‘രമയുടെ ദുഃഖം കണ്ട് സഹിച്ചില്ല; തോക്കുമായി പിണറായിയെ വിരട്ടാന്‍ പുറപ്പെട്ടു’
വ്യാഴം, 4 ഏപ്രില്‍ 2013 (12:52 IST)
PRO
PRO
കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വിധവ രമയുടെ ദുഃഖം കണ്ട് സഹിക്കാഞ്ഞിട്ടാണ് താന്‍ എത്തിയതെന്ന് പിണറായി വിജയന്റെ വീടിന് സമീപത്ത് നിന്ന് തോക്കുമായി പിടിയിലായ ആള്‍. നാദാപുരം വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് പിണറായിയുടെ വീടിന് മുന്നില്‍ വച്ച് ബുധനാഴ്ച പിടിയിലായത്.
“രമയുടെ സങ്കടം മനസ്സില്‍ നിന്ന് മായുന്നില്ല. കമ്മ്യൂണിസ്റ്റുകാരനാണ് താന്‍. പിണറായിയെ ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. കോഴിക്കോട് നടക്കാവിലെ കടയില്‍ നിന്ന് 8500 രൂപയ്ക്ക് ഒരു എയര്‍ഗണ്‍ വാങ്ങിയത് രണ്ടുമാസം മുമ്പാണ്. അതുമായാണ് പിണറായിയെ ഭീഷണിപ്പെടുത്താന്‍ എത്തിയത്“-കുഞ്ഞികൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു.
എയര്‍ഗണും കൊടുവാളുമാണ് ഇയാളുടെ കൈയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മകന്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ അക്രമസ്വഭാവം കാണിക്കാറില്ലെന്നും പറഞ്ഞു. ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിന് ധര്‍മ്മടം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
സംഭവം പരിശോധിച്ചുവരികയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പ്രതികരിച്ചു. പിണറായിയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.