പഴയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് പരിചയമുണ്ടാവും അംബികാ - രാധാ സഹോദരിമാരെ. ‘രാജാവിന്റെ മകന്’ എന്ന സിനിമയില്‍ അംബിക അവതരിപ്പിച്ച നാന്‍സി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ലല്ലോ. അംബികയുടെ അനിയത്തിയായ രാധയും മലയാളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചി അംബികയോളം മലയാളത്തില്‍ പ്രസിദ്ധയല്ല എങ്കിലും പ്രേംനസീര്‍, മോഹന്‍ലാല്‍, മുകേഷ് എന്നിവരോടൊപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട് അനിയത്തിയായ രാധ.
രജനീകാന്ത്, കമലാഹാസന്, ചിരഞ്ജീവി, ധര്‍മ്മേന്ദ്ര തുടങ്ങി ഒട്ടേറെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കുകയും ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയെടുക്കുകയും ചെയ്തിട്ടുള്ള മലയാളിയായ രാധ, കേരളത്തിന് പുറത്ത് ഏറെ പ്രസിദ്ധയാണ്. വിവാഹശേഷവും ചേച്ചി അംബിക അഭിനയം തുടര്‍ന്നെങ്കിലും രാധ സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതാ രാധ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്, തന്റെ മകളെ സിനിമയില്‍ അഭിനയിപ്പിക്കുക വഴി.
രാധയ്ക്ക് മൂന്ന് പെണ്മക്കളാണുള്ളത്. മൂത്ത മകളുടെ പേര് കാര്‍ത്തിക. ചിദംബരത്ത് വച്ച് നടന്ന നാട്യാഞ്ജലി ഉത്സവത്തില്‍ കാര്‍ത്തിക നൃത്തമവതരിപ്പിച്ചിരുന്നു. രാധയും മകളോടൊപ്പം നൃത്തമാടിയത് ഏറെ മാധ്യമശ്രദ്ധയും പിടിച്ചുപറ്റുകയുണ്ടായി. നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കാര്ത്തികയ്ക്കിതാ സിനിമയില്‍ അഭിനയിക്കാന്‍ ഒരു സുവര്‍ണാവസരം വന്നിരിക്കുകയാണ്. തെലുങ്ക് സിനിമയിലൂടെയാണ് കാര്‍ത്തിക രംഗപ്രവേശം ചെയ്യുന്നത്.
തെലുങ്ക് സൂപ്പര്‍ താരമായ നാഗാര്‍ജ്ജുനയുടെ മകന് നാഗ ചൈതന്യ ആദ്യമായി അഭിനയിക്കുന്ന ‘ജോഷ്’ എന്ന സിനിമയിലൂടെയാണ് കാര്‍ത്തിക നായികയാവുന്നത്. ‘ജോഷി’ന്റെ സംഗീത സിഡി പുറത്തിറക്കുന്ന വേളയിലാണ് രാധയുടെ മകള്‍ കാര്‍ത്തിക സിനിമയില്‍ അഭിനയിക്കുന്ന വിവരം പുറംലോകം അറിയുന്നത്. സിഡി പുറത്തിറക്കുന്ന ചടങ്ങില്‍ അംബികയും രാധയും സംബന്ധിച്ചിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു ഈ പ്രകാശനച്ചടങ്ങ്.
‘എന്റെ മകള്‍ക്ക് തമിഴില്‍ നിന്ന് ഒരുപാട് ചാന്സുകള് വരികയുണ്ടായി. അഭിനയിപ്പിച്ചാലോ എന്ന് ഞാന്‍ കരുതിയതുമാണ്. അപ്പോഴാണ് ജോഷില്‍ നാഗ ചൈതന്യയുടെ നായികയായി അഭിനയിക്കാന്‍ ചാന്‍സ് വന്നത്. നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജ്ജുന, മുത്തച്ഛന് നാഗേശ്വരറാവു എന്നിവര്‍ക്കൊപ്പമൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഈ കുടുംബത്തില്‍ നിന്നുതന്നെ എന്റെ മകള്‍ക്ക് നായകനെ കിട്ടിയതില്‍ എനിക്ക് ഒട്ടേറെ അഭിമാനമുണ്ട്’ - രാധ പറഞ്ഞു.
ജോഷില്‍ രാധയും ഒരു ചെറിയ വേഷം അവതരിപ്പിക്കുന്നുണ്ട്. മകള്‍ക്ക് വേണ്ടി മാത്രമാണ് താനീ വേഷം ചെയ്യുന്നതെന്ന് പറഞ്ഞ രാധ, ജോഷിന് ശേഷം അഭിനയിക്കാന്‍ താല്പര്യമില്ലെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അമ്മയെ പോലെ, കാര്‍ത്തികയും വലിയ നടിയാവട്ടെയെന്ന് വലിയമ്മയായ അംബിക ആശംസിച്ചു.