കരയുന്നോ പുഴ ചിരിക്കുന്നോ...

FILEFILE
മലയാള സിനിമാ രംഗത്തെ പ്രമുഖ സംഗീത സംവിധായകന്‍ ബി.എ. ചിദംബരനാഥ്‌ (81) സംഗീത ലോകത്തെയും ഇഹലോകത്തെയും വിട്ട് പിരിഞ്ഞു.

മലയാള സിനിമാ സംഗീത വഴികള്‍ ചിദംബര നാഥ് എന്ന സംഗീത സംവിധായകനെ ഒരിക്കലും മറക്കില്ല. വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെയാണ്‌ ചിദംബര നാഥ്‌ സിനിമാ സംഗീത സംവിധാന രഗത്ത്‌ എത്തിയത്‌. 1945 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ആശാ മോഹനം എന്ന ഗാനം ഇദ്ദേഹത്തിന് പ്രസിദ്ധി നേടിക്കൊടുത്തു.

പിന്നീട്‌ ഒട്ടേറെ ചിത്രങ്ങള്‍ക്ക്‌ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഇദ്ദേഹത്തിന്‍റെ പ്രധാന ഗാനങ്ങളില്‍ ചിലതാണ്‌ മുറപ്പെണ്ണിലെ കരയുന്നോ പുഴ ചിരിക്കുന്നോ, കായംകുളം കൊച്ചുണ്ണിയിലെ സുറുമ നല്ല സുറുമ, പകല്‍ക്കിനാവിലെ പകല്‍ക്കിനാവിന്‍..., കേശാദിപാദം തൊഴുന്നേന്‍.., കുഞ്ഞാലി മരയ്ക്കാരിലെ ഉദിക്കുന്ന സൂര്യന്‍, പോസ്റ്റ്‌ മാനിലെ അരിമുല്ല വള്ളി ആകാശ വള്ളി എന്നിവ.

മലയാള സിനിമയിലെന്നപോലെ നിരവധി തമിഴ്‌ സിനിമകള്‍ക്കും സംഗീതം നല്‍കിയ ചിദംബരനാഥ്‌ ചില സിംഹള ചിത്രങ്ങള്‍ക്കും സംഗീതം സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌.

തമിനാട്ടിലെ കന്യാകുമാരി ജില്ലയിലെ ഭൂതപാണ്ടിയില്‍ 1926 ലാണ്‌ ചിദംബരനാഥ്‌ ജനിച്ചത്‌. സംഗീത സാഹിത്യകാരനായ ബി.എ.അരുണാചലം അണ്ണാവിയുടെയും ചെമ്പകവല്ലിയുടെയും മൂത്ര പുത്രനായ ചിദംബരനാഥ്‌ പിതാവില്‍ നിന്നാണ്‌ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്‌. സംഗീതത്തോടൊപ്പം മൃദംഗം, വയലിന്‍ എന്നിവയിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു.

അരങ്ങേറ്റം മൃദംഗം വായിച്ചുകൊണ്ടായിരുന്നു. തിരുവിതാംകൂര്‍ ആസ്ഥാന വിദ്വാന്‍ കൂടിയായിരുന്ന പ്രസിദ്ധനായ മുത്തയ്യാ ഭാഗവതരുടെ ശിഷ്യയായ കുനിയൂര്‍ രേവമ്മയുടെ കച്ചേരിക്കായിരുന്നു ചിദംബരനാഥ്‌ ആദ്യം മൃദംഗ വിദ്വാനായത്‌.

നാഗമണി മാര്‍ത്താണ്ഡ നാടാരില്‍ നിന്നാണ്‌ ചിദംബരനാഥ്‌ വയലിനില്‍ തുടക്കം കുറിച്ചത്‌. കലൈമാമണി കുംഭകോണം രാജമാണിക്യം പിള്ളയില്‍ നിന്ന്‌ വയലിനില്‍ പ്രാവീണ്യം നേടി‌.

പിന്നീട്‌ ചെന്നൈയിലെത്തിയ ചിദംബരനാഥിന്‌ എം.എം.ദണ്ഡപാണി ദേശികരുടെ കച്ചേരികളില്‍ വയലിന്‍ വായന ആരംഭിച്ചതോടെ മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. അതാണ്‌ വെള്ളിനക്ഷത്രത്തിന്‍റെ സംഗീത സംവിധാനത്തില്‍ ചിദംബരനാഥിനെ എത്തിച്ചത്‌. തുടര്‍ന്ന്‌ അദ്ദേഹം തിക്കുറിശിയുടെ ആദ്യ ചിത്രമായ സ്ത്രീയുടെ സംഗീത സംവിധാനം നിര്‍വഹിച്ചു.

പി.ഭാസ്കരന്‍റെ വരികള്‍ക്ക്‌ ചിദംബരനാഥ്‌ സംഗീതം നല്‍കിയ രാജമല്ലി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്ത്‌ പ്രസിദ്ധമായി.

സ്റ്റേഷന്‍ മാസ്റ്റര്‍, പകല്‍ക്കിനാവ്‌, കായംകുളം കൊച്ചുണ്ണി, കള്ളിപ്പെണ്ണ്‌, കുഞ്ഞാലിമരയ്ക്കാര്‍, സഹധര്‍മ്മിണി, കോട്ടയം കൊലക്കേസ്‌, പോസ്റ്റ്‌മാന്‍, മാടത്തരുവി, കറുത്ത വേഷങ്ങള്‍, പാവപ്പെട്ടവള്‍, എന്‍.ജി.ഒ., ചെകുത്താന്‍റെ കോട്ട, വിദ്യാര്‍ത്ഥി, വിരുതന്‍ ശങ്കു, ജന്മഭൂമി, ആര്യന്‍കാവ്‌ കൊള്ളസംഘം, രഹസ്യം, ചട്ടമ്പിക്കവല, കളിപ്പാവ എന്നിവയാണ്‌ ചിദംബരനാഥ്‌ സംഗീത സംവിധാനം നിര്‍വഹിച്ച പ്രധാന ചിതങ്ങള്‍.

ഇടക്കാലത്ത്‌ ഇദ്ദേഹം തിരുവനന്തപുരം, കോഴിക്കോട്‌ ആകാശവാണി നിലയങ്ങളില്‍ വിദ്വാനായും സേവനമനുഷ്ഠിച്ചു.

തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ കലൈമാമണി പുരസ്കാരം ലഭിച്ച ഇദ്ദേഹം ഏകദേശം 30 ഓളം ചിത്രങ്ങള്‍ക്ക്‌ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌.

ഭാര്യ തുളസി കോഴിക്കോട്‌ സ്വദേശിയാണ്‌. മക്കള്‍: പ്രമുഖ സംഗീത സംവിധായകന്‍ രാജാമണി, കലാമണി, ധനമണി, സംഗീത, മുരളി, കൃഷ്ണവേണി. മരുമക്കള്‍: ആര്‍. ബാലന്‍, ഡോ. രഞ്ജിത്‌ മണക്കാടന്‍, പ്രദീപ്കുമാര്‍, ബീനാ രാജാമണി, വീണ, റീത്ത.

വെബ്ദുനിയ വായിക്കുക