ചെന്നൈ വെസ്റ്റ് മാമ്പലം പളവൂര്‍പുരം ഗോവിന്ദരാജ് സ്‌ട്രീറ്റില്‍ ഷമീല സുബ്രഹ്‌മണ്യത്തെ(23) മൂന്നാറില്‍ വച്ച് സ്വന്തം ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. എന്നാല്‍ ഭാര്യയെ കൊന്ന് മൂന്നാറില്‍ നിന്ന് രക്ഷപ്പെട്ട ഭര്‍ത്താവ് മഹേഷ് കുമാറാകട്ടെ (30) ഈറോഡില്‍ പോയി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത അറിഞ്ഞതോടെ ഞെട്ടല്‍ ഇരട്ടിയായി. ചെന്നൈയില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയായ ഷമീലയും ചെന്നൈയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനായ മഹേഷ് കുമാറും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്താനും ആത്മഹത്യ ചെയ്യാനും മഹേഷ് കുമാറിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് ഷമീലയുടേത്. ഷമീലയുടെ അച്ഛന്‍ സുന്ദരം മൂന്നുവര്‍ഷം മുമ്പ് മരിച്ചു. അമ്മ ഇപ്പോഴും സ്വന്തം നാടായ മധുരയില്‍ തന്നെ താമസിക്കുന്നു. പഠിക്കാനായാണ് ഷമീല ചെന്നൈയില്‍ എത്തിയത്. ചെന്നൈയില്‍ പഠിക്കുമ്പോള്‍ കാമ്പസ് സെലക്ഷനിലൂടെയാണ് എച്ച്‌പി എന്ന ഐടി കമ്പനിയില്‍ ജോലി ലഭിച്ചത്. ഷമീലയുടെ സഹോദരിക്കും ഐടി കമ്പനിയിലാണ് ജോലി. ജോലിയുടെ ഭാഗമായി കോയമ്പത്തൂരില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുക്കുമ്പോഴാണു മഹേഷിനെ പരിചയപ്പെട്ടത്. ഈറോഡാണ് മഹേഷ് കുമാറിന്റെ നാട്. പത്ത് വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങിയ മഹേഷ് പല മെട്രോ നഗരങ്ങളിലും ജോലി നോക്കുകയും അവസാനം ചെന്നൈയില്‍ എത്തുകയും ചെയ്തു.
മൂന്നുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു. അതിനാല്‍ വീട്ടുകാരുമായി ഇവര്‍ക്ക് സ്വരച്ചേര്‍ച്ചയില്ലായിരുന്നു. വിവാഹം കഴിഞ്ഞ ശേഷമാണ് ഷമീലയുടെ ചില ബന്ധങ്ങളെ പറ്റി മഹേഷ് മനസിലാക്കിയത്. മഹേഷ് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ഇവരുടെ ബന്ധം ഉലഞ്ഞു. തുടര്‍ന്ന് വിവാഹമോചനത്തിനായി ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്‌തു. എന്നാല്‍, തനിക്ക് ഭാര്യയില്ലാതെ ജീവിക്കാന്‍ വയ്യ എന്ന് മനസിലാക്കിയ മഹേഷ് വീണ്ടും ഒരുമിച്ച് താമസിക്കാന്‍ ഷമീലയെ നിര്‍ബന്ധിക്കുകയായിരുന്നു. രണ്ടാം മധുവിധു ആഘോഷിക്കാനാണ് ഇരുവരും മൂന്നാറില്‍ എത്തിയത്.
അടുത്ത പേജില്‍ - ‘മൂന്നാറില്‍ എന്തുസംഭവിച്ചു?’
കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടാണ് ഷമീലയും മഹേഷും മൂന്നാറില്‍ എത്തിയത്. ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെ പഴയ മൂന്നാര്‍ മൂലക്കടയിലെ ഗ്രീന്‍വ്യൂ റിസോര്‍ട്ടില്‍ മുറിയെടുത്തു. ശനിയാഴ്‌ച ഓട്ടോറിക്ഷയിലും പിറ്റേന്നു വാടക ബൈക്കിലും ചുറ്റിക്കറങ്ങി. രാത്രിയില്‍ ഇവര്‍ തിരിച്ച് റിസോര്‍ട്ടില്‍ എത്തി. ഇരുവരും എന്തൊക്കെയോ പറഞ്ഞ് തര്‍ക്കിക്കുകയും അവസാനം തര്‍ക്കം ബഹളത്തില്‍ എത്തുകയും ചെയ്തതായി റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. ഭാര്യയും ഭര്‍ത്താവും ആയതിനാല്‍ ബഹളം കാര്യമാക്കിയില്ലെന്നും ബഹളം താമസിയാതെ അവസാനിച്ചു എന്നുമാണ് ജീവനക്കാരന്‍ വെളിപ്പെടുത്തിയത്.
മുറി ഒഴിയാന്‍ ബില്ല് ശരിയാക്കണമെന്ന് മഹേഷ് പറഞ്ഞതായും ഹോട്ടല്‍ ജീവനക്കാരന്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍, രാവിലെ എട്ടുമണി കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനാല്‍ സംശയം തോന്നി, മറയില്ലാത്ത ജനാലയില്‍ക്കൂടി നോക്കിയപ്പോഴാണ് കൊലപാതകം നടന്നതായി മനസിലായത്. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ശ്യാമള വെട്ടുംകുത്തുമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ഭിത്തികളിലും രക്തക്കറ പറ്റിപ്പിടിച്ചിരുന്നു. കൊലയ്ക്കുശേഷം മുറി അകത്തുനിന്നും കുറ്റിയിട്ട ശേഷം ജനാലയുടെ സ്ലാബുകള്‍ ഉയര്‍ത്തിയാണ് മഹേഷ്കുമാര്‍ പുറത്തുകടന്നതെന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നത്.
ഷമീലയെ വധിച്ചത് മഹേഷാണെന്ന് വ്യക്തമായതോടെ മഹേഷിന്റെ മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്തുകൊണ്ട് പൊലീസ് ഇയാളുടെ ഈറോഡിലുള്ള വീട് കണ്ടെത്തി. മാതാപിതാക്കളോടും ബന്ധുക്കളോടും മഹേഷിനെ പറ്റി ചോദിച്ചെങ്കിലും അവര്‍ക്കാര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. കാരണം, വീട് വിട്ട് പോയതില്‍ പിന്നെ, ഇയാള്‍ വീടുമായോ നാടുമായോ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് കേരളാ പൊലീസും തമിഴ്നാട് പൊലീസും സഹകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന് ഇടയിലാണ് ഈറോഡിലുള്ള മഹേഷിന്റെ വീടിന്റെ പിന്‍വശത്തുള്ള വേപ്പുമരത്തില്‍ മഹേഷ് തൂങ്ങിമരിച്ച വിവരം ലഭിക്കുന്നത്.
അടുത്ത പേജില്‍ - ‘പ്രിയ പൊലീസുകാരേ...’ മഹേഷിന്റെ കത്ത്
മഹേഷിന്റെ മൃതദേഹം വേപ്പുമരത്തില്‍ നിന്ന് താഴെയിറക്കിയ പൊലീസിന് രണ്ട് കത്തുകള്‍ ലഭിച്ചു. അതിലൊന്ന് പൊലീസിനും മറ്റൊന്ന് സ്വന്തം അച്ഛനും മഹേഷ് എഴുതിയ കത്തുകളായിരുന്നു. രണ്ട് കത്തുകളിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. താനെന്തിന് ഭാര്യയെ കൊന്നു എന്നും എന്തിന് ആത്മഹത്യ ചെയ്യുന്നു എന്നും ആരൊക്കെയാണ് ഈ ദുരന്തത്തിന്റെ കാരണക്കാര്‍ എന്നും കത്തില്‍ മഹേഷ് വിവരിച്ചിരുന്നു.
“പ്രിയപ്പെട്ട പൊലീസുകാരേ, നിങ്ങള്‍ എന്നെ തേടി വരും എന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ തന്നെയാണ് ആ കൊല ചെയ്തത്.”
“പഠിപ്പും പണവും ഉള്ള സ്ത്രീകള്‍ എല്ലാവരും എന്റെ ഭാര്യയെ പോലെ തന്നെയാണോ? എന്തുതരം സംസ്കാരമാണ് ഇവരുടേത്? നിമിഷങ്ങളുടെ സുഖം മാത്രമാണ് ഇവര്‍ക്ക് വേണ്ടത്. ഭര്‍ത്താവ്, കുടുംബം, സമൂഹം എന്ന് തുടങ്ങി ഒന്നിനെ പറ്റിയും ഇവര്‍ക്ക് ഭയമില്ല! വസ്ത്രം മാറുന്നത് പോലെയാണ് ഇവര്‍ പുരുഷന്മാരെ മാറ്റുന്നത്! എന്റെ ഭാര്യയും അതുതന്നെ ചെയ്തു...”
“പല പ്രാവശ്യവും ഞാന്‍ അവള്‍ക്ക് മുന്നറിയിപ്പ് കൊടുത്തതാണ്. ഈവിധം നടക്കരുതെന്ന്. കരഞ്ഞും കെഞ്ചിയും ഞാന്‍ അവളോട് എത്രയോ തവണ അപേക്ഷിച്ചതാണ്. ഒരു പ്രയോജനവും ഉണ്ടായില്ല. ഞാനവള്‍ക്ക് രണ്ട് അവസരം കൊടുത്തു. എന്നാല്‍ ഞാന്‍ നല്‍കിയ അവസരങ്ങള്‍ അവള്‍ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്..”
“വിവാഹമോചനത്തിന് അപേക്ഷിച്ച അവളെ ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരികയും മൂന്നാറിലേക്ക് കൊണ്ടുപോവുകയും ചെയ്തത് അവളെ കൊലപ്പെടുത്താനല്ല. അവള്‍ക്ക് എല്ലാ വിധത്തിലുള്ള സുഖവും റിസോര്‍ട്ടില്‍ വച്ച് നല്‍കി, സ്വയം മരിക്കാനാണ് ഞാന്‍ മൂന്നാറിലേക്ക് പോയത്. ഞാന്‍ മരിച്ചാലും അവള്‍ സുഖമായി ജീവിക്കണം എന്നായിരുന്നു എന്റെ ലക്‌ഷ്യം”
“ഇനി മുതല്‍ നല്ല രീതിയില്‍ ജീവിക്കാം എന്ന് പറഞ്ഞ് റിസോര്‍ട്ടില്‍ വച്ച് ഒരു ഭിക്ഷക്കാരനെപ്പോലെ ഞാന്‍ അവളുടെ കാല് പിടിച്ച് കെഞ്ചി. ഒരു സഹജീവിക്ക് നല്‍കേണ്ട ബഹുമാനം പോലും അവള്‍ എനിക്ക് തന്നില്ല. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്ന അമ്മ തന്റെ കുഞ്ഞിനെയാണ് ആദ്യം കൊല്ലുക. താനില്ലാതായാല്‍ കുഞ്ഞിന് എന്തൊക്കെ സംഭവിക്കും എന്ന ഭയമാണ് ഇതിന് പിന്നില്‍. ഞാനും അതുതന്നെ തീരുമാനിച്ചു, ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഷമീലയെ കൊല്ലണം. പക്ഷേ അതിന് മുമ്പ് അവളെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആളുകളെയും കൊല്ലാന്‍ ഞാന്‍ തീരുമാനിച്ചു.”
അടുത്ത പേജില്‍ - “ഷമീലയുടെ പത്ത് കാമുകന്മാര്‍!”
“ഷമീലയുടെ അവിഹിതബന്ധങ്ങളെ പറ്റി ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കഴിഞ്ഞ ആറുമാസത്തെ അവളുടെ മൊബൈല്‍ ബില്‍ പരിശോധിക്കുക. അല്ലെങ്കില്‍ അവളുടെ ഫേസ്ബുക്ക് അക്കൌണ്ട് പരിശോധിക്കുക. വിവാഹം കഴിഞ്ഞ ഒരു സ്ത്രീ അതിരാവിലെ 3 മണി വരെ പുരുഷന്മാരുമായി കൊഞ്ചിക്കുഴയുന്നത് എന്തിന്റെ ലക്ഷണമാണ്?”
“ഞങ്ങളുടെ ദാമ്പത്യത്തില്‍ ആദ്യത്തെ പാര വച്ച അയാളെ എനിക്കറിയാം. ഞാന്‍ ജോലിക്ക് പോയാല്‍ ഇയാള്‍ എത്തുകയായി. രണ്ടാമതൊരു ആളുണ്ട്. ജൂലൈ 20, 21 തീയതികളില്‍ ഇയാള്‍ക്കൊപ്പം ആയിരുന്നു ഷമീല. ഇവര്‍ എടുത്ത ഹോട്ടല്‍ മുറിയില്‍ മൂന്നാമതൊരാള്‍ എത്തിയിരുന്നു. ഇയാള്‍ക്കൊപ്പം അയാളും ഷമീലയെ അനുഭവിച്ചു..”
“നാലാമത്തെയാള്‍ ഫേസ്ബുക്ക് ഞങ്ങളുടെ ദാമ്പത്യത്തിലേക്ക് സംഭാവന ചെയ്തയാളാണ്. ഷമീലയുടെ മൊബൈലിലേക്കും ഫേസ്ബുക്ക് അക്കൌണ്ടിലേക്കും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കും. ഷമീല അതിന് മറുപടി സന്ദേശങ്ങളും അയയ്ക്കും...”
“ഫേസ്ബുക്കിലൂടെ കിട്ടിയ മറ്റൊരു കാമുകനും ഷമീലയ്ക്കുണ്ട്. ഇയാള്‍ക്കും ആഭാസ സന്ദേശങ്ങള്‍ അയയ്ക്കുകയാണ് പണി. ആറാമത്തെ കക്ഷിയാണ് ശരിക്കും ഷമീലയെ മയക്കിയത്. അയാളും അയാളുടെ മാധ്യമ സുഹൃത്തുക്കളും പലവട്ടം ഷമീലയെ ഉപയോഗപ്പെടുത്തി. ഡിസംബര്‍ മാസം ഇയാളും ഇയാളുടെ മൂന്ന് സുഹൃത്തുക്കളും ഷമീലയും ഒരു ഹോട്ടല്‍ മുറിയില്‍ 6 മണിക്കൂറില്‍ അധികം കഴിഞ്ഞതിന് എന്റെ പക്കല്‍ തെളിവുണ്ട്...”
“ഒരു ചാനലില്‍ കോമഡി പരിപാടി അവതരിപ്പിക്കുന്ന ഒരാളാണ് ഏഴാമത്തെ കക്ഷി. രാത്രി രണ്ട് മണി വരെ ഇയാളുമായി ചാറ്റ് ചെയ്യലോ എസ്‌എംഎസ് അയയ്ക്കലോ ആണ് ഷമീലയുടെ ഹോബി. എട്ടാമത്തെയാള്‍ ഈ ടിവി അവതാരകന്റെ കൂട്ടുകാരനാണ്. ഡിസംബര്‍ 18ന് നടന്ന ഒരു പാര്‍ട്ടിയില്‍ വച്ച് ഇയാള്‍ ഷമീലയെ ഉപയോഗപ്പെടുത്തി... എനിക്കറിയാവുന്ന വേറെയും രണ്ട് പേരുണ്ട്.. ഇവരെക്കൂടാതെ, എനിക്കറിയാത്ത പലരുമായും ഷമീല ബന്ധപ്പെട്ടുപോന്നു...”
അടുത്ത പേജില്‍ - “പ്രിയപ്പെട്ട അച്ഛന്‍ വായിച്ചറിയാന്‍...”
പൊലീസിന് കൂടാതെ, സ്വന്തം അച്ഛനും മഹേഷ് ഒരു കത്ത് എഴുതിവച്ചിരുന്നു. അച്ഛന്‍ ശാസിച്ചതിനെ തുടര്‍ന്ന് പത്ത് വര്‍ഷം മുമ്പ് മഹേഷ് നാടുവിട്ടതാണ്. തുടര്‍ന്ന് അച്ഛനോട് മഹേഷ് സംസാരിക്കുകയുണ്ടായിട്ടില്ല. നടന്നതിനൊക്കെ മാപ്പ് തരണം എന്ന് അപേക്ഷിച്ചുകൊണ്ടാണ് മഹേഷ് അച്ഛന് കത്ത് എഴുതിയിരിക്കുന്നത്.
“കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ‘അച്ഛാ’ എന്ന് വിളിച്ചിട്ടില്ല. അച്ഛനെ എനിക്ക് എന്തിഷ്ടമാണെന്നോ! അച്ഛനോട് സംസാരിക്കണമെന്ന് ഞാന്‍ പലവട്ടം ചിന്തിച്ചതാണ്. എന്നാല്‍ പറ്റിയില്ല. അച്ഛനോട് ഒരു കാര്യം പറയണമെന്ന് ഞാന്‍ കരുതിയിരുന്നു. അതും നടന്നില്ല...”
“അടുത്ത ജന്മത്തില്‍ ഞാന്‍ അച്ഛന് ഒരു പെണ്‍കുട്ടിയായി പിറക്കും. ആണ്‍കുട്ടി ആയതിനാലാണല്ലോ ഞാന്‍ വീടുവിട്ട് പോയതും വീടുമായി ബന്ധമില്ലാത്തതും. പെണ്‍കുട്ടി ആണെങ്കില്‍ നിങ്ങളുടെയൊക്കെ സ്നേഹം അനുഭവിച്ചുകൊണ്ട് വീട്ടില്‍ തന്നെ കഴിയാം... അച്ഛാ, അടുത്ത ജന്മത്തില്‍ ഞാന്‍ അച്ഛനെ നല്ലപോലെ നോക്കിക്കൊള്ളാം.. ഈ ജന്മത്തില്‍ അതിനിനി സാധിക്കുകയില്ലല്ലോ..”
“അമ്മേ, ഞാന്‍ അമ്മയ്ക്ക് തന്ന സത്യം പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ.. പാലിക്കാന്‍ പറ്റില്ലെന്ന് സത്യം ചെയ്തപ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു.. നമ്മള്‍ ഭക്ഷണത്തിന് കഷ്ടപ്പെടുന്ന കാലത്ത് ഞങ്ങളെയൊക്കെ ഊട്ടാന്‍ അമ്മ പാടുപെട്ടിരുന്നത് എനിക്കറിയാം. അടുത്ത വീട്ടില്‍ നിന്ന് എന്തെങ്കിലും അമ്മയ്ക്ക് കിട്ടിയാല്‍ അത് കഴിക്കാതെ, ഞങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നിരുന്ന അമ്മയെ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്... അമ്മയെ ഒന്ന് ഉമ്മ വയ്ക്കാന്‍ എനിക്ക് കൊതിയുണ്ട്.. ഇപ്പോള്‍ ഞാന്‍ അമ്മയെ ഉമ്മ വയ്ക്കുന്നു...”
“പ്രിയാ, നീ അനിയത്തിയാണെങ്കിലും നിന്നോടൊപ്പം അധികം താമസിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നിന്നെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ ഞാന്‍ കരയാറുണ്ട്. ഇപ്പോള്‍ ഇത് എഴുതുമ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുന്നു... ഈ ജന്മത്തില്‍, നിന്റെ ജ്യേഷ്ഠന്‍ എന്ന നിലയിലുള്ള എന്റെ കടമകളൊന്നും ഞാന്‍ ചെയ്തില്ല. മാപ്പ് തരിക... നിന്റെ പ്രസവത്തിനായി എന്റെ പക്കലുള്ള 60,000 രൂപ കൂട്ടുകാരന്റെ കയ്യില്‍ ഏല്‍പിച്ചിട്ടുണ്ട്...”
“ഈ തീരുമാനം ഞാന്‍ പെട്ടെന്ന് എടുത്തതല്ല.. ഞാനും ഷമീലയും പ്രേമിക്കുമ്പോഴേ ഞാനെടുത്ത തീരുമാനമാണിത്. എന്റെ ജീവിതവും സ്വപ്നവും ലക്‌ഷ്യവും ഷമീല മാത്രമാണ്. ഷമീലയെ എന്റെ ശരീരത്തില്‍ നിന്നോ മനസില്‍ നിന്നോ ആര്‍ക്കും മാറ്റാനാകില്ല. രക്തത്തില്‍ ഊറിയ കാര്യമാണിത്. ഇത് അവള്‍ക്കും അറിയാം...”
“ഷമീലയെ പിരിഞ്ഞിരിക്കാന്‍ പറ്റാത്ത എനിക്ക് അവള്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ ഇല്ലാതിരിക്കുമ്പോള്‍ എങ്ങനെ ജീവിക്കാന്‍ കഴിയും? അവളെ കൊലപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ദുഃഖവും കരച്ചിലും അടക്കാന്‍ എനിക്ക് വയ്യായിരുന്നു. അതുകൊണ്ടാണ് സ്വന്തം നാട്ടിലേക്ക് വന്നത്...”