സ്തനാര്‍ബുദം തീരാശാപമായ കുടുംബം; ആഞ്ജലീനയുടെ ആന്റിയും മരിച്ചു

തിങ്കള്‍, 27 മെയ് 2013 (16:22 IST)
PRO
PRO
സ്തനാര്‍ബുദം ഹോളിവുഡ് നടി ആഞ്ജലീന ഷൂലിയുടെ കുടുംബത്തിലെ ഒരംഗത്തിന്റെ കൂടി ജീവനെടുത്തു. ആഞ്ജലീനയുടെ ഇളയമ്മ ഡെബി മാര്‍ട്ടിന്‍ (61) ആണ് സ്തനാര്‍ബുദം ബാധിച്ച് മരിച്ചത്. സ്തനാര്‍ബുദം തടയാനുള്ള മുന്‍കരുതലായി താന്‍ സ്തനംനീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി എന്ന് ആഞ്ജലീന വെളിപ്പെടുത്തി രണ്ട് ആഴ്ച തികയുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.

ആഞ്ജലീനയുടെ അമ്മ മാര്‍ഷെലിന്‍ ബെര്‍ട്രാന്‍ഡ് 2007ലാണ് സ്തനാര്‍ബുദം ബാധയെ തുടര്‍ന്ന് മരിച്ചത്. അവര്‍ക്ക് അന്ന് 56 വയസ്സായിരുന്നു പ്രായം. ബെര്‍ട്രാന്‍ഡിന്റെ സഹോദരിയാണ് ഡെബി മാര്‍ട്ടിന്‍. ആഞ്ജലീനയുടെ അമ്മയെ അണ്ഡാശയാര്‍ബുദവും ബാധിച്ചിരുന്നു.

ആഞ്ജലീനയ്ക്ക് സ്തനാര്‍ബുദം വരാന്‍ 87 ശതമാനം സാധ്യതയും അണ്ഡാശയാര്‍ബുദം വരാന്‍ 50 ശതമാനം സാധ്യതയും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ സ്തനങ്ങള്‍ നീക്കംചെയ്ത് കൃത്രിമസ്തനങ്ങള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞ മെയ് 14നാണ് 37കാരിയായ ആഞ്ജലീന ഇക്കാര്യം വെളിപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക