തൊട്ടാല്‍ പൊട്ടുന്ന പ്രായമെന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ? ഏതാണാപ്രായം...ഒരു പതിനേഴ് മുതല്‍ ഇരുപതുകളുടെ ആദ്യപടവുകള്‍ വരെയെന്നാവും സാധാരണഗതിയില്‍ നാം പറയുക. എന്നാല്‍, ഈ ധാരണയൊക്കെ മാറ്റി സുന്ദരികള്‍ വീണ്ടുമൊരു ആത്മപരിശോധന നടത്താന്‍ സമയമായി എന്നാണ് തോന്നുന്നത്.
ഭൂരിഭാഗം സ്ത്രീകള്‍ക്കും മുപ്പതുകളുടെ തുടക്കത്തിലാണത്രേ ആകര്‍ഷണീയതയുണ്ടെന്ന് സ്വയം തോന്നുന്നത്! ഏറ്റവും സൌന്ദര്യവതികളായിരുന്നത് ഈ കാലഘട്ടത്തിലായിരുന്നു എന്ന് അവര്‍ കരുതുകയും ചെയ്യുന്നു. ഒരു പഠനമാണ് രസകരമായ ഈ വിവരം പുറത്തുവിട്ടത്.
ബ്രിട്ടനില്‍ നടന്ന പഠനത്തില്‍ നാല്‍പ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ള 1500 വനിതകളുടെ പ്രതികരണമാണ് കണക്കിലെടുത്തത്. ഇവരില്‍ 38 ശതമാനവും മുപ്പതുകളുടെ തുടക്കത്തില്‍ സൌന്ദര്യത്തിലും ആകര്‍ഷണീയതയിലും മുന്നിട്ടു നിന്നു എന്ന് വിശ്വസിക്കുന്നു. ഇവരില്‍ തന്നെ ഭൂരിഭാഗവും 32 വയസ്സിലാണ് സൌന്ദര്യം ഏറ്റവും മികച്ച നിലയിലാതെന്നും കരുതുന്നു.
ഇരുപതുകളില്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന സുരക്ഷിതത്വ ബോധമില്ലായ്മയും ജീവിതപ്രശ്നങ്ങളും മാറിവരുന്നതാണ് സ്ത്രീകള്‍ക്ക് മുപ്പതുകളില്‍ ആത്മ വിശ്വാസം കൂട്ടുന്നതെന്ന് പഠനം നടത്തിയവര്‍ വിശദീകരിക്കുന്നു.