ഇവിടെ ഒരു അച്ചന്‍കുഞ്ഞുണ്ടായിരുന്നു

പൗരുഷത്തിന്‍റെ ആള്‍രൂപമായിരുന്നു മലയാളസിനിമയില്‍ അച്ചന്‍കുഞ്ഞ്. ഭരതന്‍റെ സിനിമകളിലൂടെ കഴിവുതെളിയിച്ച അഭിനേതാവ്. തനി ഗ്രാമീണന്‍റെ പരുക്കന്‍ മുഖമായിരുന്ന അച്ചന്‍കുഞ്ഞിന്‍റെ ചരമവാര്‍ഷിക ദിനമായിരുന്നു ജൂലൈ ആറ്.

പകല്‍ മുഴുവന്‍ കോട്ടയം ബോട്ട് ജട്ടിയില്‍ ചുമുട്ടുകാരന്‍. രാത്രി സ്റ്റേജിലെ കലാകാരന്‍. ഇതിനിടയില്‍ കുടുംബത്തിന് വേണ്ടിയുള്ള കഠിനാദ്ധ്വാനവും . ഈ ജീവിതത്തിനിടയിലും എങ്ങനെയും സമയം കണ്ടെത്തി തന്നിലെ നടനെ വളര്‍ത്തി വലുതാക്കിയ ആത്മാര്‍ത്ഥതയുള്ള ഉന്നത കലാകാരനായിരുന്നു അച്ചന്‍കുഞ്ഞ്.

ഭാവാഭിനയത്തില്‍ അസാമാന്യ കഴിവു പ്രകടിപ്പിച്ചിരുന്ന അച്ചന്‍കുഞ്ഞ് കഥാപാത്രങ്ങളെ അടുത്തറിഞ്ഞ് അലിഞ്ഞുചേര്‍ന്നാണ് അഭിനയിച്ചിട്ടുള്ളത്. അവയെല്ലാംതന്നെ ഉജ്വലങ്ങളായിരുന്നു.

1953ല്‍ "വിധി' എന്ന നാടകത്തിലാണ് അച്ചന്‍കുഞ്ഞ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് കെ.പി.എ.സി, കേരളാ തീയേറ്റേഴ്സ് എന്നീ നാടകസമിതികളിലായി മുപ്പതുവര്‍ഷത്തോളം അനേകം കഥാപാത്രങ്ങള്‍ക്കു വേണ്ടി അച്ചന്‍കുഞ്ഞ് വേഷമിട്ടു.

ഭരതന്‍ സംവിധാനം ചെയ്ത ലോറിയാണ് അച്ചന്‍കുഞ്ഞിന്‍റെ ആദ്യ ചിത്രം. ആദ്യചിത്രത്തില്‍ തന്നെ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ്തന്നെ അച്ചന്‍കുഞ്ഞ് നേടി. ഈനാട്, പടയോട്ടം, ചാട്ട, അമ്പിളി അമ്മാവന്‍, മീനമാസത്തിലെ സൂര്യന്‍ ഈ ചിത്രങ്ങളിലെല്ലാം അച്ചകുഞ്ഞ് അവതരിപ്പിച്ച ഓരോ വേഷവും അച്ചന്‍കുഞ്ഞെന്ന സിനിമാനടന്‍റെ അനശ്വര വേഷങ്ങളായിരുന്നു.

സിനിമ അഭിനയവേദിയിലേയ്ക്ക് വൈകിവന്ന വെളിച്ചമായിട്ടും അച്ചന്‍കുഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളില്‍ 50 ചിത്രങ്ങളില്‍ അഭിനയിച്ചു. ഇടിമുഴക്കം പോലുള്ള സിംഹ ശബ്ദത്തിന്‍റെ ഉടമയായിരുന്നു അച്ചന്‍കുഞ്ഞ്. ഓരോ സീനിലും അച്ചന്‍കുഞ്ഞ് സംസാരിച്ചാല്‍ മറ്റു നടീനടന്മാരൊന്നും ആ ശബ്ദത്തിന്‍റെ മുന്നില്‍ ഒന്നുമല്ല.

സാധാരണ നടന്മാര്‍ കൈവെടിയുന്ന സ്ഥിരം മദ്യപാനി, കള്ളന്‍, ദുഷ്ടന്‍, കശ്മലന്‍, പോക്കിരി, ധിക്കാരി, പിടിവാശിക്കാരന്‍ എന്നീ വേഷങ്ങളാണ് അച്ചന്‍കുഞ്ഞ് സന്തോഷത്തോടെ കൈനീട്ടി വാങ്ങാറുള്ളത്. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ് അച്ചന്‍കുഞ്ഞ് അഭിനയത്തിന്‍റെ ആനന്ദം അറിഞ്ഞിരുന്നത്.

നിത്യജീവിതത്തില്‍ കണ്ടും അടുത്തറിഞ്ഞും അനുഭവിച്ചും പരിചയിച്ചിട്ടുള്ള അത്തരം സാധാരണക്കാരെ പെട്ടെന്നു മനസിലാക്കാന്‍ സാധാരണക്കാരന്‍റെ കൂടെ മാത്രം ജീവിതം മുഴുവനും ചിലവഴിച്ച അച്ചന്‍കുഞ്ഞിന് എളുപ്പമായിരുന്നു


നിത്യജീവിതത്തില്‍ കണ്ടും അടുത്തറിഞ്ഞും അനുഭവിച്ചും പരിചയിച്ചിട്ടുള്ള അത്തരം സാധാരണക്കാരെ പെട്ടെന്നു മനസിലാക്കാന്‍ സാധാരണക്കാരന്‍റെ കൂടെ മാത്രം ജീവിതം മുഴുവനും ചിലവഴിച്ച അച്ചന്‍കുഞ്ഞിന് എളുപ്പമായിരുന്നു.

അല്‍പം ഭീകരം എന്നു വേണമെങ്കില്‍ പറയാമായിരുന്ന ആ മുഖവും കലങ്ങിച്ചുവന്ന കണ്ണുകളും നീണ്ടുനിവര്‍ന്ന ആകാരവും ശ്രവണേന്ദ്രിയത്തെ ചുരണ്ടിമാന്തുന്ന വിധത്തിലുള്ള കനത്ത ശബ്ദവുമൊക്കെ ഇത്തരം ഭീകര കഥാപാത്രങ്ങളെ അവതരിപ്പിച്ചു വിജയിപ്പിക്കാന്‍ വേണ്ടി അച്ചന്‍കുഞ്ഞിന് പ്രകൃതി അറിഞ്ഞുതന്നെ നല്‍കിയ അനുഗ്രഹങ്ങളായിരുന്നു.

ഒരു സാധാരണക്കാരനായ ചുമട്ടുതൊഴിലാളിയായിരുന്നെങ്കിലും ജീവിതത്തില്‍ ചില ആദര്‍ശങ്ങള്‍ എന്നെന്നും കാത്തുരക്ഷിച്ച പ്രത്യേക ഒരു വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അച്ചന്‍കുഞ്ഞ്. ആര്‍ക്കുമുമ്പിലും ആ കലാകാരന്‍ അനാവശ്യമായി ഒരിക്കലും തലകുനിച്ചിട്ടില്ല. വിവരമുള്ളവനെന്ന് അച്ചന്‍കുഞ്ഞിനു ബോധ്യമായാല്‍ ആ അറിവിന്‍റെ മുമ്പില്‍ തല മാത്രമല്ല മുട്ടുമടക്കാനും കൂടി അദ്ദേഹം തയ്യാറുമാണ്.

അച്ചന്‍കുഞ്ഞിന്‍റെ ആഗ്രഹങ്ങള്‍ പരിമിതങ്ങളായിരുന്നു. ആരെയും ആശ്രയിക്കാതെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് കുടുംബം പട്ടിണിയില്ലാതെ കഴിയണം. മരിക്കുന്നതുവരെ അഭിനയിക്കണം. ഇതു മാത്രംകൊണ്ട് അച്ചന്‍കുഞ്ഞ് സംതൃപ്തനായിരുന്നു.

അച്ചന്‍കുഞ്ഞെന്ന കലാകാരന് അഭിനയം ആത്മദാഹമായിരുന്നു. ആ ദാഹശമനത്തിനായി എന്തു ത്യാഗം ചെയ്യാനും അദ്ദേഹം ഒരുക്കമായിരുന്നു. പകല്‍ മുഴുവന്‍ അത്യധ്വാനം ചെയ്തിട്ട് മൈലുകള്‍ക്ക് അകലെ അവതരിപ്പിക്കുന്ന നാടകത്തില്‍ പങ്കെടുക്കാന്‍ തക്കസമയത്ത് എത്താന്‍വേണ്ടി ബസിലും വേണ്ടി വന്നാല്‍ കാറിലും അച്ചന്‍കുഞ്ഞ് പാഞ്ഞെത്തുമായിരുന്നു.

നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അച്ചന്‍കുഞ്ഞ് പ്രിയങ്കരനായിരുന്നു. കോട്ടയം കച്ചേരിക്കടവിലും ബോട്ടുജട്ടിയിലുമുള്ള പാവപ്പെട്ടവരെയെല്ലാം തന്‍റെ സഹോദരന്മാരെപ്പോലെ അച്ചന്‍കുഞ്ഞ് സ്നേഹിച്ചു. അവര്‍ അദ്ദേഹത്തെയും. ആരോടും ചിരിച്ചുകൊണ്ടേ സംസാരിക്കുകയുള്ളൂ.

ആരെന്തു ദുഖം പറഞ്ഞാലും അച്ചന്‍കുഞ്ഞ് ശ്രദ്ധിക്കുകയും അതില്‍ പങ്കുചേരുകയും ചെയ്യും. കഷ്ടത കണ്ടാല്‍ കയ്യിലുള്ളതു കൊടുക്കും. ഇല്ലെങ്കില്‍ കടംവാങ്ങി കൊടുക്കും. പിന്നെ ചുമടെടുത്ത് കടം വീട്ടും. അതുകൊണ്ടു കൂടിയാകാം അവസാനം വരെ ഒന്നും സമ്പാദിക്കാന്‍ ആ കലാസ്നേഹിയ്ക്ക് കഴിയാതിരുന്നത്.

കോട്ടയം കച്ചേരിക്കടവ് നെല്ലിശേരി വീട്ടിലെ അംഗമാണ് അച്ചന്‍കുഞ്ഞ്. ഭാര്യ അച്ചാമ്മ ഐരാറ്റുപാടം പുല്ലട കുടുംബാംഗവുമാണ്. ഈ ദമ്പതികള്‍ക്ക് ഷാജന്‍, ഇസാമ്മ എന്നീ മക്കളുമുണ്ട്

വെബ്ദുനിയ വായിക്കുക