ഓടിച്ചിട്ട് അടിക്കാന്‍ സമ്പത്പാല്‍ ദേവി ഉണ്ട്‍!

ശനി, 19 മാര്‍ച്ച് 2011 (16:49 IST)
PRO
PRO
കൈയില്‍ അടിക്കാനുള്ള വടി. വേഷം പിങ്ക് നിറത്തിലുള്ള സാരി. ഇത് ഒരു ‘തല്ലിനന്നാക്കല്‍’ സംഘത്തിന്റെ ഡ്രസ് കോഡാണ്. വേറൊരു സവിശേഷത ഈ സംഘം ഒരു പെണ്‍ കൂട്ടായ്മയാണ് എന്നതാണ്. പരാതി കൊടുക്കാന്‍ ചെല്ലുന്നവരെ അധിക്ഷേപിക്കുന്ന പോലീസുകാ‍രുടെ തലക്കിട്ട് തന്നെ അടിക്കുക, ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്നവരെ ഓടിച്ചിട്ട് തല്ലുക തുടങ്ങി സമൂഹത്തില്‍ നടക്കുന്ന ഏത് തിന്മകള്‍ക്കെതിരെയും ഇവര്‍ വടിയെടുക്കും.

നാലാം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസമുള്ള സമ്പത്പാല്‍ ദേവിയാ‍ണ് സംഘടനയുടെ നേതാവ്. ഗാര്‍ഡിയന്‍ പത്രം പുറത്തിറക്കിയ ലോകത്തെ പ്രചോദിപ്പിച്ച നൂറ്‌ വനിതകളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തനി ഗ്രാമീണയായ ഈ സ്ത്രീയും ഉള്‍പ്പെടുന്നു. ഇരുപതിനായിരത്തിലേറെ സ്ത്രീകളുണ്ട് ഇവരുടെ സംഘത്തില്‍. ഉയര്‍ന്ന സാമൂഹ്യ പ്രതിബദ്ധതയും അസമത്വങ്ങള്‍ക്കും അനാചാ‍രങ്ങള്‍ക്കുമെതിരെ കര്‍ക്കശ പ്രതികരണവുമുള്ള ‘ഗുലാബി ഗാംഗ്’ അഥവാ ‘പിങ്ക് സംഘം’ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിയുന്നു.

ഉത്തര്‍പ്രദേശിലെ പിന്നോക്ക ജില്ലയായ ബാന്ദയാണ് പിങ്ക് സംഘത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരവും ബാലപീഡനവും ശൈശവ വിവാഹവും നിരക്ഷതയും നിര്‍ബാധം തഴച്ച് വളരുന്ന മണ്ണാണ് ഉത്തര്‍പ്രദേശിലേത്. 2000-ത്തിന്റെ മദ്ധ്യത്തിലാണ് വന്‍ സാമൂഹ്യ പരിവര്‍ത്തനത്തിന് അടിത്തറയിട്ട് പിങ്ക് സംഘം പിറവിയെടുക്കുന്നത്.

സമ്പത്പാല്‍ ദേവി തന്നെ ആ സംഭവത്തെ പറ്റി പറയുന്നു - “ബാന്ദയിലെ ഒരു ഗ്രാമത്തിലൂടെ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരാള്‍ നിര്‍ദാക്ഷിണ്യം ഭാര്യയെ മര്‍ദ്ദിക്കുന്ന കാഴ്ച കണ്ടു. അവരെ ഉപദ്രവിക്കരുതെന്ന് ഞാന്‍ താണുകേണു പറഞ്ഞു. അയാള്‍ അത് ശ്രദ്ധിക്കാതെ മര്‍ദനം തുടര്‍ന്നു. പിറ്റേന്ന് സുഹൃത്തുക്കളായ ചില സ്ത്രീകളെയും കൂട്ടി അയാളെ ചെന്ന് ക്ണ്ടു. തലേന്നത്തെ അതേ ധാര്‍ഷ്ട്യവും പുച്ഛവുമായിരുന്നു അയാളുടെ പ്രതികരണത്തിന്. പിന്നെ ഒന്നും ആലോചിച്ചില്ല. ഓടിച്ചിട്ട് തല്ലി.“

ഈ വാര്‍ത്ത നാട്ടിലെങ്ങും കാ‍ട്ടുതീ പോലെ പരന്നു. പുരുഷ പീഡനത്താല്‍ സഹികെട്ട സ്ത്രീകളുടെ പരിദേവനങ്ങളുടെ ഘോഷയാത്രയായിരുന്നു സമ്പത്പാലിനെ പിന്നീട് തേടിയെത്തിയത്. അങ്ങനെ ഗുലാബി ഗാംഗിന് രൂപം കൊടുക്കാതിരിക്കാന്‍ പറ്റില്ലെന്നായി. ‘ഞങ്ങളെ കാണുമ്പോഴേ പ്രശ്നം സൃഷ്ടിക്കുന്നവര്‍ക്ക് ഇനി ചിലപ്പോള്‍ അടി കൈമടക്കായി വാങ്ങേണ്ടി വരുമെന്ന് മനസ്സിലാക്കാനാണ് സംഘത്തിന് പിങ്ക് നിറത്തിലുള്ള സാരിയും മുളവടിയുമെന്ന ഡ്രസ് കോഡ് തിരഞ്ഞെടുത്തിരിക്കുന്നത്’ എന്ന് സമ്പത്‌പാല്‍ ദേവി പറയുന്നു.

സമൂഹത്തിലെ എല്ലാ അടിച്ചമര്‍ത്തലുകളെയും അനീതികളെയും ആട്ടിപ്പായിക്കുക എന്ന പ്രതീകാത്മകമായ ലക്‍ഷ്യം കൂടി കയ്യിലേന്തുന്ന മുളവടിക്കുണ്ടെന്ന് സമ്പത്‌പാല്‍ കൂട്ടിച്ചേര്‍ക്കുന്നു. ബാല വിവാഹങ്ങള്‍ തടയുക, വീടു വീടാന്തരം കയറി പെണ്‍കുട്ടികളെ സ്കൂളില്‍ ചേര്‍ത്തേണ്ട ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക തുടങ്ങിയവ പിങ്ക് സംഘം ചെയ്യുന്ന പ്രവര്‍ത്തികളില്‍ ചിലത് മാത്രമാണ്. പരാതി ബോധിപ്പിക്കാന്‍ ചെല്ലുന്ന സ്ത്രീകളോട് നിഷേധാത്മകമായി പെരുമാറുന്ന പോലീസ് സ്റ്റേഷനുകള്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ വിരളമാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസുകാരുള്ള സ്റ്റേഷനുകള്‍ക്കെതിരെ ഗുലാബി ഗാംഗ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെയാണ് ഈ സ്ഥിതി സംജാതമായത്.

പഴയ ഒരു സൈക്കിള്‍ ചവിട്ടി എത്തിയാണ് സമ്പത്‌പാല്‍ ഉത്തര്‍പ്രദേശിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെ വീടുകളില്‍ ഗുലാബി ഗ്യാംഗിന്റെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ വ്യാപൃതയാകുന്നത്. സര്‍ക്കാരിന്റെയോ എന്‍ജിഒകളുടെയോ ധനസഹായം കൈപറ്റാതെ ആരോടും വിധേയത്വം കൂടാതെയുള്ള പ്രവര്‍ത്തന നയമാണ് ഗുലാബി ഗ്യാംഗ് സ്വീകരിച്ചിരിക്കുന്നതെന്ന് സമ്പത് പാല്‍ വ്യക്തമാക്കുന്നു.

ബാന്ദ ജില്ലയില്‍ 1958-ല്‍ ഒരു ദരിദ്ര കുടുംബത്തിലാണ് സമ്പത്പാല്‍ ജനിച്ചത്. ചെറുപ്പത്തിലേ വീട്ടുകാര്‍ ചെയ്തിരുന്ന തൊഴിലായ കാലിമേക്കല്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയായി. പഠിക്കാന്‍ അതിയായ മോഹം ഉണ്ടായിരുന്നെങ്കിലും പെണ്ണായതിനാല്‍ വീട്ടുകാര്‍ സ്കൂളില്‍ പറഞ്ഞു വിട്ടില്ല. പഠനത്തോടുള്ള അതിയായ താല്‍പ്പര്യം മനസിലാക്കിയ അമ്മാവന്‍ സമ്പത്‌പാലിനെയും സ്കൂളില്‍ ചേര്‍ത്തു. പക്ഷെ നാലാം ക്ലാസ് വരെ തുടരാനേ സാധിച്ചുള്ളൂ.

പന്ത്രണ്ടാം വയസ്സില്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. പതിനഞ്ചാം വയസ്സില്‍ അമ്മയുമായി. നാലു കുട്ടികളുണ്ട് സമ്പത് പാലിന്. കുറച്ചു നാള്‍ സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകയായി ജോലി നോക്കിയിരുന്നു അവര്‍. അത് ഉപേക്ഷിച്ചാണ് സമ്പത്പാല്‍ ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക