ജയലളിത - തമിഴകത്തെ വീരനായിക

ചൊവ്വ, 31 മാര്‍ച്ച് 2009 (20:53 IST)
PROPRO
തമിഴ് സിനിമയില്‍ നിന്ന് തമിഴക രാഷ്‌ട്രീയത്തിലെ നിര്‍ണാ‍യക ശക്തിയായി മാറിയ വനിതയാണ് ജയലളിത. സിനിമാലോകത്തിന്‍റെ വെള്ളിവെളിച്ചത്തില്‍ നിന്ന് പൊതുരംഗത്തേക്ക് കടന്നു വന്ന അവര്‍ രാഷ്‌ട്രീയ ജീവിതത്തിലും തിളക്കമാര്‍ന്ന നേട്ടമാണ് കാഴ്ചവെച്ചത്.

മൈസൂരില്‍ കന്നഡിംഗ ദമ്പതികളുടെ മകളായി 1948 ഫെബ്രുവരി 24ന് ആണ് ജയലളിതയുടെ ജനനം. കോമളവല്ലി എന്നായിരുന്നു ആദ്യ നാമം. രണ്ടാം വയസ്സില്‍ പിതാവ് മരിച്ചത്തോടെ കുടുംബം ദാരിദ്ര്യത്തിലേക്ക് വഴുതി വീണു. ബാംഗ്ലൂരിലെ ബിഷപ് കോട്ടണ്‍ ഗേള്‍സ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മാതാവിനോടൊപ്പം അവര്‍ മദ്രാസ് സംസ്ഥാനത്തേക്ക് താമസം മാറ്റുകയും അമ്മയുടെ നിര്‍ദേശ പ്രകാരം തമിഴ് സിനിമയിലേക്ക് ചേക്കേറുകയും ചെയ്തു.

രാഷ്ട്രിയത്തില്‍ ചുവടുറപ്പിക്കുന്നതിന് മുമ്പ് തമിഴ് സിനിമയിലെ ജനപ്രിയ താരമായിരുന്നു ജയലളിത. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളില്‍ തന്‍റേതായ സാന്നിധ്യം അറിയിച്ച ജയലളിത എപിസ്റ്റില്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1972ല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ കലൈമണി പുരസ്കാരത്തിന് ഇവര്‍ അര്‍ഹയായി. 1980ല്‍ ഇറങ്ങിയ നദിയൈ തേടി വന്ത കടല്‍ ആയിരുന്നു അവരുടെ അവസാന ചിത്രം.

1981ലാണ് ജയലളിത എ ഐ എ ഡി എം കെയില്‍ ചേരുന്നത്. 1988ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമ നിര്‍ദേശം ചെയ്യപ്പെട്ടു. സിനിമയിലും ഒട്ടേറെ ചിത്രങ്ങളില്‍ തന്‍റെ നായകനായിരുന്ന എം ജി ആറുമായുള്ള(എം ജി രാമചന്ദ്രന്‍) ബന്ധമാണ് രാഷ്ട്രീയത്തില്‍ ജയലളിതയെ വളര്‍ത്തിയത്. വെള്ളിത്തിരയില്‍ തുടങ്ങിയ ആ അപൂര്‍വബന്ധം രാഷ്ട്രീയത്തിലും തുടര്‍ന്നു. എം ജി ആറിന്‍റെ മരണശേഷം പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ജാനകി രാമചന്ദ്രന് പിന്തുണ നല്‍കാനാണ് താല്‍പര്യം കാണിച്ചത്. കളങ്കിതയായ വനിതയായി ജയലളിതയുടെ പ്രതിച്ഛായ ഇടിച്ചു താഴ്ത്താനും ഏറെപ്പേരുണ്ടായിരുന്നു.

എന്നാല്‍, പ്രതീക്ഷകളെയെല്ലാം കാറ്റില്‍പ്പറത്തി 1989ല്‍ തമിഴ്നാട് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വിജയിച്ചു. തുടര്‍ന്ന്, സംസ്ഥാനത്തെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഭരണപക്ഷത്തുള്ള ദ്രാവിഡ മുന്നേറ്റ കഴകം(ഡി എം കെ) എം എല്‍ എമാര്‍ തന്നെ നിയമസഭയില്‍ അധിക്ഷേപിച്ചെന്നാരോപിച്ച് അവര്‍ സഭയ്ക്ക് പുറത്തിറങ്ങി. മുഖ്യമന്ത്രിയായതിന് ശേഷം മാത്രമേ ഇനി സഭയില്‍ വരികയുള്ളൂ എന്ന് ദൃഢപ്രതിജ്ഞ എടുത്തു കൊണ്ടായിരുന്നു ജയലളിതയുടെ ഇറങ്ങിപ്പോക്ക്.

1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ ജയലളിത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുകയും ശക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജയലളിത തമിഴ്നാടിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടു. 1991 ജൂണ്‍ 24 മുതല്‍ 1996 മെയ് 12 വരെ അവര്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. എന്നാല്‍ തനിക്കെതിരെയും മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ക്കെതിരെയും ഉയര്‍ന്ന അഴിമതിയാരോപണങ്ങളെ ഫലപ്രദമായി നേരിടാന്‍ അവര്‍ക്കായില്ല. 1996ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയ്ക്ക് ഭരണം നഷ്ടമാവുകയും ഡി എം കെ അധികാരത്തിലെത്തുകയും ചെയ്തു.

എങ്കിലും 2001ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവന്ന ജയലളിത 2006 വരെ മുഖ്യമന്ത്രിയായി തുടര്‍ന്നു. 2001ല്‍ സര്‍ക്കാര്‍ ധനം ദുരുപയോഗം ചെയ്തെന്ന കേസില്‍ ഒരു പ്രത്യേക കോടതി അവരെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അയോഗ്യത കല്‍പിക്കപ്പെട്ട അവസരത്തിലാണ് ജയലളിത തന്‍റെ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുകയും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതെന്നതും ശ്രദ്ധേയമാണ്.

2001 സെപ്തംബര്‍ 21ന് സുപ്രീംകോടതി ജയലളിതയുടെ നിയമനം റദ്ദാക്കി. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി വിലയിരുത്തിയത്.

കോടതി വിധിയെ തുടര്‍ന്ന് ജയലളിതയുടെ മുഖ്യമന്ത്രി നിയമനം അസാധുവായി. 2001 മെയ് 14 മുതല്‍ സെപ്തംബര്‍ 21 വരെ ഒ പനീര്‍സെല്‍വത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല. എങ്കിലും ഭരണത്തിന്‍റെ പൂര്‍ണ്ണ നിയന്ത്രണം ജയലളിതയുടെ കൈകളില്‍ തന്നെയായിരുന്നു. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ 2003ല്‍ സുപ്രീംകോടതി ജയലളിതയെ വെറുതെ വിട്ടു. തുടര്‍ന്ന് ആണ്ടിപ്പെട്ടി മണ്ഡലത്തില്‍ നിന്ന് വിജയിച്ച അവര്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു.

2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയ്ക്ക് ഭരണം നഷ്ടമായി. ഡിഎംകെയോടുള്ള ശക്തമായ പ്രതിഷേധത്തിന്‍റെ ഭാഗമായി അവശ്യസമയത്തൊഴികെ മറ്റൊരു സാഹചര്യത്തിലും സഭയില്‍ പോകേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചു. പനീര്‍സെല്‍വത്തെ പ്രതിപക്ഷ നേതാവായി അവര്‍ തെരഞ്ഞെടുത്തു. എങ്കിലും പാര്‍ട്ടിയുടെ എല്ലാ നീക്കങ്ങള്‍ക്കും ചരടു വലിച്ചത് ജയലളിത തന്നെയായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തീരുമാനം പിന്‍വലിക്കുകയും സഭയില്‍ പ്രതിപക്ഷത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രി എന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനമാണ് ജയലളിത കാഴ്ചവച്ചത്. സ്വകാര്യ വായ്പയ്ക്കുണ്ടായിരുന്ന ഉയര്‍ന്ന പലിശ നിരക്ക് അവര്‍ ഇല്ലാതാക്കി. ചെന്നൈ നഗരത്തില്‍ പുതിയ ജലവിതരണ പദ്ധതി നടപ്പാക്കി. മിതവിനിയോഗം പ്രോല്‍സാഹിപ്പിക്കാന്‍ ലോട്ടറി ടിക്കറ്റ് നിരോധിച്ചു. കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാ‍ന്‍ ശക്തമായ നടപടികളാണ് അവര്‍ സ്വീകരിച്ചത്.

ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സ് സൌകര്യം ഒരുക്കി. സംസ്ഥാനത്തുടനീളം വനിത പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഗ്രാമീണ വനിതാ സ്വയംസഹായ പദ്ധതി നടപ്പാക്കി. എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യമായി സൈക്കിള്‍ വിതരണം ചെയ്തു.

1991ല്‍ മദ്രാസ് യൂണിവേഴ്സിറ്റി സാഹിത്യത്തിലും 1992ല്‍ എം ജി ആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി സയന്‍സിലും ജയലളിതയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുണ്ടായി. 1993ല്‍ മധുരൈ കാമരാജ് യൂണിവേഴ്സിറ്റി അവര്‍ക്ക് ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് നല്‍കി ആദരിച്ചു.

അതേ വര്‍ഷംതന്നെ തമിഴ്നാട് അഗ്രിക്കള്‍ച്ചര്‍ യുണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് സയന്‍സും ഭാരതി ദാസന്‍ യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സും 2005ല്‍ ഡോ. അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലോയും നല്‍കി ജയലളിതയെ ആദരിച്ചു.

2009ലെ പൊതുതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ ശക്തമായി പടയ്ക്കിറങ്ങുകയാണ് തലൈവി. മൂന്നാം മുന്നണിയില്‍ അംഗത്വം ഉറപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ തന്‍റെ സന്നിദ്ധ്യം അറിയിക്കലാവും ജയലളിതയുടെ ലക്‍ഷ്യം. ഏഴു ലോക്‌സഭാ സീറ്റും ഒരു രാജ്യസഭാസീറ്റും പി എം കെയ്ക്ക് നല്‍കി അവരെ കൂടെനിര്‍ത്തിയതുപോലെ പരമാവധി വലിയ പാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ അവര്‍ ശ്രമിക്കുന്നു. മൂന്നാം മുന്നണി അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിക്കസേര തന്നെയാണ് ജയലളിത ഉന്നം‌വയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക