മാറ്റങ്ങൾ വേണം "അമ്മ ക്ഷമയുടെ പര്യായമോ, ദേവതയോ, സൂപ്പർ വുമണോ അല്ല" വൈറലായി സ്ത്രീ ശിശുക്ഷേമ വകുപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഞായര്‍, 9 മെയ് 2021 (12:49 IST)
മാതൃദിനത്തിൽ അമ്മ ദേവതയാണെന്നും ക്ഷമയുടെ പര്യായമാണെന്നും വീട്ടിലെ ജോലികളെല്ലാം തീർത്ത് ജോലിസ്ഥലത്ത് ജോലിയും പൂർത്തിയാക്കുന്ന സൂപ്പർ വുമണാണെന്നുമുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
 
ഇത്തരത്തിൽ ജെൻഡർ റോളുകളിലേക്ക് മാതൃത്വത്തെ തളച്ചിടുന്നത് ഏറെ കാലമായി നമ്മിക്കിടയിൽ നടക്കുന്ന ഒന്നാണ് . അമ്മയെ ദേവതയായും ക്ഷമയുടെ പര്യായവുമായെല്ലാമായി ഉപമിച്ചുകൊണ്ടാണ്  ഇത് ചെയ്‌തെടുക്കുന്നത്. ഇപ്പോളിതാ ഈ മുൻവിധികൾ നമുക്കൊഴിവാക്കാം എന്ന സന്ദേശവുമായി എത്തിയിരിക്കുകയാണ് സ്ത്രീ ശിശുക്ഷേമ വകുപ്പ്.
 
ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. അവരെല്ലാവരും സ്വത‌ന്ത്രമായ വ്യക്തികളാണ്. ഇത് അംഗീകരിക്കുക മാത്രമാണ് നാം ചെയ്യേണ്ടതെന്നും സ്ത്രീ ശിശുക്ഷേമ വകുപ്പ് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച പോസ്റ്റിൽ പറയുന്നു.
 
മറ്റുള്ളവരെ പോലെ സ്നേഹവും സങ്കടവും ദേഷ്യവും ക്ഷീണവും എല്ലാമുള്ളൊരു സാധാരണ വ്യക്തി മാത്രമാണ് അമ്മ. പ്രതീക്ഷകളുടെ ഭാരമേൽപ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്ന് ഓർക്കാം. അവരെ അവരായി തന്നെ അംഗീകരിക്കാം. പോസ്റ്റിൽ പറ‌യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍