മമ്മൂട്ടിയുടെ 10 പരാജയങ്ങള്‍!

തിങ്കള്‍, 10 ഡിസം‌ബര്‍ 2012 (17:23 IST)
PRO
മമ്മൂട്ടി തന്‍റെ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ 10 ചിത്രങ്ങള്‍ നേരിട്ട പരാജയം മമ്മൂട്ടിയുടെ സൂപ്പര്‍താര പദവിക്ക് തന്നെ ഭീഷണിയായി. എന്താണ് മമ്മൂട്ടി തുടര്‍ച്ചയായി ഈ തിരിച്ചടി ഏറ്റുവാങ്ങാന്‍ കാരണം?

ഒരുകാലത്ത്, തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഏറ്റവും ബുദ്ധിസാമര്‍ത്ഥ്യം കാണിച്ചിരുന്ന താരമായിരുന്നു മമ്മൂട്ടി. നല്ല തിരക്കഥകളുമായി വരുന്ന നഗാവഗതര്‍ക്ക് ഡേറ്റ് നല്‍കുകയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് അദ്ദേഹം പതിവാക്കിയിരുന്നു. ആരുടെയെങ്കിലും പക്കല്‍ തനിക്കിണങ്ങിയ ഗംഭീരമായ കഥകള്‍ ഉണ്ടെന്നറിഞ്ഞാല്‍ അത് തേടിപ്പിടിച്ചെത്തുകയും സിനിമയാക്കാന്‍ മുന്നില്‍ നിന്ന് ശ്രമിക്കുകയും ചെയ്യുമായിരുന്നു.

ഈ സ്വഭാവത്തിലൊന്നും മമ്മൂട്ടി ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. പിന്നെ എന്തുകൊണ്ട് മമ്മൂട്ടിയുടെ സിനിമകള്‍ തുടര്‍ച്ചയായി ബോക്സോഫീസ് പരാജയങ്ങളായി മാറി? തിരക്കഥകള്‍ തെരഞ്ഞെടുത്തതില്‍ സംഭവിച്ച പാളിച്ചയാണ് അദ്ദേഹത്തിന്‍റെ വീഴ്ചയ്ക്ക് കാരണം.

വലിയ സംവിധായകരും പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളും ഒത്തുചേര്‍ന്നിട്ടും ഹിറ്റുകള്‍ സംഭവിക്കാതെ പോയതിന് തിരക്കഥ തെരഞ്ഞെടുത്തതിലെ പിഴവിനെ മാത്രം പഴിച്ചാല്‍ മതിയാകും. ജനങ്ങളെ ആകര്‍ഷിക്കാന്‍ മാത്രം കാമ്പുള്ളവയോ രസകരമോ ആയിരുന്നില്ല അദ്ദേഹത്തിന്‍റെ കഴിഞ്ഞ 10 സിനിമകള്‍.

മമ്മൂട്ടിയുടെ കഴിഞ്ഞ 10 സിനിമകളെ ഓരോന്നിനെയും പ്രത്യേകമായെടുത്ത് അവയ്ക്ക് സംഭവിച്ച വീഴ്ചകള്‍ എന്തൊക്കെ എന്ന് നോക്കാം.

അടുത്ത പേജില്‍ - കിംഗ് ആന്‍റ് കമ്മീഷണര്‍ക്ക് പറ്റിയതെന്ത്?

PRO
2011ല്‍ ദയനീയ പരാജയം നേരിട്ട സിനിമയായിരുന്നു ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍‘. മമ്മൂട്ടിയും സുരേഷ്ഗോപിയും അല്ലെങ്കില്‍ ജോസഫ് അലക്സും ഭരത് ചന്ദ്രനും ഉണ്ടായിട്ടും സിനിമയ്ക്ക് ബോക്സോഫീസില്‍ പിടിച്ചുനില്‍ക്കാനായില്ല.

“കിംഗ് ആന്‍റ് കമ്മീഷണറില്‍ സംസ്ഥാന രാഷ്ട്രീയമല്ല പറഞ്ഞത്. ദേശീയ രാഷ്ട്രീയമാണ്. ഡല്‍ഹി രാഷ്ട്രീയം ശ്രദ്ധയോടെ നോക്കിയാല്‍ എല്ലാവര്‍ക്കും ഈ ചിത്രം ഉള്‍ക്കൊള്ളാനാകുമായിരുന്നു. ആളുകള്‍ ശ്രദ്ധാപൂര്‍വം ഡല്‍ഹി രാഷ്ട്രീയം നോക്കിക്കാണുമെന്നായിരുന്നു പ്രതീക്ഷ. അതില്‍ പിഴച്ചുപോയി. ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് ആളുകള്‍ക്ക് മനസിലായില്ല. കിംഗില്‍ ഇവിടത്തെ പൊളിറ്റിക്സാണ് പറഞ്ഞത്. അത് ജനത്തിന് മനസിലായി. കിംഗും കമ്മീഷണറും ആളുകളെ ആകര്‍ഷിച്ച ചിത്രങ്ങളായിരുന്നു. ആ ചിത്രങ്ങളുടെ ഹാംഗോവറുമായാണ് കിംഗ് ആന്‍റ് കമ്മീഷണര്‍ കാണാനെത്തിയത്. അങ്ങനെയുള്ള സിനിമ പ്രതീക്ഷിച്ച അവര്‍ക്ക് കിട്ടിയത് അതായിരുന്നില്ല.” - ഷാജി കൈലാസ് വ്യക്തമാക്കി.

രണ്‍ജി പണിക്കരുടെ തിരക്കഥ മലയാളികളുടെ ആസ്വാദനശീലത്തിന് ഇണങ്ങിയതായില്ല എന്നത് കിംഗ് ആന്‍റ് കമ്മീഷണറുടെ പരാജയത്തിന് ഒരു കാരണമായി. മമ്മൂട്ടി ഏറെ പ്രതീക്ഷയര്‍പ്പിച്ച പ്രൊജക്ടായിരുന്നു ഇത്. എന്നാല്‍ പഴയ ജോസഫ് അലക്സിനെപ്പോലെ സിനിമയില്‍ നിറഞ്ഞാടാനുള്ള അവസരം മമ്മൂട്ടിക്ക് ഈ സിനിമയില്‍ ലഭിക്കാതെ പോയി.

അടുത്ത പേജില്‍ - കോബ്ര, ലാലിന്‍റെ പിഴവ്!

PRO
ലാല്‍ എന്ന വലിയ സംവിധായകന്‍റെ സിനിമയില്‍ മുമ്പ് മമ്മൂട്ടി അഭിനയിച്ചിരുന്നില്ല. മമ്മൂട്ടി എന്ന നടനെ തന്‍റെ സിനിമയില്‍ അഭിനയിപ്പിക്കണം എന്ന ലാലിന്‍റെ അതിയായ ആഗ്രഹമായിരുന്നു കോബ്ര സംഭവിച്ചതിന് പിന്നില്‍. എന്നാല്‍, മമ്മൂട്ടി ഒരിക്കലും ചെയ്യരുതാത്ത സിനിമ തന്നെ ആയിരുന്നു അത്. ഒരു നല്ല കഥയോ മികച്ച അഭിനയമുഹൂര്‍ത്തങ്ങളോ ആ സിനിമയ്ക്ക് ഉണ്ടായിരുന്നില്ല.

ഡബിള്‍ റോളായിരുന്നു മമ്മൂട്ടിക്ക് കോബ്രയില്‍. എന്നാല്‍ രണ്ടാമത്തെ കഥാപാത്രത്തിന് സ്ക്രീനില്‍ വേണ്ടത്ര സ്പേസ് അനുവദിച്ചില്ല. ആ കഥാപാത്രത്തിന് ആത്മാവില്ലാതെ പോയി.

കോമഡിച്ചിത്രമായാണ് ഒരുക്കിയതെങ്കിലും കോബ്രയിലെ കോമഡി കണ്ട് പ്രേക്ഷകര്‍ ചിരിച്ചില്ല. ദയനീയമായ തിരക്കഥാ നിര്‍മ്മിതി മമ്മൂട്ടിക്ക് ഒരു പരാജയം കൂടി സമ്മാനിക്കുകയായിരുന്നു. ലാല്‍ എന്ന തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും പിഴവാണ് കോബ്ര തകരാനുള്ള പ്രധാന കാരണം.

അടുത്ത പേജില്‍ - തട്ടിക്കൂട്ടിയ വെനീസും വ്യാപാരിയും

PRO
തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിക്കുന്ന സംവിധായകനാണ് ഷാഫി. അദ്ദേഹത്തിന്‍റെ മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്‌മാന്‍ എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റായതിനെ തുടര്‍ന്നാണ് മമ്മൂട്ടിച്ചിത്രം ഒരുങ്ങുന്നത്. ആ വിജയത്തിന്‍റെ ഹാങ്‌ഓവറില്‍ വെനീസിലെ വ്യാപാരിക്ക് പൊതുവായി ഒരു അശ്രദ്ധ ഫീല്‍ ചെയ്തു. ജയിംസ് ആല്‍ബര്‍ട്ട് തയ്യാറാക്കിയ തിരക്കഥയ്ക്ക് പുതുമ ഉണ്ടായിരുന്നില്ല.

പഴയകാലത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമം കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളും മേയ്ക്കപ്പിലും മാത്രമായി ഒതുങ്ങി. മമ്മൂട്ടിയും നായികയുമൊത്തുള്ള ‘കണ്ണും കണ്ണും...’ എന്ന ഗാനരംഗം കൂവലോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

തിരക്കഥയിലെ വീഴ്ചയും തമാശകള്‍ പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയതും വെനീസിലെ വ്യാപാരിക്ക് ദോഷമായി. സലിംകുമാര്‍ പറഞ്ഞുകൊടുത്ത ‘വെനീസിലെ വ്യാപാരി’ എന്ന ടൈറ്റിലില്‍ നിന്ന് ഒരു കഥ തട്ടിക്കൂട്ടിയിടത്ത് തുടങ്ങുന്നു ആ സിനിമയുടെ പരാജയം.

അടുത്ത പേജില്‍ - മമ്മൂട്ടിയുടെ ഏറ്റവും മോശം സിനിമ

PRO
ചോക്ലേറ്റ്, സീനിയേഴ്സ് തുടങ്ങിയ വലിയ ഹിറ്റുകള്‍ എഴുതിയ സച്ചി - സേതു ടീമിന്‍റെ തിരക്കഥയായിരുന്നു ഡബിള്‍സിന്‍റേത്. അതുകൊണ്ടുതന്നെ മമ്മൂട്ടിക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന പ്രൊജക്ടാണ് ഡബിള്‍സ്. എന്നാല്‍ മമ്മൂട്ടിയുടെ അടുത്തിടെ പരാജയപ്പെട്ട 10 സിനിമകളില്‍ ഏറ്റവും മോശം ഡബിള്‍സ് ആയിരുന്നു. ഏറ്റവും മോശം തിരക്കഥ, ഏറ്റവും മോശം സംവിധാനം എന്നിങ്ങനെ എന്തെങ്കിലും അവാര്‍ഡ് ഏര്‍പ്പെടുത്തിയാല്‍ ഭൂരിപക്ഷം അവാര്‍ഡുകളും ഡബിള്‍സ് വാരിക്കൂട്ടുമെന്ന് ഉറപ്പ്.

സോഹന്‍ സീനുലാല്‍ എന്ന നവാഗതനായിരുന്നു ഡബിള്‍സിന്‍റെ സംവിധായകന്‍. ഇരട്ടകളായ സഹോദരങ്ങള്‍ തമ്മിലുള്ള രസകരമായ ബന്ധമാണ് ഡബിള്‍സിലൂടെ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ നല്ലൊരു പ്ലോട്ട് ഉണ്ടെന്നൊഴിച്ചാല്‍ പ്രേക്ഷകരെ ബോറടിപ്പിച്ച് ക്ഷമ പരീക്ഷിക്കുന്ന ആഖ്യാനമാണ് ആ സിനിമയ്ക്ക് ഉണ്ടായിരുന്നത്.

രസകരമായ കാര്യം, മലയാളത്തില്‍ പൊട്ടിപ്പൊളിഞ്ഞ ഡബിള്‍സ് തമിഴിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ അത് അവിടെ ഹിറ്റ് ആയി മാറി എന്നതാണ്.

അടുത്ത പേജില്‍ - കഥ വ്യത്യസ്തമായിരുന്നു, പക്ഷേ...

PRO
സിനിമ തീര്‍ന്നപ്പോള്‍ നല്ല ഒന്നാന്തരം കൂവല്‍. സിനിമ അത്ര മോശമായതുകൊണ്ടൊന്നുമല്ല. ഫാന്‍സിന് ദഹിച്ചില്ല അത്രതന്നെ. മമ്മൂട്ടി താരപ്പകിട്ടിന് ഊര്‍ജ്ജം കൂട്ടത്തക്ക രീതിയില്‍ ഒന്നും ചെയ്തില്ലെന്നതാണ് കൂവലിന് കാരണമായത്. അതേ, ‘1993 ബോംബെ മാര്‍ച്ച് 12’ എന്ന സിനിമ വ്യത്യസ്തമായിരുന്നു. പക്ഷേ, ആരാധകരും പ്രേക്ഷകരും പ്രതീക്ഷിച്ചത് നല്‍കാന്‍ ആ സിനിമയ്ക്ക് കഴിഞ്ഞില്ല.

മമ്മൂട്ടിക്ക് ഈ സിനിമയില്‍ ഡാന്‍സിനു വേണ്ടിയുള്ള ഡാ‍ന്‍സോ ചളം കോമഡിയോ ‘സ്ലാംഗ് മാനിയ’ പ്രയോഗങ്ങളോ ഒന്നുമില്ല. വ്യത്യസ്ത കാലങ്ങളില്‍ അദ്ദേഹം തികച്ചും വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു. രണ്ടു മുഖങ്ങളും നന്നായി. ഏറെക്കാലത്തിന് ശേഷം നിയന്ത്രിതാഭിനയത്തിന്‍റെ ഭംഗി മമ്മൂട്ടിയില്‍ കണ്ടു. എന്നാല്‍ അതൊന്നും പ്രേക്ഷകരെ വശീകരിച്ചില്ല.

ഈ സിനിമയുടെ തിരക്കഥയില്‍ ബാബു ജനാര്‍ദ്ദനന്‍ കാണിച്ച എക്സലന്‍സ് സംവിധാനത്തില്‍ ഉണ്ടായില്ല. ഭേദപ്പെട്ട ഒരു തിരക്കഥയുടെ ഏറ്റവും മോശം ആവിഷ്കാരമാണ് ‘1993 ബോംബെ മാര്‍ച്ച് 12’. ഒരു നവാഗത സംവിധായകന് സംഭവിക്കാവുന്ന എല്ലാ വീഴ്ചകളും, സംഭവിക്കരുതാത്ത വീഴ്ചകളും ബാബുവിന് പിണഞ്ഞിരിക്കുന്നു.

കാലങ്ങളാണ് സംവിധായകന് ഏറ്റവും പിടികിട്ടാത്ത ഒരു വിഷയം. കലാസംവിധാനത്തില്‍, ലൊക്കേഷന്‍ തെരഞ്ഞെടുക്കലില്‍ എല്ലാം പാളിച്ചകള്‍. 1993ല്‍ നടക്കുന്ന ഒരു കഥ പറയുമ്പോള്‍ ആ കാലത്തെ ഉപകരണങ്ങള്‍, വാഹനങ്ങള്‍, പശ്ചാത്തലം ഇവയിലൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ? പിന്നീട് 2002ലും 2007ലും നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലും ആ മാറ്റം വരേണ്ടതല്ലേ? ‘ആ...ഇത്രയൊക്കെ മതി’ എന്നൊരു ഒഴുക്കന്‍ നിലപാടാണ് ബാബു ജനാര്‍ദ്ദനന്‍ സ്വീകരിച്ചത്. മമ്മൂട്ടിക്ക് മറ്റൊരു പരാജയം കൂടി നല്‍കാന്‍ മാത്രമേ ആ നിലപാട് ഉപകരിച്ചുള്ളൂ.

അടുത്ത പേജില്‍ - വെറുതെ ഒരു സിനിമ!

PRO
മമ്മൂട്ടിയുടെ കഴിഞ്ഞ 10 പരാജയചിത്രങ്ങളില്‍ ബോംബെ മാര്‍ച്ച് 12ന് ശേഷം അല്‍പ്പം ഭേദപ്പെട്ട ഒരു സിനിമ ‘താപ്പാന‍’യാണ്. ബോക്സോഫീസിലും താപ്പാന ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ എല്ലാ ജോണി ആന്‍റണിച്ചിത്രങ്ങളും പോലെ നിലവാരത്തിന്‍റെ കാര്യത്തില്‍ താപ്പാനയും പിന്നോട്ടാണ്.

ജോണി ആന്‍റണിയുടെ കൊച്ചിരാജാവ്, ഇന്‍സ്പെക്ടര്‍ ഗരുഡ് എന്നിവ പോലെ താപ്പാനയും ഒരു തട്ടിക്കൂട്ട് പടം തന്നെയാണ്. ഒരു തണുപ്പന്‍ തിരക്കഥയാണ് താപ്പാനയ്ക്ക് എം സിന്ധുരാജ് സംഭാവന ചെയ്തത്. അതുകൊണ്ട് എന്തുണ്ടായി? പടത്തിന്‍റെ ഇന്‍റര്‍‌വെല്ലിന് കിട്ടിയ പഞ്ച് പോലും ക്ലൈമാക്സിന് ഇല്ലാതെ പോയി.

യഥാര്‍ത്ഥത്തില്‍ ഇന്‍റര്‍‌വെല്ലിന് തന്നെ പടം അവസാനിപ്പിക്കാമായിരുന്നു. വില്ലനിട്ട് രണ്ട് തല്ലും കൊടുത്ത് നാല് ഡയലോഗും പറയുന്ന കര്‍മ്മം ക്ലൈമാക്സിലേക്ക് മാറ്റിവച്ചത് എന്തിനാണെന്ന ചോദ്യം ബാക്കി. രണ്ടാം പകുതിയില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന നിശ്ചയം സംവിധായകനെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു. മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു മുഹൂര്‍ത്തം പോലും താപ്പാന എന്ന സിനിമയില്‍ സൃഷ്ടിക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിഞ്ഞിട്ടില്ല.

രണ്ടാം പകുതിക്ക് ശേഷം ക്ലൈമാക്സ് വരെയുള്ള കാര്യങ്ങള്‍ ആര്‍ക്കും പ്രവചിക്കാവുന്ന കഥാഗതി സമ്മാനിച്ച് കൈയൊഴിഞ്ഞു തിരക്കഥാകൃത്ത്. മമ്മൂട്ടിക്ക് കരിയറില്‍ ഒരു ഗുണവും ചെയ്യാത്ത സിനിമയായി താപ്പാന മാറുകയും ചെയ്തു.

അടുത്ത പേജില്‍ - സിനിമ ത്രില്ലറാണോ, കുടുംബകഥയാണോ?

PRO
വലിയ നിരാശ സമ്മാനിച്ച ചിത്രമാണ് ഫെയ്സ് ടു ഫെയ്സ്. ഒരു മികച്ച തുടക്കം ലഭിക്കുകയും രണ്ടാം പകുതിയില്‍ തകര്‍ന്നടിയുകയും ചെയ്ത സിനിമ. രണ്ടാം പകുതിയില്‍ ഫാമിലി സെന്‍റിമെന്‍റ്സിന് പ്രാധാന്യം നല്‍കാനുള്ള വി എം വിനുവിന്‍റെ തീരുമാനമാണ് സിനിമയെ പരാജയത്തിലേക്ക് നയിച്ചത്.

ആദ്യപകുതി ഗംഭീരമായാണ് വി എം വിനു ഒരുക്കിയത്. ഈ സിനിമ വിനുവിന്‍റേതുതന്നെയാണോ എന്നുപോലും സംശയം തോന്നി. നല്ല പേസില്‍ ഇന്‍റര്‍വെല്‍ വരെ കഥ പറഞ്ഞുപോയി. മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരമായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ഹാഫ് എഴുതിയ മനോജ് പയ്യന്നൂര്‍ തന്നെയാണോ സെക്കന്‍റ് ഹാഫിനും തൂലിക ചലിപ്പിച്ചത് എന്ന് സംശയിച്ചുപോകും.

കഥ ഗതിമാറിയൊഴുകി. സസ്പെന്‍സ് ത്രില്ലറില്‍ നിന്ന് ഫാമിലി സെന്‍റിമെന്‍റ്സ് മെലോഡ്രാമയിലേക്ക്. അവിടെ കൂപ്പുകുത്തിവീണ് തവിടുപൊടിയായി. ദുര്‍ബലമായ ക്ലൈമാക്സ് കൂടിയായപ്പോള്‍ എല്ലാം പൂര്‍ണം. മമ്മൂട്ടിക്ക് മറ്റൊരു പരാജയകഥ കൂടി.

അടുത്ത പേജില്‍ - ഉറക്കംതൂങ്ങി തിരക്കഥ!

PRO
തിയേറ്ററിലുണ്ടായിരുന്നവര്‍ക്കെല്ലാം അത് മാത്രമായിരുന്നു ലാഭം. ഒറ്റ സീറ്റുള്ള ബുള്ളറ്റില്‍ മമ്മൂട്ടിയെന്ന നടന്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുനടന്നത് കാണാനായി. സിനിമയെന്ന നിലയില്‍ ഓര്‍ത്തിരിക്കാന്‍ നല്ല ഒരു മുഹൂര്‍ത്തം പോലും സമ്മാനിക്കുന്നതില്‍ ‘ആഗസ്റ്റ് 15’ പരാജയപ്പെട്ടു. ഷാജി കൈലാസിന്‍റെ സംവിധാനം പരാജയം. എസ് എന്‍ സ്വാമിയുടെ സ്ക്രിപ്റ്റ് അമ്പേ പരാജയം!

ആരെയും ഉറക്കം പിടിപ്പിക്കുന്ന തിരക്കഥയാണ് ആഗസ്റ്റ് 15ന് വേണ്ടി എസ് എന്‍ സ്വാമി തയ്യാറാക്കിയത്. ‘ആഗസ്റ്റ് 1’ എന്ന ആദ്യ ചിത്രത്തിന്‍റെ ചുവടുപിടിച്ചൊരുക്കിയ ആഗസ്റ്റ് 15ന് ആദ്യഭാഗത്തിന്‍റെ അടുത്തെങ്ങുമെത്താനായില്ല - ഒരു ഘട്ടത്തിലും.

ആദ്യഭാഗത്തിലെ പെരുമാളിനെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു എന്നാല്‍ പുതിയ പെരുമാളിനെ തിയേറ്ററില്‍ നിന്ന് ഇറങ്ങും‌മുമ്പേ മറന്നു. അത്ര ദുര്‍ബലം. പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലാത്ത ഒരു കഥാപാത്രം.

എന്തിന് ഇങ്ങനെ ഒരു സിനിമ നിര്‍മ്മിച്ചു എന്ന് അണിയറ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ അവര്‍ക്ക് മറുപടിയുണ്ടാകണമെന്നില്ല. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടി, ഒരു സിനിമ തല്ലിക്കൂട്ടി. അത്രമാത്രമേ ഉണ്ടാകൂ. ഏതെങ്കിലും ഒരു സീനിലെങ്കിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു എലമെന്‍റ് സൂക്ഷിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ഷോട്ടുകള്‍ കൊണ്ട് അമ്മാനമാടുന്ന ഷാജി കൈലാസിനെയും ഓഗസ്റ്റ് 15ല്‍ കാണാനായില്ല. ആകെയൊരു തണുപ്പന്‍ മട്ട്. ഫലം, മമ്മൂട്ടിക്ക് മറ്റൊരു പരാജയം.

അടുത്ത പേജില്‍ - പ്രേക്ഷകരുടെ കണ്ണിലും ചാള്‍സ് ബോണെ സിന്‍ഡ്രോം!

PRO
ചാള്‍സ് ബോണെ സിന്‍ഡ്രോം എന്ന രോഗം ഇല്ലാത്തവര്‍ക്കും ഒരു കാഴ്ചാഭ്രമം ഉണ്ടാക്കിയ സിനിമയാണ് ‘ജവാന്‍ ഓഫ് വെള്ളിമല’. മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച സിനിമ. ലാല്‍ ജോസിന്‍റെ പ്രിയശിഷ്യന്‍ അനൂപ് കണ്ണന്‍റെ ആദ്യ സൃഷ്ടി. ഒരു നല്ല വിഭവമല്ല തന്‍റെ ആദ്യ നിര്‍മ്മാണ സംരംഭത്തിലൂടെ മമ്മൂട്ടി വിളമ്പിയത്. വ്യത്യസ്തമായ ഒരു പ്രമേയം പറയാന്‍ ശ്രമിച്ചെങ്കിലും ബലമില്ലാത്തതും മനസിനെ തീര്‍ത്തും സ്പര്‍ശിക്കാത്തതുമായ ഒരു തിരക്കഥയിലൂടെ ആ ശ്രമം പരാജയപ്പെട്ടു.

ജയിംസ് ആല്‍ബര്‍ട്ടാണ് തിരക്കഥ. ക്ലാസ്മേറ്റ്സ്, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ സിനിമകള്‍ എഴുതിയ ആള്‍. പക്ഷേ, ജവാന്‍ ഓഫ് വെള്ളിമലയില്‍ കണക്കുകൂട്ടലുകള്‍ അണക്കെട്ട് പൊട്ടുന്നതുപോലെ പൊട്ടി.

കഥയിലേക്ക് ഫോക്കസ് ചെയ്യാനായില്ല എന്നതാണ് സംവിധായകനും തിരക്കഥാകൃത്തിനും സംഭവിച്ച പിഴവ്. കാടും പടലും തല്ലി പ്രധാന കഥയിലേക്ക് വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. ഒരു ത്രില്ലറിന്‍റെ പശ്ചാത്തലമൊക്കെ ഒരുക്കിക്കൊണ്ടുവന്നെങ്കിലും അത് ഫലം കാണാതെ പോയി. ത്രില്ലടിക്കാന്‍ പോയിട്ട് പലപ്പോഴും ബോറടിച്ച് വലഞ്ഞു!

അടുത്ത പേജില്‍ - നാലുകഥകളുണ്ട്, പക്ഷേ ഒരു കഥയുമില്ല!

PRO
ദി ട്രെയിനില്‍ നാലു കഥകളാണുള്ളത്. പക്ഷേ ഒന്നിനും ഒരു കഥയുമില്ല എന്നതായിരുന്നു സത്യം. യഥാര്‍ത്ഥ സംഭവത്തിന്‍റെ ചിത്രീകരണം എന്നായിരുന്നു പരസ്യവാചകം. എന്നാല്‍ പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കി എന്നല്ലാതെ ആ സിനിമയ്ക്കോ കഥയ്ക്കോ ഒരു മേന്‍‌മയും അവകാശപ്പെടാനില്ലായിരുന്നു.

വളരെ പെട്ടെന്ന് തട്ടിക്കൂട്ടിയ സിനിമയായിരുന്നു ദി ട്രെയിന്‍. കഥാപാത്രങ്ങളെല്ലാം ഫോണില്‍ കൂടി മാത്രമേ സംസാരിക്കുന്നുള്ളൂ. അതായിരുന്നു ചിത്രത്തിന്‍റെ പുതുമയും പാളിച്ചയും. ഫോണ്‍ വിളി കണ്ടുകണ്ട് പ്രേക്ഷകര്‍ വലഞ്ഞപ്പോള്‍ മമ്മൂട്ടി തന്‍റെ കരിയറില്‍ ഒരു പരാജയകഥ കൂടി എഴുതിച്ചേര്‍ത്തു.

തിരക്കഥയും സംഭാഷണവും ഒരുക്കുന്നതില്‍ വന്ന പാളിച്ചകള്‍ തന്നെയാണ് ട്രെയിന്‍ എന്ന സിനിമയെ നിലവാരമില്ലാതാക്കിയത്. മറ്റൊരു ട്രാഫിക് എടുക്കാനുള്ള ശ്രമമായിരുന്നു ജയരാജിന്‍റേത്. ഒരു വ്യത്യസ്ഥ ചിത്രം എടുക്കാനുള്ള ശ്രമം കാണാനുമുണ്ടായിരുന്നു. പക്ഷേ അത് ശ്രമത്തിലൊതുങ്ങിയെന്ന് മാത്രം.

വെബ്ദുനിയ വായിക്കുക