ബഹിരാകാശത്ത് ചരിത്രം രചിക്കാന്‍ ധീരയായ പൈലറ്റ്!

ശനി, 16 ജൂണ്‍ 2012 (11:06 IST)
PRO
PRO
ചൈനയുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയായി മാറാന്‍ ലിയു യാങ് യാത്ര തിരിക്കുകയാണ്. ഷെന്‍സൗ-9 എന്ന ബഹിരാകാശവാഹനത്തിലാണ് ലിയു ഉള്‍പ്പെടുന്ന മൂന്നംഗ സംഘം യാത്ര പുറപ്പെടുന്നത്.

വ്യോമസേനാ ഫൈറ്റര്‍ പൈലറ്റ് ആയ ലിയുവിന് 33 വയസ്സ് പ്രായമുണ്ട്. വനിതാ ബഹിരാകാശ സഞ്ചാരി ഭാര്യയും അമ്മയും ആയിരിക്കം എന്ന് ചൈനയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. രണ്ട് കുട്ടികളുണ്ട് ഇവര്‍ക്ക്.
പിറന്ന നാടും ജനങ്ങളും തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസം ലിയു നന്ദിയോടെ സ്മരിക്കുകയാണ്.
ബഹിരാകാശത്തെ അനുഭവിച്ചറിയാ‍നും, അവിടെ നിന്ന് ഭൂമിയിലേക്ക് നോക്കി തന്റെ രാജ്യം കണ്ടുപിടിക്കാനും ആഗ്രഹമുണ്ടെന്നും അവര്‍ പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മനസാന്നിദ്ധ്യത്തോടെ പെരുമാറുന്ന മിലിറ്ററി പൈലറ്റ് ആണ് ലിയു. 2003-ല്‍ പ്രാവുകളിടിച്ച വിമാനം സുരക്ഷിതമായി നിലത്തിറക്കി ലിയു പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ചൈനയുടെ വടക്കന്‍ ഗോബി മരുഭൂമിയിലെ ജിയുഖ്വാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് സംഘം യാത്രതിരിക്കുക. സ്ഥിരം ബഹിരാകാശനിലയം തയ്യാറാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഈ യാത്ര നടത്തുന്നത്. റഷ്യയും അമേരിക്കയും ആണ് ഇതിന് മുമ്പ് സ്ത്രീകളെ ബഹിരാകാശത്ത് അയച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക