സൂപ്പര്‍ താരപദവിയുള്ള നടീനടന്മാര് നായക/നായികാ പദവിയില്‍ മാത്രം കണ്ണ് വെക്കാതെ കനപ്പെട്ട വേഷങ്ങള്‍ ചെയ്യുന്നത് ഹോളിവുഡില്‍ വലിയ സംഗതിയല്ല. ഹോളിവുഡിലെ ഏതാണ്ടെല്ലാ സൂപ്പര്‍ താരങ്ങളും മറ്റേതെങ്കിലും താരത്തിന് പ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കാന്‍ മടി കാണിക്കാറില്ല. ഇപ്പോള്‍ ഈ രീതി ഹിന്ദിയിലും പരീക്ഷിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധൂം സിനിമയുടെ മൂന്നാം ഭാഗം. താരമൂല്യത്തില്‍ അമീറിനൊപ്പം നില്ക്കുന്ന ഷാരൂഖ് ഖാനാണ് ധൂം 3-ല്‍ വില്ലന്‍ വേഷം അവതരിപ്പിക്കുക.
ധൂം ഒന്നില്‍ ജോണ്‍ എബ്രഹാം ആയിരുന്നു വില്ലന്‍. തകര്‍പ്പന്‍ കള്ളനായ ജോണ്‍ എബ്രാഹമിന്റെ നായക കഥാപാത്രത്തെ പിടിക്കാന്‍ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നടത്തുന്ന പരാക്രമങ്ങള്‍ ആയിരുന്നു ഈ സിനിമയുടെ ഹൈലൈറ്റ്. ധൂം രണ്ടിലാകട്ടെ ഹൃതിക് രോഷനായിരുന്നു വില്ലന്‍. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കൊള്ള നടത്തുന്ന വില്ലനെ പിടികൂടാനായി അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഇതിലും ശ്രമിക്കുന്നു.
ധൂം മൂന്നിലും, വില്ലനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പൊലീസുകാരായി അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടാകും. എന്നാല്‍ ഇവരൊന്നുമല്ല, സിനിമയില്‍ കൊടുംവില്ലനെ അവതരിപ്പിക്കുന്ന ഷാരൂഖ് ഖാനാണ് സിനിമയുടെ ഹൈലൈറ്റ്. ഷാരൂഖിന്റെ ഒരിക്കലും കാണാത്ത വില്ലന്‍ മുഖമാണ് ധൂം മൂന്നില്‍ പ്രേക്ഷകര്‍ കാണുക. ഷാരൂഖിനും അഭിഷേകിനും ഉദയ് ചോപ്രക്കും ഒരുപോലെ അഭിയിച്ച് തകര്‍ക്കാന്‍ പറ്റിയ മുഹൂര്‍ത്തങ്ങള്‍ ധൂം മൂന്നില്‍ ഉണ്ടാകും.
സഞ്ജയ് ഗാധ്വിയാണ് ധൂം ഒന്നും രണ്ടും സംവിധാനം ചെയ്തത്. ആദിത്യ ചോപ്രയായിരുന്നു നിര്‍മാതാവ്. എന്നാല്‍, ധൂം മൂന്ന് സംവിധാനം ചെയ്യുന്നത് സഞ്ജയ് ഗാധ്വി അല്ല, നിര്‍മാതാവായ ആദിത്യ ചോപ്ര തന്നെയാണ്. യന്തിരനില്‍ രജനീകാന്ത് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ കണ്ട് അതിശയിച്ചുപോയ ആദിത്യ ചോപ്ര ധൂമിലെ വില്ലനെ അവതരിപ്പിക്കാന്‍ രജനീകാന്തിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചോപ്രയുടെ യാഷ് രാജ് ഫിലിംസ് ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.