കാണുമ്പോള്‍ പറയാമോ...

PRD
നര്‍ത്തകിയുടെ അംഗലാവണ്യം കണ്ട് കണ്ണ് ചിമ്മാതെ നിങ്ങള്‍ നിന്നിട്ടുണ്ടോ? എത്രയോ തവണ അല്ലേ! അതെ, ഇനി കണ്ടാലും അതേ നില്പില്‍ തന്നെ നമ്മള്‍ നില്‍ക്കും. കാരണം വേറൊന്നുമല്ല! അഴകളവുകള്‍ ഒത്തിണങ്ങിയിട്ടുള്ള ആ സൌന്ദര്യം അത്ര മനോഹരമാണ്. നൃത്തം ജീവിതത്തോട് ഇഴുകി ചേര്‍ന്ന ആരും, ഈ അവാച്യമായ സൌന്ദര്യത്തിന് ഉടമയായിരിക്കും. കാബറേ ഡാന്‍സിന്‍റെയും സിനിമാറ്റിക് ഡാന്‍സിന്‍റെയും കാര്യമല്ല പറഞ്ഞുവരുന്നത്. ‘ക്ലാസിക്’ നൃത്തരൂപങ്ങളില്‍ വ്യക്തിമുദ്ര ചാലിച്ചെഴുതിയ സുന്ദരിമാരുടെ കാര്യം ആണ്.

നൃത്തം വെറുമൊരു കലാരൂപം മാത്രമല്ല. ഒരു സ്‌ത്രീയുടെ അംഗലാവണ്യവും സ്വഭാവവും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നൃത്തത്തിന് വലിയ പങ്കുണ്ട്. അംഗലാവണ്യം മാത്രമല്ല സ്ത്രീയെ ശാരീരികവും മാനസികവും ആയി മെച്ചപ്പെട്ട വ്യക്തിയായി രൂപപ്പെടുത്തുന്നതിലും നൃത്തത്തിന് ഉള്ള പങ്ക് ചില്ലറയല്ല. ഇത് എന്തൊക്കെയാണെന്നാണെന്ന് അറിയണ്ടേ?

അംഗലാവണ്യത്തില്‍ അവള്‍ തന്നെ

അംഗലാവണ്യത്തില്‍ അതിസുന്ദരി നര്‍ത്തകി തന്നെ. അത് കഴിഞ്ഞേ ഉള്ളൂ ഏതു ഹോളിവുഡ്, ബോളിവുഡ് അഭിനേത്രിയും. നൃത്തം പരിശീലിക്കുന്ന പെണ്‍കുട്ടിയുടെ ശരീര അളവുകള്‍ കിറു കൃത്യമായിരിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ശരീരത്തിന്‍റെ ഏകോപനത്തിലും ഇവര്‍ കഴിഞ്ഞേ മറ്റ് പെണ്‍മണികള്‍ വരൂ. ഒരു സദ് വാര്‍ത്ത കൂടിയുണ്ട്, നൃത്തം പരിശീലിക്കുന്ന സുന്ദരികളുടെ ഹൃദയധമനികള്‍ ആരോഗ്യമുള്ളതായിരിക്കും. കൂടാതെ, ശക്തമായ ശരീരത്തിന്‍റെ ഉടമയാകുന്നതിനോടൊപ്പം ഫ്ലക്‌സിബിളായ ബോഡിയുടെ ഉടമകൂടിയായിരിക്കും നര്‍ത്തകികള്‍.

PRD
ബുദ്ധിവൈഭവം എന്നു പറഞ്ഞാല്‍...

നൃത്തം പരിശീലിക്കുന്നവര്‍ ബുദ്ധിപരമായി ഉണര്‍വും ഉന്മേഷവും ഉള്ളവരായിരിക്കും. ഒപ്പം, കാര്യങ്ങള്‍ കണക്കു കൂട്ടുന്നതിലും ഭാവി ആസൂത്രണം ചെയ്യുന്നതിനും ഇവര്‍ മിടുക്കരായിരിക്കും. ഒരു കാര്യത്തില്‍ തന്നെ തുടര്‍ച്ചയാ‍യി ശ്രദ്ധിക്കാനും ഇവര്‍ക്ക് പ്രത്യേക നിപുണതയുണ്ട്. മാനസികമായി കരുത്താര്‍ജിച്ചവരായിരിക്കും നൃത്തം പരിശീലിക്കുന്നവര്‍. ഏതു കാര്യങ്ങളും സിമ്പിളായി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ചിന്തകളായിരിക്കും ഇവരുടേത്.

കലാ‍പരമായിട്ടാ‍ണെങ്കില്‍...

സൃഷ്‌ടിപരമായ ഭാവചലനങ്ങള്‍ ഇവരുടെ പ്രത്യേകതയാണ്. കലാരംഗത്ത് അഭിനന്ദനീയമായ നേട്ടങ്ങള്‍ ആണ് ഇവര്‍ക്കുണ്ടാകുക. അതിസുന്ദരമായ ഭാവനാ ശക്തിക്ക് ഉടമയായിരിക്കും ഏതൊരു നര്‍ത്തകിയും. പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിലും ഇവര്‍ ശ്രദ്ധാലുക്കളായിരിക്കും. ഇതോടോപ്പം തന്നെ സംഗീതത്തിലും സര്‍ഗവാസനയുള്ളവരായിരിക്കും ഇവര്‍.

സാമൂഹികമായി...

പറയുകയാണെങ്കില്‍ ഒരു നല്ല ടീം ലീഡറിനു വേണ്ട എല്ലാ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. മുദ്രകള്‍ കരങ്ങള്‍ക്ക് വഴങ്ങുന്നതു പോലെ ഒരു ടീമിനെ നയിക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും. ‘കമ്മ്യൂണിക്കേഷന്‍ സ്‌കില്ലി’ നെക്കുറിച്ച് ഒരക്ഷരം പറഞ്ഞു കൊടുക്കണ്ട. സാമൂഹികമായി ഇടപെടുന്നതില്‍ അതിവിദഗ്ദര്‍ തന്നെയാണിവര്‍. സൌഹൃദങ്ങള്‍ക്ക് വില കല്പിക്കുകയും സുഹൃത്തുക്കളെ കണ്ണിലെ കൃഷ്‌ണമണി പോലെ നോക്കുകയും ചെയ്യും ഇവര്‍.

WD
സ്വന്തമായൊരു വ്യക്തിത്വമുണ്ട

ആത്മവിശ്വാസം വഴിഞ്ഞൊഴുകുന്ന ശാലീനമായ മുഖകാന്തി ഇവരുടെ മാത്രം പ്രത്യേകതയാണ്. ആത്മാഭിമാനം ഇവരുടെ മുഖമുദ്രയാണ്. അച്ചടക്കത്തിലും കാര്യനിര്‍വ്വഹണത്തിലും ഇവര്‍ മിടുക്കരായിരിക്കും. പുതിയ ‘ഐഡിയ’കള്‍ കണ്ടുപിടിക്കുന്നതിലും ഇവര്‍ അതിവിദഗ്ദരാണ്. സ്ഥിരോത്സാഹവും കൃത്യനിഷ്‌ഠയും ഇവരുടെ കൈമുതലും.

എന്താ, കൂട്ടുകാരി ക്ലാസിക് നൃത്തരൂപങ്ങളില്‍ ഒരു കൈ വെയ്ക്കണമെന്നുണ്ടോ? എങ്കില്‍ ഒട്ടു മടിക്കണ്ട. ഇന്ന് തന്നെ അടുത്തുള്ള നൃത്തവിദ്യാലയത്തില്‍ ചേര്‍ന്നോളൂ, കുറച്ചു കൂടി നന്നായി നൃത്തത്തെ അറിയണമെന്നുണ്ടോ. എങ്കില്‍ ഇനി, ഒട്ടും മടിയ്ക്കണ്ട. അത്യാവശ്യം നൃത്താഭിരുചികള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ കലാമണ്ഡലത്തിലേക്ക് തന്നെ നടന്നോളൂ.