തടിച്ച് കോലം‌കെട്ടു; അമ്മവേഷം തരുമോ?

വ്യാഴം, 29 മാര്‍ച്ച് 2012 (12:45 IST)
PRO
PRO
തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ കത്തിനിന്ന താരമാണ് മന്ത്ര. മമ്മൂട്ടി നായകനായി അഭിനയിച്ച പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കും മന്ത്ര സുപരിചിത തന്നെ. കാലപ്പോക്കില്‍ ശരീരം ചീര്‍ക്കുകയും സിനിമയില്‍ നിന്ന് ഔട്ടാവുകയും ചെയ്ത മന്ത്രയിപ്പോള്‍ തിരിച്ച് വരവിന്റെ പാതയിലാണ്. അമ്മയായോ ചേച്ചിയായോ ആന്റിയായോ ഒക്കെ അഭിനയിക്കാന്‍ തയ്യാറാണെന്ന് മന്ത്ര വെളിപ്പെടുത്തുന്നു.

“എനിക്ക് പ്രായമേറെ ആയി എന്നാ‍ണ് ചിലരുടെ ധാരണ. പതിനാല് വയസ് ഉള്ളപ്പൊഴാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. എനിക്കിപ്പോള്‍ മുപ്പത് വയസ് പ്രായമേ ഉള്ളൂ. ഒരല്‍‌പം തടിയുണ്ട് എനിക്ക് എന്ന് സത്യമാണ്. എങ്കിലും അഭിനയിക്കുന്നതിന്‍ അതൊരു തടസമല്ല.”

“വിവാഹം കഴിഞ്ഞെങ്കിലും എനിക്ക് കുട്ടികളില്ല. ഒരു വീട് പണിതതിന് ശേഷം മാത്രം കുട്ടികള്‍ എന്നാണ് കരുതുന്നത്. അതിന് പണം വേണം. അതുകൊണ്ടാണ് വീണ്ടും സിനിമയില്‍ ഒരുകൈ നോക്കാമെന്ന് കരുതുന്നത്.”

“ഈ കോലത്തില്‍ എന്നെ ആരും നായികയാക്കില്ല എന്നെനിക്ക് അറിയാം. അമ്മ വേഷങ്ങളോ അമ്മായിയമ്മ വേഷങ്ങളോ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ചേച്ചിയായും ആന്റിയായും ഒക്കെ ഞാന്‍ അഭിനയിക്കാം. ഡബിംഗിലും ഭാഗ്യം പരീക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്” - മന്ത്ര പറയുന്നു.

തടിച്ചതോടെ നായിക വേഷം കിട്ടാതായപ്പോള്‍ ഐറ്റം ഡാന്‍‌സ് ചെയ്യാനും മന്ത്ര തയ്യാറായിരുന്നു. അതും ഏശുന്നില്ല എന്ന് കണ്ടപ്പോഴാണ് അമ്മവേഷം മതിയെന്ന ഓഫറുമായി കക്ഷിയിപ്പോള്‍ എത്തിയിരിക്കുന്നത്.

വീട്ടമ്മയായതില്‍ പിന്നെ ഒന്നും നോക്കാതെ ഭക്ഷണം കഴിച്ചിരുന്നു എന്നും അതോടെ ശരീരഭാരം തൊണ്ണൂറ് കിലോ ആയി എന്നും മന്ത്ര പറയുന്നു. എന്തായാലും, തടി കുറച്ച് പഴയ മന്ത്രയാകാനുള്ള തയ്യാറെടുപ്പിലാണ് ഈ നടി.

വെബ്ദുനിയ വായിക്കുക