ഗൌതം മേനോനെ വിജയ് തഴഞ്ഞതിന്‍റെ കാരണങ്ങള്‍?

ചൊവ്വ, 11 ഡിസം‌ബര്‍ 2012 (13:02 IST)
PRO
ഗൌതം വാസുദേവ് മേനോനും ഇളയദളപതി വിജയും ഒന്നിക്കുന്നു! മാസങ്ങള്‍ക്ക് മുമ്പ് എല്ലാ മാധ്യമങ്ങളിലും പ്രാധാന്യത്തോടെ വന്ന വാര്‍ത്തയാണിത്. ‘യോഹന്‍: അധ്യായം ഒണ്‍‌റ്’ എന്ന് ഈ പ്രൊജക്ടിന് പേരും നിശ്ചയിച്ചിരുന്നു. ചിത്രത്തിന്‍റെ പോസ്റ്ററുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ പെട്ടെന്നൊരു ദിവസം എല്ലാം അവസാനിച്ചു. പ്രൊജക്ട് റദ്ദാക്കപ്പെട്ടു. ഗൌതം മേനോനും വിജയും രണ്ടുവഴിക്ക് പിരിഞ്ഞു. എന്താണ് ‘യോഹന്‍’ എന്ന പ്രൊജക്ടിന് സംഭവിച്ചത്? സംവിധായകന്‍ ഗൌതം മേനോന്‍ തന്നെ വ്യക്തമാക്കുന്നു.

“ആറുമാസം കുത്തിയിരുന്ന് കഥ ശരിയാക്കി, എല്ലാ ജോലികളും പൂര്‍ത്തിയാക്കി, അടുത്തയാഴ്ച ഷൂട്ടിംഗ് ആരംഭിക്കാം എന്ന സ്ഥിതിയില്‍ വരെ എത്തിയിരുന്നു കാര്യങ്ങള്‍. ലൊക്കേഷനുകള്‍ എല്ലാം റെഡിയായി, എ ആര്‍ റഹ്‌മാന്‍, ലണ്ടനിലെ ടെക്നീഷ്യന്‍സ് എല്ലാം റെഡിയായി. ഷൂട്ടിംഗിനായി യാത്രയാകാമെന്ന് നിശ്ചയിച്ചുറപ്പിച്ച ഘട്ടത്തില്‍ ‘എനിക്ക് കഥ ഇഷ്ടമായില്ല’ എന്ന് വിജയ് അറിയിച്ചു. ഒരു വിജയ് സിനിമയ്ക്ക് വേണ്ടി രണ്ടുതവണ ശ്രമിച്ച് ഞാന്‍ പരാജയപ്പെട്ടതാണ്. ഇപ്പോള്‍ വളരെ കഷ്ടപ്പെട്ടാണ് ഒരു കഥ റെഡിയാക്കിയത്. അതുകൊണ്ടുതന്നെ ‘എന്താണ് കാരണം സാര്‍?” എന്ന് ചോദിച്ചു ഞാന്‍” - ആ സമയത്തെ മാനസികാവസ്ഥയില്‍ തന്നെ ഗൌതം മേനോന്‍ കാര്യങ്ങള്‍ വിശദമാക്കുന്നു.

“ഇല്ല. വേണ്ട. എന്താണെന്നു പറയാന്‍ കഴിയുന്നില്ല. എനിക്ക് സെറ്റ് ആകുന്നില്ല” എന്ന് വിജയ് പറഞ്ഞു. എന്നാല്‍ കാരണം എന്താണെന്ന് അപ്പോഴും പറഞ്ഞില്ല. ഹീറോ തന്നെ പടം ചെയ്യേണ്ട എന്നുപറഞ്ഞാല്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും? - ഗൌതം മേനോന്‍ ചോദിക്കുന്നു.

“വേറൊരു കഥ റെഡിയാക്കാമെന്നുവരെ പറഞ്ഞുനോക്കി ഞാന്‍. ‘ഇല്ല. ഞാന്‍ എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന പടത്തിനായി പോകുന്നു’ എന്ന് പറഞ്ഞു അദ്ദേഹം. ഇതില്‍ക്കൂടുതല്‍ ഞാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ. അതിനുശേഷം ഞാനാണ് സംവിധായകന്‍ വിജയ്ക്ക് ഫോണ്‍ ചെയ്ത് ‘റെഡിയായി ഇരിക്കുക. വിജയ് നിങ്ങള്‍ക്ക് ഫോണ്‍ ചെയ്യും’ എന്ന് പറഞ്ഞത്. ഇതാണ് സംഭവിച്ചത്” - ഗൌതം മേനോന്‍ വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - അടുത്തത് സൂര്യ, പിന്നീട് അജിത്!

PRO
‘നീ താനേ എന്‍ പൊന്‍‌വസന്തം’ എന്ന ഗൌതം മേനോന്‍ ചിത്രം 14ന് റിലീസ് ആകുകയാണ്. അതിന് ശേഷം സൂര്യയെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ഗൌതം മേനോന്‍റെ പദ്ധതി.

“അടുത്ത് ചെയ്യാന്‍ പോകുന്ന പടം പക്കാ ആക്ഷന്‍ സിനിമയാണ്. സൂര്യയാണ് നായകന്‍. ഷങ്കര്‍ സാര്‍ ചെയ്യുന്നതുപോലെ ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും. ഗൌതം മേനോന് ഇത്തരം പടങ്ങളേ ചെയ്യാന്‍ കഴിയൂ എന്നൊരു ഇമേജ് ഉണ്ടെങ്കില്‍ അത് തകര്‍ക്കുന്ന രീതിയില്‍ ഒരു സിനിമയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. സൂര്യച്ചിത്രത്തിന് ശേഷം 2014ല്‍ അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട്” - ഗൌതം മേനോന്‍ അറിയിച്ചു.

വിജയ്, അജിത് എന്നീ സൂപ്പര്‍ സ്റ്റാറുകളെ ഒരുമിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കുങ്കുമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗൌതം വാസുദേവ് മേനോന്‍ പറയുന്നു.

“യോഹന്‍: അധ്യായം ഒണ്‍‌റ് എന്ന പ്രൊജക്ട് പാതിവഴിയില്‍ ഉപേക്ഷിച്ചെങ്കിലും വിജയ്ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. അദ്ദേഹം വലിയ ഹീറോയാണ്. ‘കാക്ക കാക്ക’ എന്ന ചിത്രത്തിന്‍റെ കഥ പോലും ആദ്യം വിജയോടാണ് പറഞ്ഞത്. അന്നും അത് വര്‍ക്കൌട്ട് ആയില്ല. അടുത്ത് ഒരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും വിജയെ വച്ച് ഒരു സിനിമയെടുക്കും. അജിത് - വിജയ് രണ്ടുപേരെയും ചേര്‍ത്ത് ഒരു പടം ചെയ്യണമെന്നുപോലും ആഗ്രഹമുണ്ട്. എന്നാല്‍ അവര്‍ അതിന് തയ്യാറാവില്ലല്ലോ” - ഗൌതം മേനോന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക