ഫെല്ലിനി-ഭ്രമാത്മകതയുടെ ചലച്ചിത്രകാരന്‍

ലോക സിനിമാ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സ്ഥാനം ഇറ്റാലിയന്‍ സിനിമകള്‍ക്കുണ്ട്. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ പ്രതിഭയുള്ള ഒട്ടേറെ പേരെ ലോകത്തിന് സമ്മാനിയ്ക്കാന്‍ ഇറ്റലിക്ക് കഴിഞ്ഞു.

റോബര്‍ട്ടോ റോസ്സല്ലിനി, ആല്‍ബര്‍ട്ടോ ലാറ്റ്യൂഡാ, ഫെഡറിക്കോ ഫെല്ലിനി എന്നിങ്ങനെ പോകുന്നു ആ പട്ടിക.

ഫെഡറിക്കോ ഫെല്ലിനിയ്ക്ക് ഒരു സവിശേഷ സ്ഥാനമുണ്ട്. ഇറ്റലിയില്‍ തുടര്‍ന്നു വന്ന സിനിമാ സങ്കല്പങ്ങളെ മാറ്റുന്ന രീതിയായിരുന്നു ഫെല്ലിനിയുടേത്. സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടനുമൊക്കെയായിരുന്നു ഫെല്ലിനി.

ഓര്‍മ്മകളും സ്വപ്നങ്ങളും ഭ്രമാത്മകമായ ഭാവനകളും കൂട്ടിച്ചേര്‍ത്താണ് ഫെല്ലിനി സിനിമകള്‍ ചെയ്തിരുന്നത്. അന്നു വരെ ചര്‍ച്ച ചെയ്യപ്പെടാത്ത കൗമാര ലൈംഗികത ഫെല്ലിനിയുടെ സിനിമയില്‍ ഉണ്ടായിരുന്നു. 1920 ജനുവരി 20ന് റിമിനിയിലാണ് ഫെല്ലിനി ജനിച്ചത്. 1993 ഒക്ടോബര്‍ 31 ന് അന്തരിച്ചു.

സിനിമാരംഗത്ത് തന്‍റേതായ സ്ഥാനം നേടിയെടുക്കുന്നതിന് മുമ്പ് ഏറെ കഷ്ടപ്പാടിലാണ് ഫെല്ലിനി വളര്‍ന്നത്. ഇറ്റലിയിലെ ഒരു ചെറിയ പട്ടണമായ റിമിനിയില്‍ ചെറുപ്പകാലം കഴിച്ചു കൂട്ടി. ആഭ്യന്തര കലാപങ്ങളും ഒന്നാം ലോക മഹായുദ്ധം ബാക്കിയാക്കിയിട്ടുപോയ വൈഷമ്യതകളും ഫെല്ലിനിയുടെ ബാല്യത്തെ ദുരിത പൂര്‍ണമാക്കി.

മുസ്സോളിനിയുടെ കീഴില്‍ ഫാസിസ്റ്റ് അനുയായികള്‍ ഇറ്റലിയെ തോന്നിയ മാതരി നയിക്കുമ്പോഴാണ് ഫെല്ലിനിയുടെ സിനിമാ അരങ്ങേറ്റം. സിനിമയിലെ നായകന്മാരുടെ ചിത്രങ്ങള്‍ വരച്ചും സിനിമാ പരസ്യങ്ങള്‍ക്കു വേണ്ടി ചിത്രങ്ങള്‍ വരച്ചുമായിരുന്നു ഫെല്ലിനിയുടെ തുടക്കം. അക്കാലത്ത് തന്നെ അലൈന്‍സാ സിനിമാട്ടോഗ്രാഫിക്കാ ഇറ്റാലിന എന്ന നിര്‍മ്മാണക്കമ്പനിക്ക് വേണ്ടി കഥയെഴുതുകയും ചെയ്തു.

ബെനിറ്റോ മുസ്സോളിനിയുടെ മകന്‍ വിറ്റോറിയോ മുസ്സോളിനിയായിരുന്നു ഈ കമ്പനിയുടെ ഉടമസ്ഥന്‍. വിറ്റോറിയോ മുസ്സോളിനിയാണ് പ്രശസ്ത സംവിധായകനായ റോബര്‍ട്ടോ റോസല്ലിനിയെ ഫെല്ലിനിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.


1944ല്‍ ഫാസിസത്തിന്‍റെ തകര്‍ച്ചയ്ക്കു ശേഷം ഫെല്ലിനി റോമില്‍ ഒരു കട തുടങ്ങി. ദ ഫണ്ണി ഫേസ് ഷോപ്പ് എന്ന ആ കടയില്‍ സിനിമാതാരങ്ങളുടെ രേഖാചിത്രങ്ങളും മറ്റ് ചിത്രകാരന്മാരുടെ ചിത്രങ്ങളും കച്ചവടത്തിനുണ്ടായിരുന്നു. റോസല്ലിനിയുമായുള്ള പരിചയം ദൃഢമാക്കുന്നതും ഇവിടെ വച്ചാണ്.

റോസല്ലിനിക്ക് വേണ്ടി റോമാ സിറ്റ അപ്പാര്‍ട്ടാ, പൈസാ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതി. റോസല്ലനിക്ക് പുറമേ മറ്റ് സംവിധായകരും ഫെല്ലിനിയുടെ കഥയ്ക്കു വേണ്ടി മുന്നോട്ടു വന്നു. പുതിയ കഥകളിലൂടെ ഫെല്ലിനി അങ്ങനെ സിനിമാരംഗത്ത് ശ്രദ്ധേയനായി.

1951 ലാണ് ഫെല്ലിനി ആദ്യമായി സംവിധാനം ചെയ്ത സിയന്‍കോ ബിയാന്‍ഗോ പുറത്തു വരുന്നത്. ട്രിപ്പ് ടു ടുലം, ഇന്‍റര്‍വിസ്ത്താ, ജിഞ്ചര്‍ ആന്‍റ് ഫ്രെഡ് എന്നിവയാണ് ഫെല്ലിനി സംവിധാനം ചെയ്ത മറ്റ് പ്രധാനപ്പെട്ട സിനിമകള്‍.

സിനിമാരംഗത്ത് 1993ലെ ഓസ്കാര്‍ പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ഫെല്ലനിക്ക് ലഭിച്ചിട്ടുണ്ട്. എഴുത്തിനും സംവിധാനത്തിനും പുറമെ 1948ല്‍ ഗോസെല്ലിനിയുടെ മിറാക്കോളോ എന്ന സിനിമയില്‍ ഫെല്ലിനി അഭിനയിക്കുകയും ചെയ്തു.

ഓസ്കാര്‍ പുരസ്കാരം ലഭിച്ച 1993ല്‍ തന്നെയായിരുന്നു ഫെല്ലിനിയുടെ മരണവും. റോമില്‍ മരണ ശേഷം റിമിനിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഫെല്ലിനിയുടെ പേരു നല്‍കി. ഫെല്ലിനി ഇന്ന് ജീവനോടെയില്ലെങ്കിലും ഭ്രമാത്മകമായ ഫെല്ലിനിയുടെ ദൃശ്യങ്ങളും സിനിമകളും ഇന്നും മറയാതെ നില്ക്കുന്നു.

വെബ്ദുനിയ വായിക്കുക