സ്ത്രീകള്‍ക്ക് മൊബൈലിനെ ഭയക്കാം

വെള്ളി, 1 ജനുവരി 2010 (13:55 IST)
PRO
മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരുടെ പോലും ഉറ്റ തോഴനായി മാറിയിരിക്കുന്നു. പല നിറങ്ങളില്‍, പല വലിപ്പത്തില്‍, വ്യത്യസ്ത കഴിവുകളുള്ള ഈ തോഴന്‍ പുരുഷന്‍‌മാരുടെ പോക്കറ്റിലും സ്ത്രീകളുടെ ഭംഗിയുള്ള മൊബൈല്‍ സഞ്ചികളിലും കയറിപ്പറ്റിയെന്നു മാത്രമല്ല പിരിയാന്‍ പറ്റാത്ത ഒരു സുഹൃത്ത് എന്ന സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ജീവിതത്തില്‍ മൊബൈലിന്റെ സ്ഥാനം വര്‍ദ്ധിച്ചുവരികയാണെങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള ‘മൊബൈല്‍ അത്രിക്രമങ്ങള്‍’ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണെന്നത് തള്ളിക്കളയാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യമാണ്.

പരശുറാം എക്സ്പ്രസില്‍, ജയന്തിജനതയില്‍ അല്ലെങ്കില്‍ തിരക്കേറിയ നഗരത്തിലൂടെ നടന്നുപോകുന്ന അവസരത്തില്‍ മൊബൈല്‍ എന്ന ഇത്തിരിപ്പോന്ന സുഹൃത്ത് കണ്ണൊന്നു ചിമ്മിയടച്ചാല്‍ സ്ത്രീകളുടെ കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ചെളിപുരളാന്‍ അധിക സമയമൊന്നും വേണ്ടി വരില്ല. ഇവര്‍ അറിയാതെ ഇവരുടെ അശ്ലീല ചിത്രങ്ങള്‍ നെറ്റിലും മൊബൈലുകളിലും പ്രചരിക്കാന്‍ അധികസമയമെടുത്തെന്ന് വരില്ല. ശാലു മേനോന്‍ മുതല്‍ ശില്‍പ്പ ഷെട്ടി വരെ അരങ്ങ് തകര്‍ക്കുന്നു എന്ന പേരില്‍ വ്യാജ ക്ലിപ്പിംഗുകള്‍ ഇന്ന് സുലഭമാണെന്നിരിക്കെ സാധാരണ സ്ത്രീകളുടെയും പ്രത്യേകിച്ച് വിവാഹിതകളുടെയും ഉദ്യോഗസ്ഥകളുടെയും പ്രാദേശികചുവയുള്ള രംഗങ്ങള്‍ക്കും ഇപ്പോള്‍ മാര്‍ക്കറ്റ് ഡിമാന്റ് കൂടുന്നു.

മഴയത്ത് സാരിയുടെ സ്ഥാനം അല്‍പ്പം തെറ്റിയാലോ അല്ലെങ്കില്‍ ട്രെയിന്‍ യാത്രക്കിടയില്‍ വസ്ത്രങ്ങളുടെ സ്ഥാനം മാറിയാലോ സ്ത്രീകള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. ചിത്രങ്ങള്‍ വിരുതോടെ സംയോജിപ്പിക്കാന്‍ കഴിഞ്ഞാല്‍, നല്ലൊരു മൊബൈല്‍ ബിറ്റ് റഡി. ഒരു നഗരത്തിന്റെ പേരില്‍ അല്ലെങ്കില്‍ അവരുടെ ജോലി ഹൈലൈറ്റ് ചെയ്ത് ഇറങ്ങുന്ന ചൂടന്‍ മൊബൈല്‍ രംഗത്തിന് കാശ് ഉറപ്പായി കഴിഞ്ഞു. ഒരു പക്ഷേ ഈ ‘ബിറ്റ്’ പുറത്തിറങ്ങുന്നതിനുമുമ്പ് ‘ഇര’ ഒരു ബ്ലാക്മെയിലിംഗിനും വിധേയരായേക്കാം.

അമ്പലപ്പുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ വര്‍ഷം സ്കൂള്‍ മുറിയില്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ലൈംഗിക പീഡനവും മൊബൈല്‍ ക്യാമറയുമാണ് വില്ലന്‍മാരായതെന്ന ആരോപണമുയര്‍ന്നത് നമുക്ക് മറക്കാതിരിക്കാം. ഇതേപോലെ, എത്രയോ ബ്ലാക്ക്‍മെയിലിംഗ് നടക്കുന്നുണ്ടാവാം. സ്ത്രീകളെ വലയില്‍ കുടുക്കുന്നവര്‍ അവരെ ഒരിക്കലും മോചിപ്പിക്കാന്‍ ആഗ്രഹിക്കുകയില്ല.

അശ്ലീല മൊബൈല്‍ ചിത്രങ്ങളും വീഡിയോകളും വില്‍ക്കുന്ന സംഘങ്ങള്‍ എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനം നടത്തുന്നുണ്ട്. വലിയ വിലയില്ലാതെ ‘വിലക്കപ്പെട്ട കനി’ തേടിയിറങ്ങുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥി സമൂഹമാണെന്നത് അപകടത്തിന്റെ ആഴത്തെ കുറിച്ച് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു. ഒരിക്കല്‍ വാങ്ങിയാല്‍ ഈ രംഗങ്ങള്‍ ‘ബ്ലൂടൂത്ത്’ സംവിധാനം വഴി എല്ലാ കൂട്ടുകാര്‍ക്കും എത്തിച്ചു കൊടുക്കാനും അനായാസേന സാധിക്കും.

ഇതില്‍ നിന്ന് രക്ഷ നേടാന്‍ എന്തു ചെയ്യണം? ഒരു പരിധിവരെ സ്ത്രീകള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്. ഇക്കാലത്ത്, മിക്ക മൊബൈലുകളിലും റിക്കോര്‍ഡിംഗ് സൌകര്യമുണ്ട് എന്ന കാര്യം വിസ്മരിക്കാതിരിക്കുക. പരിചിതരോ അപരിചതരോ നിങ്ങളുടെ നമ്പറില്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാം. ഒന്നുകില്‍ ഒരു റോംഗ് നമ്പര്‍, അല്ലെങ്കില്‍ വീഴ്ത്താനുള്ള ഒരു “നമ്പര്‍”. ഫോണിലൂടെയുള്ള സംഭാഷണം കാര്യമാത്ര പ്രസക്തമായി അവസാനിപ്പിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളെ വേട്ടയാടാനുള്ള ശ്രമത്തില്‍ വീണു പോയാല്‍ നിങ്ങളുടെ റിക്കോര്‍ഡ് ചെയ്ത സംസാരം വില്ലനായി സമീപഭാവിയില്‍ നിങ്ങളുടെ ഉറക്കംകെടുത്തുമെന്ന് ഉറപ്പ്.

മെസേജുകളും ഇത്തരത്തില്‍ വില്ലന്‍‌മാരാവാം. ആദ്യം ജോക്കുകളില്‍ തുടങ്ങുന്ന കളി തുടരാന്‍ അനുവദിക്കുന്നത് അശ്ലീല സന്ദേശങ്ങള്‍ക്കുള്ള ക്ഷണക്കത്ത് നല്‍കലായിരിക്കും എന്ന് തിരിച്ചരിയുക. ഈ അശ്ലീല സന്ദേശങ്ങള്‍ക്ക് മറുപടി നേരിട്ട് ചോദിച്ച് ആളുകള്‍ രംഗത്ത് എത്തുമ്പോഴായിരിക്കും ശരിക്കുള്ള കുടുക്ക് മുറുകുന്നത്.

മൊബൈലിലൂടെ ഉണ്ടാവുന്ന ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണമെന്നാണ് വിവിധ മേഖലകളിലുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മൊബൈല്‍ സെക്സിന്റെ ഏറ്റവും വലിയ ഉപയോക്താക്കള്‍ വിദ്യാര്‍ത്ഥി സമൂഹമാണെന്നിരിക്കെ, വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അത് ക്യാമറയില്ലാത്ത സാധാരണ മൊബൈല്‍ ആവുന്നതായിരിക്കും നല്ലതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഇവരുടെ മൊബൈലില്‍ അനാവശ്യ സന്ദേശങ്ങളും കോളുകളും വരുന്നില്ല എന്ന് ദിവസേനയെന്നോണം നിരീക്ഷിക്കുകയും വേണം.

ഇനി സ്ത്രീകള്‍ സ്വയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്. ബാത്ത്‌റൂമിലായാലും ക്ലാസിലായാലും യാത്രയിലായാലും നിങ്ങളുടെ ചലനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നു എന്ന ഒരു ഉള്‍‌ബോധം പുലര്‍ത്തണം. നിങ്ങളെ മൊബൈല്‍ ക്യാമറയിലോ മറ്റോ പകര്‍ത്താന്‍ ശ്രമിക്കുന്നു എങ്കില്‍ ഉടന്‍ പ്രതികരിക്കുക. പ്രതികരണം കര്‍ക്കശമാവുന്നതില്‍ മടിക്കേണ്ട കാര്യമില്ല എന്ന് മനസ്സിലാക്കുക. സംശയമുള്ള മൊബൈല്‍ മറ്റുള്ളവരുടെ സഹായത്തോടെ പിടിച്ചെടുത്ത് അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനും മടിക്കേണ്ടതില്ല. അപരിചരുടെയും പരിചയക്കാരുടെയും അനാവശ്യ കോളുകള്‍ പ്രോത്സാഹിപ്പിക്കേണ്ട. ഫോണിലൂടെയുള്ള അനാവശ്യം കൂടുകയാണെങ്കില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടണം. മൊബൈല്‍ ശല്യത്തിനുള്ള നിയമപരമായ ഏക പോംവഴി അതുതന്നെയാണ്.

വെബ്ദുനിയ വായിക്കുക