ഏവരുടേയും കണ്മണി പ്രിയാമണീ

PROPRO
തമിഴ്ചിത്രമായ പരുത്തി വീരനിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയ പ്രിയാമണി ബാംഗ്ലൂരുകാരിയാണ് എന്ന് കരുതിയവര്‍ക്ക് തെറ്റി.

ഈ അയ്യര്‍ പെണ്‍‌കിടാവിന്‍റെ വേരുകള്‍ തിരുവനന്തപുരത്തും പാലക്കാടുമാണ്. പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞയായ കമലാ കൈലാസനാഥിന്‍റെ മകളുടെ മകളാണ് ഇപ്പോള്‍ എല്ലാവരുടെയും കണ്മണിയായ പ്രിയാമണി.

അമ്മയുടെ വീട് തിരുവനന്തപുരത്തെ അമ്പലമുക്കിലാണ്. പ്രിയയുടെ അച്ഛന്‍റെ നാട് പാലക്കാട്ടെ പുത്തൂരാണ്. അവിടെ നിന്നും കുടുംബം ബാംഗ്ലൂരിലേക്ക് കുടിയേറുകയായിരുന്നു. എങ്കിലും പ്രിയ മലയാളം മറന്നിട്ടില്ല. സത്യത്തില്‍ അഭിനയിച്ചതോടെയാണ് മലയാളം അല്‍പ്പം സംസാരിക്കാനുള്ള തന്‍റേടം വന്നത്. തമിഴും നന്നായി സംസാരിക്കും.
WDWD


പരുത്തിവീരനിലെ അഭിനയം പ്രിയയ്ക്ക് 2006 ലെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്തിരുന്നു. ഏതു വേഷവും ഇണങ്ങുന്ന ശരീരവും ഏത് കഥാപാത്രത്തേയും ഉള്‍ക്കൊള്ളാനാവുന്ന മുഖവും ഉണ്ടെന്നുള്ളതാണ് പ്രിയാമണിയുടെ സവിശേഷത.

ഏത് വേഷത്തിലും പ്രത്യക്ഷപ്പെടാനും പ്രിയയ്ക്ക് തെല്ലും മടിയില്ല. എന്നാല്‍ അത് മാത്രമല്ല പ്രിയയുടെ മികവ് എന്ന് രണ്ട് അവാര്‍ഡുകളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


മലയാളത്തില്‍ പൃഥ്വീരാജിനൊപ്പം സത്യത്തിലും കലൂര്‍ ഡെന്നീസിന്‍റെ മകന്‍ വിനു ഡെന്നീസിനോടൊപ്പം ഒറ്റനാണയത്തിലും അഭിനയിക്കുന്നതിനു മുമ്പ് പ്രിയ ധനുഷിനൊത്ത് ബാലു മഹേന്ദ്രയുടെ ഇത് കനാകാലം എന്നതടക്കം രണ്ട് തമിഴ്ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നാലു ചിത്രങ്ങളും പൊട്ടിപ്പാളീസായി.

അപ്പോഴാണ് പ്രിയ തെലുങ്കിലേക്ക് ചുവടുമാറ്റിയത്. അവിടെ മോഡേണ്‍ പെണ്‍‌കുട്ടിയായായിരുന്നു അഭിനയിച്ചത്. എല്ലാം ഒന്നിനൊന്ന് ഹിറ്റായിമാറി. അതോടെ പ്രിയയുടെ നല്ലകാലം വന്നു.

തമിഴില്‍ ഗ്രാമീണ പെണ്‍കൊടിയായിരുന്നു പ്രിയ. അമീര്‍ സുല്‍ത്താന്‍ പരുത്തിവീരന്‍ എടുക്കുമ്പോഴും ഗ്രാമീണ പെണ്‍കുട്ടിയായി പ്രിയാമണിയെ മനസ്സില്‍ കണ്ടിരുന്നു. ഇത് പ്രിയയെ ഇന്ത്യയിലെ മികച്ച നടിയെന്ന ആരും കൊതിക്കുന്ന ഉന്നത പദവിയില്‍ എത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ തവണ ഗോവയില്‍ നടന്ന അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലില്‍ കമലഹാസനൊപ്പം വേദി പങ്കിടാന്‍ പ്രിയയെ ക്ഷണിച്ചത് ഒരു വലിയ അംഗീകാരമായിരുന്നു.

മലൈക്കോട്ടയിലും തോട്ടായിലും പ്രിയാമണി അഭിനയിച്ചു കഴിഞ്ഞു. സിനിമകളില്‍ അല്‍പ്പം ശരീരം കാണിക്കുന്നതുകൊണ്ടോ ഗ്ലാമറസ്സായി അഭിനയിക്കുന്നതു കൊണ്ടോ വലിയ കുഴപ്പമൊന്നുമില്ലെന്നാണ് പ്രിയയുടെ പക്ഷം.