‍ നിലനില്‍ക്കണം എന്നത് ഗുരുവിന്‍റെ അന്ത്യാഭിലാഷമായിരുന്നു.

IFM
ഇപ്പോള്‍ ദിയയുടെ മനസ്സില്‍ ഒരു ലക്‍ഷ്യം മാത്രമേ ഉള്ളൂ- അജന്ത തിയേറ്റര്‍ നശിക്കാന്‍ അനുവദിക്കാതെ ഗുരുവിന്‍റെ ആഗ്രഹം സഫലീകരിക്കുക. ഇതിനായി ദിയ രണ്ട് മാസത്തെ തയ്യാറെടുപ്പുകള്‍ മാത്രം കൊണ്ട് ഒരു ഷോ നടത്താന്‍ തീരുമാനിക്കുന്നു. ഇതിനായി ഗുരുവിന്‍റെ കൂട്ടുകാരന്‍ ഡോക്ടര്‍ (രഘുബീര്‍ യാദവ്) സഹായിക്കുന്നു.

IFM
എന്നാല്‍, ഷോയിലേക്ക് ആള്‍ക്കാരെ തെരഞ്ഞെടുക്കാനും ജനവികാരം അനുകൂലമാക്കാനും ദിയയ്ക്ക് അനേകം കടമ്പകള്‍ കടക്കേണ്ടതുണ്ട്. ശക്തരായ രാഷ്ട്രീയക്കാരെയും കുടില ബുദ്ധിയായ ഒരു കോണ്ട്രാക്ടറെയും ജയിച്ച് ദിയയ്ക്ക് അവളുടെ ഗുരുവിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമോ എന്നാണ് ഈ സിനിമയിലൂടെ അനില്‍ മേത്ത പറയുന്നത്.

സിനിമയുടെ തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അല്‍പ്പം ഇഴച്ചില്‍ തോന്നുമെങ്കിലും പിന്നീട് കഥയ്ക്ക് നല്ല ഒഴുക്ക് ലഭിക്കുന്നുണ്ട്. ഇടവേളയ്ക്ക് മുമ്പുള്ള സമയം മനോഹരമാണ്. ഓഡിഷന്‍ റൌണ്ടുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ അനില്‍ മേത്ത കൈകാര്യം ചെയ്തിരിക്കുന്നു.

എന്നാല്‍, ഇടവേളയ്ക്ക് ശേഷം ചിത്രത്തില്‍ നാടകീയതയുടെ അളവ് ആവശ്യത്തിലും കൂടുതലാണെന്ന് കാണാം. തിരക്കഥയുടെ ശക്തിയില്ലായ്മ കാരണം അവസാന അരമണിക്കൂര്‍ പ്രേക്ഷകര്‍ക്ക് അരോചകമായി തോന്നിയേക്കാം.

കെ യു മോഹനന്‍റെ ഛായാഗ്രഹണ മിഴിവ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഡയലോഗുകളും ഗാനങ്ങളും നല്ല നിലവാരം പുലര്‍ത്തുന്നു. സെറ്റുകള്‍ ആകര്‍ഷകങ്ങളാക്കാന്‍ സുകാന്ത് പാണിഗ്രാഹി നന്നായി പ്രയത്നിച്ചിരിക്കുന്നു. വൈഭവി മെര്‍ച്ചന്‍റ് നൃത്തത്തിന്‍റെ സാധ്യതകള്‍ എല്ലാം ഉപയോഗിച്ചിരിക്കുന്നു.

IFM
മാധുരി ദീക്ഷിത് സ്വാഭിവകതയോടെ ആദ്യാവസാനം നിറഞ്ഞ് അഭിനയിക്കുന്നു. എന്നാല്‍, കൊങ്കണ സെന്‍ പ്രേക്ഷകര്‍ക്ക് അത്രയൊന്നും നല്‍കുന്നില്ല. അക്ഷയ് ഖന്ന മികച്ചപ്രകടനം കാഴ്ച വയ്ക്കുന്നു. കുനാല്‍ കപൂര്‍, ദര്‍ശന്‍ ജാരിവാല, ഇര്‍ഫാന്‍ ഖാന്‍ വിനയ് ശര്‍മ്മ, സുഷ്മിത മുഖര്‍ജി തുടങ്ങിയവരും മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.