കിഷോര്‍ കുമാര്‍ എന്ന ജീനിയസ്

ഇന്ത്യന്‍ സിനിമയിലെ സര്‍വകലാ വല്ലഭന്മാരില്‍ ഒരാളാണ് ഗായകന്‍ എന്ന നിലയില്‍ ഏറേ പ്രസിദ്ധനായ കിഷോര്‍ കുമാര്‍.

അദ്ദേഹത്തിന്‍റെ 78ാം പിറന്നാളാണ് 2007 ഓഗസ്റ്റ് 4 ന്. 1987 ഒക്ടോബര്‍ 13 നായിരുന്നു 58 ാം വയസ്സില്‍ കിഷോര്‍ കുമാര്‍ അന്തരിക്കുന്നത്.

ഗായകന്‍, നര്‍ത്തകന്‍, നടന്‍, ഹാസ്യനടന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ ഇങ്ങനെ ബഹുമുഖമാണ് കിഷോര്‍ കുമാറിന്‍റെ പ്രതിഭ. ആ നിലയ്ക്ക് അദ്ദേഹം ഒരു ജീനിയസ് ആണെന്ന് പറയാം.

മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖ്ന്വയിലെ ബംഗാളി കുടുംബത്തിലാണ് അഭാസ് കുമാര്‍ ഗാംഗുലി എന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് നാലിന് ജനിക്കുന്നത്. അച്ഛന്‍ വക്കീലായിരുന്ന കുഞ്ചന്‍ ലാല്‍ ഗാംഗുലി. അമ്മ ഗൗരി ദേവി ധനാഢ്യയായിരുന്നു.

കിഷോര്‍ കുമാറിന്‍റെ മൂത്ത ജ്യേഷ്ഠന്‍ അശോക് കുമാര്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ഉന്നതരായ നടന്മരില്‍ ഒരാളാണ്. സതീദേവി, നടനായ അനൂപ് കുമാര്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.

കെ.എല്‍.സൈഗളിനെ പോലെ പാടണമെന്നായിരുന്നു കൊച്ചുന്നാളില്‍ കിഷോറിന്‍റെ ആഗ്രഹം. ഒരിക്കല്‍ അശോക് കുമാറിനെ വീട്ടില്‍ കാണാനെത്തിയ സംഗീത സംവിധായകന്‍ എസ്.ഡി ബര്‍മ്മന്‍ കുളിമുറിയില്‍ നിന്നുള്ള കിഷോറിന്‍റെ പാട്ടുകേട്ട് ആകൃഷ്ടനാവുകയായിരുന്നു.

അന്നദ്ദേഹം ഒരുപദേശം കൊടുത്തു. സൈഗളിനെ അനുകരിക്കാന്‍ ശ്രമിക്കരുത്. അന്നുമുതല്‍ സ്വന്തമായൊരു ആലാപന ശൈലി വികസിപ്പിച്ചെടുക്കാന്‍ കിഷോര്‍ കുമാര്‍ ശ്രമിക്കുകയായിരുന്നു.

തൊണ്ട തുറന്നുള്ള പാട്ട് ഒരുകാലത്ത് കിഷോര്‍ കുമാറിന്‍റെ ഒരു സ്റ്റൈലായിരുന്നു. ജ്യേഷ്ഠന്‍ നടനായതുകൊണ്ട് കിഷോര്‍ കുമാറിന് അഭിനയത്തില്‍ വലിയ താത്പര്യമില്ലായിരുന്നു. പക്ഷെ, പഠോസന്‍, ചല്‍ത്തി കാ നാം ഗാഡി തുടങ്ങിയ ചിത്രങ്ങളിലെ കിഷോര്‍ കുമാറിന്‍റെ അഭിനയം ആറെയും വെല്ലുന്നതായിരുന്നു.

ഖേംചന്ദ് പ്രകാശ് എന്ന സംഗീത സംവിധായകന്‍ 1951 സിദ്ധി എന്ന ചിത്രത്തിന് വേണ്ടി പാടിച്ചതോടെയാണ് ഗായകനെന്ന നിലയില്‍ കിഷോര്‍ കുമാര്‍ ശ്രദ്ധ നേടുന്നത്.


നടന്‍ ദേവാനന്ദിന്‍റെ പാട്ടുകള്‍ കിഷോര്‍ കുമാറിനെ കൊണ്ട് പാടിച്ച് എസ്.ഡി.ബര്‍മ്മന്‍ അദ്ദേഹത്തെ ലപ്രതിഷിതനാക്കി. ഉദാഹരണം : ടക്സി ഡ്രൈവര്‍, പേയിം ഗസ്റ്റ്.

മജ് രൂഹ് സുല്‍ത്താന്‍പുരിയും ശൈലേന്ദയുമായിരുന്നു കിഷോര്‍ കുമാറിന്‍റെ ഇഷ്ടപ്പെട്ട ഗാനരചയിതാക്കള്‍. സ്വന്തം സിനിമകള്‍ക്ക് വേണ്ടി കിഷോര്‍ അവരെക്കൊണ്ടാണ് പാട്ടെഴുതിച്ചിരുന്നത്.

സംഗീതം സംവിധാനം ചെയ്യുന്നതിലും കിഷോര്‍ തത്പരനായിരുന്നു. കല്യാണ്‍ ജി ആനന്ദ് ജിയിലെ കല്യാണ്‍ ജി ഷായുമയിചേര്‍ന്ന് ബോളിവുഡില്‍ ആദ്യമായി അദ്ദേഹം ഇലക്ട്രോണിക് സംഗീതം അവതരിപ്പിച്ചു.

അറുപതുകളുടെ തുടക്കം കിഷോര്‍ കുമാറിന് അത്ര നന്നായിരുന്നില്ല. അദ്ദേഹം അഭിനയിച്ച പല സിനിമകളും പൊളിഞ്ഞു. ഇതിനിടെ 1962 ല്‍ ഹാഫ് ടിക്കറ്റ് എന്ന ചിത്രത്തില്‍ ആഖേ സീധീ ലഗീ എന്ന പാട്ട് സ്ത്രീ ശബ്ദത്തില്‍ പാടി കിഷോര്‍ ശ്ര്ദ്ധ നേടി. ശൈലേന്ദ്രയുടെ വരികള്‍ക്ക് സലില്‍ ചൗധുരിയായിരുന്നു സംഗീതം നല്‍കിയിരുന്നത്.

അക്കാലത്ത് മുഹമ്മദ് റാഫിയും മുകേഷുമായിരുന്നു ബോളിവുഡിലെ പ്രധാന പാട്ടുകാര്‍. ഇതിനിടെ 1965 ല്‍ ഗൈഡിന് വേണ്ടി ലതയോടൊപ്പം പാടിയ ഗാതാ രഹേ മേരാ ദില്‍ ...., 1967 ല്‍ ജുവല്‍ തീഫിന് വേണ്ടി പാടിയ യേ ദില്‍ ന ഹോതാ ബേചാരാ.. എന്നിവ പാട്ടുകാരനെന്ന നിലയില്‍ കിഷോറിനെ പിടിച്ചുനിര്‍ത്തി.

1966 ല്‍ എസ്.ഡി.ബര്‍മ്മന്‍റെ മകന്‍ ആര്‍.ഡി.ബര്‍മ്മന്‍ സംഗീത സംവിധായകനായി അടിച്ചുകയറിയപ്പോള്‍ ആദ്യം റാഫിക്ക് മാത്രമായിരുന്നു പാട്ടുകള്‍ നല്‍കിയിരുന്നത്.

പക്ഷെ, പിന്നീടദ്ദേഹം കിഷോര്‍ കുമാറിന്‍റെ ആരാധകനായി മാറി. പഡോസന്‍ എന്ന തമാശപടമാണ് ഇവരുടെ ആദ്യത്തെ സംരംഭം.

മേരെ സാം നേ വാലി ഖിഡിക്കീ മേം ഏക് ചാന്ദ് കാ തുക്ഡ രഹ്തീ ഹൈ തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ പഡോസനിലേതാണ്. ഈ ചിത്രത്തിലെ സംഗീത യുദ്ധം ഏക് ചതുരനാര്‍ കര്‍ക്കേ ശിംഗാര്‍ എന്ന പാട്ട് അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു.

ചിത്രത്തിലെ നായകനായ സുനില്‍ ദത്തിന്‍റെ സുഹൃ ത്തും ഗുരുവുമായ കിഷോര്‍ കുമാറും നയികയായ സൈരാ ബാനുവിന്‍റെ തമിഴന്‍ ഗുരുവായ മേഹമൂദും തമ്മിലുള്ള പാട്ടിലൂടെയുള്ള പയറ്റ് പാടിയത് കിഷോറും മന്നാഡേയുമായുന്നു.


ഇതോടൊഎ കിഷോര്‍ കുമാര്‍ എന്ന ഗായകന്‍ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. കിഷോര്‍ കുമാറിന്‍റെ ഒരു പാട്ടെങ്കിലും ഉണ്ടെങ്കിലേ ആല്‍ബങ്ങളും കസെറ്റുകളും വിറ്റുപോവൂ എന്ന സ്ഥിതി വന്നപ്പോള്‍ ലക്ഷ്മികാന്ത് പ്യാരേലാലിനെ പോലുള്ള സംഗീത സംവിധായകന്‍ റാഫിയെ മാറ്റി നിര്‍ത്തി കിഷോറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ തുടങ്ങി.

ലക്ഷ്മി കാന്തിന്‍റെഹാഥി മേരാ സാഥിയിലെ ‘ചല്‍ ചല്‍ മേരേ സാഥി...,‘ റോട്ടിയിലെ ‘മേരെ നസീബ് മേമ് .... ‘തുടങ്ങിയവ പ്രസിദ്ധമായി.

രാജേഷ് ഖന്ന സിനിമയില്‍ പ്രസിദ്ധനായതോടെ അദ്ദേഹത്തിന് വെണ്ടിയുള്ള മിക്കവാറും എല്ലാ പാട്ടുകളും കിഷോര്‍ കുമാര്‍ പാടാന്‍ തുടങ്ങി. അരാധനയിലെ ‘രൂപ് തേരാ മസ്താന പ്യാര് മേരാ ദീവാനാ‘ തുടങ്ങിയ ഗാനങ്ങള്‍.

പിന്നീട് അമിതാഭ് ബച്ചന്‍ നായകനായപ്പോള്‍ അദ്ദേഹത്തിന് വേണ്ടിയും കിഷോറാണ് പാടിയത്.

ഉദാഹരണത്തിന് ‘മൈ നെയിം ഈസ്സ് ആന്‍റണി ഗോണ്‍സാല്വസ്‘. ലതയും കിഷോറും ചേര്‍ന്ന് പാടിയ ‘അച്ഛാ തോ ഹം ചല്‍ത്തേ ഹേ ‘ ‘ഗാരി ബുലാ രഹീ ഹൈ ‘എന്നിവയും അക്കാലത്ത് പ്രസിദ്ധങ്ങളാണ്.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഷോലേയിലെ പാട്ടുകള്‍ കിഷോറായിരുന്നു പാടിയത്. ‘കൊയീ ഹം ദം ന രഹാ ‘തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകന്‍ കൂടിയാണ് കിഷോര്‍ കുമാര്‍.

കിഷോര്‍ കുമാര്‍ നാല് തവണ വിവാഹം ചെയ്തു.

ഗായികയും സത്യജ-ിത് റായിയുടെ ഭാര്യയുടെ ജ-്യേ ഷ് ഠത്തിയുടെ മകളുമായ രുമാ ഘോഷ് ആയിരുന്നു ആദ്യ ഭാര്യ. ഈ ബന്ധത്തിലുണ്ടായ മകനാണ് ഗായകനായ അമിത് കുമാര്‍.

1951 ല്‍ നടന്ന വിവാഹം 1958 ല്‍ വേര്‍പിരിയലില്‍ അവസാനിച്ചു. പിന്നീട് ഇന്ത്യയിലെ മാദകതാരമായിരുന്ന മധുബാലയെ അവര്‍ക്ക് അസുഖമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കിഷോര്‍ കുമാര്‍ വിവാഹം ചെയ്തു.

മധുബാലയുടെ മരണത്തിന് ശേഷം 6 വര്‍ഷം കഴിഞ്ഞ് ഹിന്ദി നടി യോഗിതാബാലിയെ സ്വന്തമാക്കിയെങ്കിലും മൂന്നു കൊല്ലം കൊണ്ട് ആ ബന്ധവും ഇല്ലാതായി.

വെബ്ദുനിയ വായിക്കുക