ഷാരൂഖിന് 43

PROPRO
സ്വപ്രയത്നത്തിലൂടെ ബോളിവുഡില്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത ഷാരൂഖ്‌ ഖാന്‍ ഇന്ന് കിങ്‌ ഖാന്‍ ആണ്. ഷാരൂഖിനു ഇന്ന് നാല്‍പ്പത്തി മൂന്നാം പിറന്നാള്‍. 1965 നവംബര്‍ 2 ന് ദില്ലിയില്‍ ആയിരുന്നു ജനനം.

ഇത്തവണ ഷാറരൂഖിന് പിറന്നാള്‍ ചിത്രങ്ങളൊന്നുമില്ല. കഴിഞ്ഞ വര്‍ഷം ഓം ശാന്തി ഓം ആയിരുന്നു പിറന്നാള്‍ ചിത്രം. എങ്കിലും ഷാരൂഖ് വെറുതെയിരിക്കുന്നില്ല. ‘ടെമ്പ്‌റ്റേഷന്‍ റീ ലോഡഡ്‌‘ എന്ന സ്റ്റേജ്‌ ഷോയുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷാരൂഖ്‌ തിരക്കിലാണ്‌.

ദുബായില്‍ നടന്ന സ്റ്റേജ്‌ ഷോയില്‍ പങ്കെടുത്ത ഷാരൂഖ്‌, കുടുംബാംഗങ്ങളോടൊപ്പം പിറന്നാള്‍ ആഘോഷിച്ച ശേഷം മലേഷ്യക്ക്‌ പോവുകയാണ്. വിദേശത്ത് ഏറ്റവും പ്രിയംകരനായ ഇന്ത്യന്‍ താരം ഷാരൂഖ് ആണ്. ‘ബില്ലൂ ബാര്‍ബറി‘ ല്‍ അഭിനയിക്കുകയാണ് ഇപ്പോള്‍. 2009 ല്‍ ‘ മൈ നയിം ഈസ് ഖാന്‍ ‘ എന്ന ചിത്രത്തില്‍ വേഷമിടും.

വാസ്തവത്തില്‍ പാകിസ്താനിലെ പെഷവാറിലും റാവല്‍ പിണ്ടിയിലുമാണ് ഷാരൂഖ് ഖാന്‍റെ വേരുകള്‍. അച്ഛന്‍ പഠാന്‍ വംശജനായ താജ് മുഹമ്മദ് ഖാന്‍ പെഷവാറില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. അമ്മ ലത്തീഫ് ഫാത്തിമ ജൊംഗുവ രജപുത്ര വംശത്തില്‍ പെട്ട മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍റെ മകളാണ്. വിഭജനത്തിനു മുമ്പ് ഇന്ത്യയില്‍ എത്തി ദില്ലിയില്‍ താമസമുറപ്പിച്ചതാണ് ഈ കുടുംബം.

PROPRO
മാതാപിതാക്കളുടെ മരണ ശേഷം ഷാരൂഖ് മുംബൈയിലേക്ക് താമസം മാറ്റി. 1991 ഒക്ടോബര്‍ 25 ന് ഹിന്ദു വായ ഗൌരിയെ ഹിന്ദു ആചാരപ്രകാരം ഷാരൂഖ് വിവാഹം ചെയ്തു . ആര്യന്‍ ഖാന്‍, സുഹന എന്നിവര്‍ മക്കളാണ്.വീട്ടില്‍ ഇരു മതങ്ങളും ഒരുപോലെ പിന്തുടരുന്നു. പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ക്കൊപ്പം ഖുര്‍ ആനുമുണ്ട്.

ദില്ലി ഹന്‍സ്‌രാജ് കോളജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേറ്റിയ ഷാരൂഖ് അഭിനയത്തിനു വേണ്ടി പഠിത്തം ഉപേക്ഷിച്ചു. ഡല്‍ഹിയിലെ നാടക സംവിധായകന്‍ ബാരി ജോണിന്‍റെതിയെറ്റര്‍ ആക്ഷന്‍ ഗ്രൂപ്പ് ആയിരുന്നു ഷാരൂഖിന്‍റെ കളരി.

1988 ല്‍ ഫൌജി എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിമന്യൂ റായ് എന്ന കമാന്‍ഡോ ആയി അഭിനയിച്ചതോടെ ആയിരുന്നു ഷാരൂഖ് ഖാന്‍ ശ്രദ്ധിക്കപ്പെട്ടത് , അടുത്തകൊല്ലം അസ്സീസ് മിറ്സയുടെ സര്‍ക്കസ്സില്‍ മലയാളിയായ സര്‍ക്കസ് ഉടമയുടെ വേഷമായിരുന്നു ഷാരൂഖിന്.

ഇതു വളരെ പ്രശംസ പിടിച്ചു പറ്റി. ദില്ലി സര്‍വ്വകലാശാലാ ജീവിതത്തെകുറിച്ച് അരുന്ധതീ റോയ് തയാറാക്കിയ ‘ഇന്‍ വിച് ആനീ ഗിവ്സ് ഇറ്റ് തോസ് വണ്‍സ് ‘ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചു.

മുംബൈയിലേക്ക് കുടിയേറിയ ഷാരൂഖ് 1992‘ ദീവാന‘ യില്‍ അഭിയിച്ചതൊടെ ബോളിവുഡിന്‍റെ ഭാഗമാവുകയായിരുന്നു.പക്ഷേ രണ്ടാമത്തെ ചിത്രമായ ‘മായാ മേം സാബ്‘ , ഒരു സെക്സ് രംഗത്ത് വന്നതിന്‍റെ പേരില്‍ കോലാഹലമുണ്ടാക്കിയിരുന്നു.

‘ദാര്‘‍, ‘ബാസിഗര്‍‘, കുന്ദന്‍ ഷായുടെ ‘കഭീ ഹൈ കഭീ നാ ‘എന്നിവയില്‍ ഷാരൂഖ് കസറി . ബാസിഗര്‍ മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് നേടിക്കൊടുത്തു . അന്‍‌ജാമിലെ അഭിനയത്തിനു മികച്ച വില്ലനുള്ള അവാര്‍ഡ് ലഭിച്ചു.


1995 ഷാരൂഖ് അഭിനയിച്ച ‘ദില്‍‌വാലെ ദുല്‍ഹനിയാ ലേ ജായേംഗേ‘ സൂപ്പര്‍ വിജയമായി മുംബൈ തിയേറ്ററുകളില്‍ 12 കൊല്ലമാണ് ഇത് പ്രദര്‍ശിപ്പിച്ചത്. 1996ല്‍ യാഷ് ചോപ്രയുടെ ‘ദില്‍ തൊ പാഗല്‍ ഹൈ‘, സുഭാഷ് ഗൈ യുടെ ‘പര്‍ദേസ്‘, അസീസ് മിര്‍സയുടെ ‘യെസ് ബോസ്സ്‘ എന്നിവ വന്‍ വിജയങ്ങളായി. മികച്ച അഭിനേതാവായി ഷാരൂഖ് പലതവണ തിരഞ്ഞെടുക്കപ്പെട്ടു.

കരന്‍ ജോഹറിന്‍റെ ‘കുച്ഛ് കുച്ഛ് ഹോത്താ ഹൈ‘, മണിരത്നത്തിന്‍റെ ‘ദില്‍‌ സേ‘ ‘ബാദ്ഷാ ‘എന്നിവയായിരുന്നു പിന്നീടു വന്ന മികച്ച ചിത്രങ്ങള്‍. 2000ല്‍ അമിതാബ് ബച്ചനുമായി ചേര്‍ന്ന് മുഹബത്തായേം എന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിച്ചു.

ചല്‍ത്തെ ചല്‍ത്തേ, കല്‍ ഹൊ ന ഹോ, അശോക, ദേവദാസ്, വീര്‍സാര , ഡോന്‍, സ്വദേഷ്,പഹേലി, കഭി അല്‍ വിദ നാ കഹ് നാ, എന്നിവയ്ക്കു ശേഷം 2007 ഇറങ്ങിയ ‘ചക് ദേ’ വമ്പന്‍ ഹിറ്റായി. അക്കൊല്ലം ഇറങ്ങിയ ‘ഓം ശാന്തി ഓം‘ ബോക്സ് ഓഫീസ് റെക്കോഡുകള്‍ ഭേദിച്ചു മുന്നേറുകയാണ്.

സ്വന്തം ചിത്രമായ ഓം ശാന്തി ഓം ബോളിവുഡില്‍ വിജയിച്ചതോടെ ചലച്ചിത്ര നിര്‍മാണ രംഗത്തും ഷാരൂഖ്‌ ചുവടുറപ്പിച്ചു. സ്വന്തം ക്രിക്കറ്റ്‌ ടീമുമായി ഐ പിഎല്‍ ലീഗില്‍ മല്‍സരിച്ചതോടെ സൂപ്പര്‍ സ്റ്റാര്‍ എന്ന റോളില്‍ നിന്നും ബിസിനസ്‌ രംഗത്തേയ്ക്കും ഷാരൂഖ്‌ കടന്നിരിക്കുകയാണ്‌. ഇതോടെ കിങ്‌ ഖാന്‍ 'സ്വപ്നവ്യാപാരി എന്ന വിളി പേരും നേടി