ദീപാവലി; ഇളയരാജയെത്തി, അമ്മയെക്കാണാന്‍!

വ്യാഴം, 27 ഒക്‌ടോബര്‍ 2011 (09:39 IST)
PRO
PRO
എല്ലാവര്‍ക്കും ദീപാവലി ആഘോഷത്തിമിര്‍പ്പിന്റെ അവസരമാണെങ്കില്‍ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീത ചക്രവര്‍ത്തി ഇളയരാജയ്ക്ക് രണ്ട് പതിറ്റാണ്ടുകളായി ദീപാവലി കണ്ണീരൂറുന്ന ഓര്‍മകള്‍ കൊണ്ടുത്തരുന്ന അവസരമാണ്. ഇതുപോലൊരു ദീപാവലി നാളിലാണ് ഇളയരാജയുടെ അമ്മ ചിന്നത്തായിയെ മരണം തിരികെ വിളിച്ചത്. മകന്‍ ചെന്നൈയില്‍ മുടിമൂടാമന്നന്‍ ആണെങ്കിലും താന്‍ ജനിച്ചുവളര്‍ന്ന കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ലോവര്‍ ക്യാംപില്‍ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു മകനോട് അമ്മ ആവശ്യപ്പെട്ടിരുന്നത്. ഇളയരാജയത് അനുസരിക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാ ദീപാവലിക്കും ആഘോഷങ്ങളൊക്കെ ഒഴിവാക്കി ഇളയരാജ തന്റെയും അമ്മയുടെയും ജന്മനാട്ടില്‍ എത്തും, അമ്മയുടെ ഓര്‍മകളില്‍ അഭിരമിക്കാന്‍. ഈ ദീവാലിക്കും ഇളയരാജ പതിവ് മുടക്കിയില്ല.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ തേവാരത്തിനടുത്തുള്ള പണ്ണൈപ്പുറത്താണ്‌ ഇളയരാജയുടെ ജന്മഗൃഹം. കര്‍ഷകത്തൊഴിലാളികളായിരുന്നു ഇളയരാജയുടെ മാതാപിതാക്കള്‍. പാടത്തും പറമ്പിലും പണിയെടുക്കുമ്പോള്‍ അമ്മ ചിന്നത്തായി മൂളിയിരുന്ന നാടന്‍ പാട്ടുകള്‍ കേട്ട് വളര്‍ന്ന ഇളയരാജ ‘അണ്ണക്കിളി’ എന്ന സിനിമയിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകം ആയി മാറിയത് ചരിത്രം. സംഗീതവുമായി ബന്ധപ്പെട്ട്‌ തുടര്‍ന്ന് ഇളയരാജ ചെന്നൈയില്‍ സ്ഥിരതാമസമാക്കി. ഒപ്പം തന്നെ അമ്മയെയും ചെന്നൈയിലേക്ക് കൊണ്ടുപോയി.

ലോവര്‍ ക്യാംപില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ വെള്ളം കൊണ്ടുപോവുന്ന കനാലിന്റെ തീരത്ത് ഇളയരാജയ്ക്ക് ഒരു ഇടമുണ്ട്. കൃഷിപ്പണി ചെയ്ത് അമ്മ സമ്പാദിച്ച പറമ്പാണത്. അത് വില്‍‌ക്കാന്‍ മകനെ ചിന്നത്തായി അനുവദിച്ചില്ല. ഇളയരാജയ്ക്കും ആ സ്ഥലം വില്‍‌ക്കാന്‍ ഇഷ്ടമല്ലായിരുന്നു.

വാര്‍ദ്ധക്യസഹജമായ സുഖങ്ങള്‍ മൂര്‍ച്ഛിച്ച് 1989-ലാണ് ചിന്നത്തായി ചെന്നൈയില്‍ വച്ച് മരണമടയുന്നത്. അതൊരു ദീപാവലി ദിനമായിരുന്നു. പടക്കവും പൂത്തിരികളും പൊട്ടിച്ചും കത്തിച്ചും അയല്‍‌വക്കങ്ങള്‍ ആഹ്ലാദത്തിമിര്‍പ്പ് പങ്കുവയ്ക്കുമ്പോള്‍ ദീപാവലി വേദനിക്കുന്ന ഒരോര്‍മയായി ഇളയരാജയുടെ ഹൃദയത്തെ വിഴുങ്ങി. ചെന്നൈയില്‍ തന്നെ ശവസംസ്കാരം നടത്താമെന്ന് സുഹൃത്തുക്കള്‍ നിര്‍ദേശിച്ചെങ്കിലും, അമ്മയുടെ ആഗ്രഹപ്രകാരം, അമ്മ വാങ്ങിയ സ്ഥലത്ത് തന്നെ ശവസംസ്കാരം നടത്താന്‍ ഇളയരാജ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്നങ്ങോട്ട് എല്ലാ ദീപാവലിദിനത്തിലും ഇളയരാജ ലോവര്‍ ക്യാംപിലെത്തി മാതാവിന്റെ ശവകുടീരത്തില്‍ പ്രത്യേക പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിക്കും. അന്നേദിവസം മുഴുവന്‍ ഇളയരാജ മൗനവ്രതത്തിലുമായിരിക്കും. വളരെയധികം ജോലിത്തിരക്കുണ്ടായിട്ടും ഈ ദീപാവലിക്കും മാതൃസ്നേഹമുള്ള ഇളയരാജ അമ്മയുടെ മരിക്കാത്ത ഓര്‍മകളുമായി ഭാര്യയും മകളും ഭര്‍ത്താവും ബന്ധുക്കളുമൊത്താണ്‌ ചിന്നത്തായിയുടെ ശവകുടീരത്തില്‍ എത്തി‌. പ്രാര്‍ഥനയ്ക്കും മറ്റുമുള്ള ഒരുക്കങ്ങള്‍ നടത്തിയതു സഹോദരീപുത്രനും തമിഴിലെ പ്രമുഖ തിരക്കഥാകൃത്തുമായ കണ്‍മണി സുബ്ബുവായിരുന്നു.

ഇളയരാജ എത്തുമെന്നറിഞ്ഞു നിരവധി ആരാധകരാണ്‌ ലോവര്‍ ക്യാംപിലെ വസതിയില്‍ എത്തിയത്‌. ഇവരില്‍ പലരും തങ്ങളുടെ കുഞ്ഞുമക്കള്‍ക്ക്‌ ഇളയരാജയെക്കൊണ്ടാണു പേരിടീച്ചത്‌. ചിലര്‍ സംഗീതലോകത്തെ ചക്രവര്‍ത്തിക്കൊപ്പം നിന്നു ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ്‌ വാങ്ങാനും മറന്നില്ല. മൗനവ്രതത്തില്‍ ആയിരുന്നെങ്കിലും ഇവിടെ എത്തിയ എല്ലാവര്‍ക്കും ഇളയരാജയുടെ സാന്നിധ്യം സന്തോഷം നല്‍കി. വിഭവ സമൃദ്ധമായ സദ്യ നല്‍കിയാണ്‌ ഇളയരാജ ആരാധകരെ യാത്രയാക്കിയത്‌.

വെബ്ദുനിയ വായിക്കുക