അനുഷ്ക ഷെട്ടി കുതിക്കുകയാണ്. നയന്‍താരയെയും ത്രിഷയെയും ഇലിയാനയെയുമൊക്കെ മറികടന്ന്. പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ തന്നെയാണ് താരറാണിയെന്ന് പ്രഖ്യാപിച്ച് അനുഷ്ക രണ്ടു കോടി രൂപ പ്രതിഫലം വാങ്ങിയിരിക്കുന്നു. വിജയ് നായകനാകുന്ന വേട്ടക്കാരനിലാണ് അനുഷ്ക തെന്നിന്ത്യയിലെ റെക്കോര്‍ഡ് പ്രതിഫലം കൈപ്പറ്റിയത്.
ഒരു കോടിയും ഒന്നേകാല്‍ കോടിയുമൊക്കെ വാങ്ങി നയന്‍താരയും ഇലിയാനയും വാര്‍ത്തകള്‍ സൃഷ്ടിച്ചപ്പോള്‍ അനുഷ്ക നിശബ്ദയായി ഇതൊക്കെ വീക്ഷിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഒരു വിജയം അനുഷ്കയുടെ സിനിമാജീവിതം തന്നെ മാറ്റിമറിച്ചു. കോടിരാമകൃഷ്ണ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘അരുന്ധതി’ മെഗാഹിറ്റായി മാറി. മികച്ച നടിക്കുള്ള ജെമിനി പുരസ്കാരവും ഈ ചിത്രത്തിലൂടെ അനുഷ്കയെ തേടിയെത്തി. ഈ സിനിമയുടെ തമിഴ് മൊഴിമാറ്റവും തകര്‍പ്പന്‍ വിജയമാണ് നേടിയത്. ഇതോടെ ഹിന്ദിയിലേക്കും അരുന്ധതി റീമേക്ക് ചെയ്യപ്പെടുകയാണ്.
‘സൂപ്പര്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 2005ലാണ് അനുഷ്ക ഷെട്ടി സിനിമാലോകത്തെത്തുന്നത്. തൊട്ടടുത്ത വര്‍ഷം മാധവന്റെ നായികയായി ‘രണ്ട്’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. എന്നാല്‍ ആദ്യ സിനിമകളുടെ പരാജയങ്ങള്‍ അനുഷ്കയ്ക്ക് രാശിയില്ലാത്ത നടിയെന്ന പേരു സമ്മാനിച്ചു.
പിന്നീട് അസ്ത്രം, ലക്ഷ്യം, ഡോണ്‍ എന്നീ തെലുങ്ക് ചിത്രങ്ങളുടെ വിജയം അനുഷ്കയുടെ താരമൂല്യമുയര്‍ത്തി. അപ്പോഴും ഇടയ്ക്കിടെ പരാജയ ചിത്രങ്ങള്‍ അനുഷ്കയുടേതായി വന്നുകൊണ്ടിരുന്നു. 2009 ജനുവരി 16ന് അരുന്ധതി റിലീസ് ചെയ്തതോടെ അനുഷ്കയുടെ തലേവരയും മാറി. 13 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഈ സിനിമ 40 കോടിയിലേറെയാണ് വാരിക്കൂട്ടിയത്.
തമിഴ് സൂപ്പര്‍ഹിറ്റ് ‘ബില്ല’യുടെ തെലുങ്ക് റീമേക്ക് ആലോചിച്ചപ്പോള്‍ അതിലും നായികയായി അനുഷ്കയെത്തി. നയന്‍താര തമിഴില്‍ ആടിത്തകര്‍ത്ത വേഷം തെലുങ്കില്‍ അനുഷ്കയുടെ കൈകളില്‍ ഭദ്രമായിരുന്നു. ബില്ലയും സൂപ്പര്‍ഹിറ്റായതോടെ അനുഷ്ക തെലുങ്കിലെ നമ്പര്‍ വണ്‍ നായികയായി മാറി. നയന്‍താരയും ഇലിയാനയും സിംഹാസനം അനുഷ്കയ്ക്കായി ഒഴിഞ്ഞു കൊടുത്തു.
ഇപ്പോള്‍ തെലുങ്കിലും തമിഴിലും കൈ നിറയെ ചിത്രങ്ങളാണ് അനുഷ്കയ്ക്ക്. വിജയ് നായകനാകുന്ന വേട്ടക്കാരന് ഉള്‍പ്പടെ നാലു തമിഴ് ചിത്രങ്ങളിലാണ് ഈ അഞ്ച് അടി ഒമ്പത് ഇഞ്ചുകാരി, ഗോതമ്പിന്റെ നിറമുള്ള പെണ്‍കുട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ നായകനാകുന്ന സിങ്കത്തിലും അനുഷ്കയാണ് നായിക.