സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയുടെ കരുത്താര്‍ന്ന വനിതാമുഖം, പോളിറ്റ് ബ്യൂറോയിലെ ആദ്യ സ്ത്രീ ശബ്ദം, രാഷ്ട്രീയ കാര്യങ്ങളില്‍ ശക്തവും വ്യക്തവുമായ അഭിപ്രായമുള്ള വിപ്ലവകാരി, സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് രാജിവെച്ച വനിത! ഇതൊക്കെയാണ് വൃന്ദ കാരാട്ട്.
1947 ഒക്ടോബര്‍ 17ന് കല്‍ക്കത്തയില്‍ സൂരജ് ലാല്‍ ദാസിന്റെ മകളായി വൃന്ദ ജനിച്ചു. കല്‍ക്കട്ടയിലെ സ്റ്റൌര്ട്സ് ആന്‍ഡ് ലോയിഡ്സ് എന്ന ബ്രിട്ടീഷ് എഞ്ചിനീയറിംഗ് സ്ഥാപനത്തിന്റെ മേധാവിയായിരുന്നു അവരുടെ പിതാവ്. അഞ്ചാം വയസ്സില്‍ തന്നെ വൃന്ദയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു.
ഡെറാഡൂണിലെ വെല്‍ഹാം ഗേള്‍സ് സ്കുളിലായിരുന്നു വൃന്ദയുടെ പ്രാഥമിക വിദ്യാഭ്യാസം. പതിനാറാം വയസ്സില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത മീരന്ദ ഹൌസ് കോളേജില്‍ ഉന്നത പഠനത്തിനായി വൃന്ദ ചേര്‍ന്നു. മീരന്ദ ഹൌസിലെ പ്രൊഫസര്‍ ആയിരുന്ന ദേവകി ജെയിന് ആയിരുന്നു ആദ്യകാലങ്ങളില്‍ അവരുടെ രാഷ്ട്രീയ ഗുരു. കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും വൃന്ദ കരസ്ഥമാക്കി.
1967ല്‍ അവര്‍ ലണ്ടനിലേക്ക് പോയി. നാല് വര്‍ഷത്തോളം ബോണ്ട് സ്ട്രീറ്റില്‍ എയര്‍ ഇന്ത്യയില്‍ ജോലി നോക്കി. ഈ സമയത്ത് വിമാന ജീവനക്കാരികള്‍ക്ക് ‘കുട്ടിപ്പാവാട’ നിര്‍ബന്ധമാക്കുന്ന നിയമത്തിനെതിരെ അവര്‍ ശബ്ദമുയര്‍ത്തി. അതിന് ശേഷമാണ് പൊതു പ്രവര്‍ത്തക എന്ന നിലയിലേക്ക് അവര്‍ ഉയരുന്നത്.
PTI
ലണ്ടനിലായിരിക്കുമ്പോള്‍ സാമ്രാജ്യത്വത്തിനെതിരെ നിരവധി സമരങ്ങള്‍ വൃന്ദ സംഘടിപ്പിച്ചു. വിയറ്റ്നാം യുദ്ധത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്കി. മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായിരുന്നു അവരുടെ സമരങ്ങള്‍.
1971ല്‍ ജോലി രാജിവച്ച് വൃന്ദ ഇന്ത്യയിലേക്ക് മടങ്ങി. ആ വര്‍ഷം തന്നെ അവര്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയും ചെയ്തു. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം പ്രാവര്‍ത്തിക രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവര്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
കോളേജ് കാമ്പസുകളായിരുന്നു വൃന്ദയുടെ ആദ്യകാല പ്രവര്‍ത്തന മേഖല. ബംഗ്ലാദേശ് യുദ്ധസമയത്ത് കല്‍ക്കട്ടയില്‍ അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് സഹായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും വൃന്ദ മുന്നിലായിരുന്നു.
1975ല്‍ വൃന്ദ ഡല്‍ഹിയിലേക്ക് താമസം മാറി. വടക്കന്‍ ഡല്‍ഹിയില്‍ തുണി മില്‍ തൊഴിലാകുളുടെ ജീവിതത്തിലിറങ്ങിച്ചെന്ന വൃന്ദ തൊഴിലാളി യൂണിയന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു പോന്നു. തൊഴിലാളി പ്രസ്ഥാനങ്ങളിലെയും വനിത പ്രസ്ഥാനങ്ങളിലെയും മുന്നണി പോരാളിയായിരുന്നു അവര്‍.
PTI
പീഢന നിയമങ്ങള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വൃന്ദയായിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാധിനിത്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് അവര്‍ രാജിവെച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ വൃന്ദ ഇന്നും മുന്‍നിരയിലുണ്ട്.
1975ല്‍ വൃന്ദ പാര്‍ട്ടി പ്രവര്ത്തകന് കൂടിയായിരുന്ന പ്രകാശ് കാരാട്ടിനെ വിവാഹം കഴിച്ചു. നിലവില്‍ സി പി എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് പ്രകാശ് കാരാട്ട്. .
1993 മുതല്‍ 2004 വരെ അഖിലേന്ത്യ ജനാധിപത്യ വനിത അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു വൃന്ദ. തുടര്‍ന്ന് അതിന്റെ വൈസ് പ്രസിഡന്റായി അവര്‍. 2005 ഏപ്രില്‍ 11ന് അവര്‍ പശ്ചിമ ബംഗാളില്‍ നിന്നും സി പി എം അംഗമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ആ വര്‍ഷം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ അഞ്ച് സ്ത്രീകളെ ഉള്‍പ്പെടുത്തിയതിന് ശേഷം മാത്രമാണ് പോളിറ്റ് ബ്യൂറോയിലേക്ക് തന്റെ പേര് നാമനിര്‍ദേശം ചെയ്യാന്‍ അവര്‍ സമ്മതിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളെടുക്കുന്ന ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയില്‍ അംഗമാവുന്ന ആദ്യ വനിതയാണ് വൃന്ദ കാരാട്ട്.
ഇതൊക്കെയാണെങ്കിലും വിവാദങ്ങളില്‍ നിന്നും മുക്തയല്ല ഈ സമര നായിക. ഹിന്ദു സന്യാസി ബാബ രാംദേവിനെതിരെ അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ബാബയുടെ കേന്ദ്രത്തില്‍ മരുന്നുകളില്‍ മനുഷ്യ ശരീര ഭാഗങ്ങള്‍ ചേര്‍ക്കുന്നതായാണ് അവര്‍ ആരോപിച്ചത്.
ഹിന്ദു സംഘടനകള്‍ മാത്രമല്ല, ശരത് പവാര്‍, മുലായം സിംഗ് യാദവ്, അംബിക സോണി, നാരായണ്‍ ദത്ത് തിവാരി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഇതിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തുകയുണ്ടായി. ഒരു ബി ജെ പി നേതാവ് നല്കിയ പരാതിയെത്തുടര്‍ന്ന് കോടതി നോട്ടീസും ഇവരെത്തേടിയെത്തി.
പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വൃന്ദ മല്‍സരിച്ചതും വിവാദമായിരുന്നു. കോളേജ് ജീവിതത്തിന് ശേഷം താന്‍ ഒരിക്കലും താമസിച്ചിട്ടില്ലാത്ത പശ്ചിമബംഗാളില്‍ നിന്ന് മല്‍സരിക്കാനുള്ള അവരുടെ നീക്കമാണ് വിവാദമായത്. നേരത്തെ അസ്സമില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിച്ച മന്‍മോഹന്‍സിംഗിന്റെ നടപടിയെ വൃന്ദ എതിര്‍ത്തിരുന്നു.
രാഷ്ട്രീയത്തില്‍ മാത്രമല്ല കലാരംഗത്തും വൃന്ദ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. 2005ല്‍ സിഖ് വിരുദ്ധ കലാപത്തെ ആസ്പദമാക്കി തന്റെ അനന്തിരവള്‍ കൂടിയായ ഷൊണാലി ബോസ് നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ അവര്‍ അഭിനയിച്ചു. കൂടാതെ, ‘നിലനില്പും സ്വാതന്ത്ര്യവും’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് വൃന്ദ കാരാട്ട്. ഇന്ത്യയിലെ വനിത പ്രസ്ഥാനങ്ങളെയും സമരങ്ങളേയും ഒരു ഇടതുപക്ഷ കാഴ്ചപ്പാടില്‍ നോക്കിക്കാണുകയാണ് ഗ്രന്ഥകാരി ഇതില്‍.
പതിനഞ്ചാം ലോക്സഭാതെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ തലപ്പത്ത് തീരുമാനങ്ങളെടുക്കുമ്പോള്‍ അതില്‍ പങ്കാളിയാകുന്ന ഈ വനിത, മൂന്നാം മുന്നണിയെയും സി പി എമ്മിനെയും വിജയത്തിലേക്ക് നയിക്കുന്നതില്‍ പാര്‍ട്ടിയുടെ ശക്തിയും പ്രതീക്ഷയുമാണ്.