അക്ഷയ് കുമാറിന് ഗുരുതരപരുക്ക്

ചൊവ്വ, 19 ജനുവരി 2010 (15:06 IST)
IFM
ബോളിവുഡിന്‍റെ യഥാര്‍ത്ഥ കിംഗ് അക്ഷയ് കുമാറിന് ഷൂട്ടിംഗിനിടെ ഗുരുതരമായി പരുക്കേറ്റു. പരുക്ക് സാരമുള്ളതാണെന്നും കുറേക്കാലം വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ‘പട്യാല ഹൌസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന് പരുക്കേറ്റത്.

“അക്ഷയ് കുമാറിന് ഷൂട്ടിംഗിനിടെ പരിക്കേറ്റിരിക്കുന്നു. അദ്ദേഹം വ്യായാമം ചെയ്യുമ്പോള്‍ പുറത്തുണ്ടായ പരുക്ക് ഷൂട്ടിംഗിനിടെ ഗുരുതരമാകുകയാണുണ്ടായത്” - സംവിധായകന്‍ നിഖില്‍ അദ്വാനി വ്യക്തമാക്കി. പട്യാല ഹൌസിന്‍റെ ചിത്രീകരണം ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.

മുമ്പും ആക്ഷന്‍ സിനിമകളുടെ ചിത്രീകരണ വേളകളില്‍ അക്ഷയ് കുമാറിന് പരുക്കുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തേത് ഏറെ ഗുരുതരമാണെന്നും കുറച്ചുനാള്‍ വിശ്രമിച്ചതിനു ശേഷമേ ഇനി ചിത്രീകരണങ്ങളില്‍ പങ്കെടുക്കാവൂ എന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

പട്യാല ഹൌസില്‍ അനുഷ്ക ശര്‍മ്മയാണ് അക്ഷയ് കുമാറിന്‍റെ നായിക. ഡിമ്പിള്‍ കപാഡിയ, റിഷി കപൂര്‍ എന്നിവരും പ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്നു. ഫറാഖാന്‍ സംവിധാനം ചെയ്യുന്ന ‘തീസ് മാര്‍ ഖാന്‍’ എന്ന ചിത്രത്തിലാണ് പട്യാല ഹൌസിന് ശേഷം അക്ഷയ് അഭിനയിക്കേണ്ടത്. നായകന്‍റെ പരുക്ക് ഈ സിനിമയുടെ ചിത്രീകരണവും അനിശ്ചിതത്വത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക