ഒറ്റപ്പെടല്ലേ തോഴീ!

ശനി, 21 ഫെബ്രുവരി 2009 (13:23 IST)
PROPRO
“എന്നോടെന്തിനീ പിണക്കം, ഇന്നുമെന്തിനാണെന്നോട് പരിഭവം” എന്നു നിങ്ങള്‍ക്കെപ്പോഴെങ്കിലും ആരോടെങ്കിലും തോന്നിയിട്ടുണ്ടോ? ഇതെന്തൊരു ചോദ്യം അല്ലേ? എത്ര വലിയ സുഹൃത്തുക്കളാണെങ്കില്‍ പോലും ഒന്നു പിണങ്ങാതെയും രണ്ടു ദിവസം മിണ്ടാതെയും ഒക്കെ ഒരു സൌഹൃദമുണ്ടോ?

സാരമില്ല, പിണങ്ങിക്കോ. പക്ഷേ, അമിതമായാല്‍ അമൃതും വിഷം എന്നതു പോലെ അധികമായാല്‍ പിണക്കവും വിഷം ആണെന്നാണ് അടുത്തിടെ കണ്ടെത്തിയിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്‍. പിണങ്ങുമ്പോള്‍ സ്ത്രീകള്‍ ഒറ്റയ്ക്കിരിക്കുന്നതും സ്വയം ചിന്തകളില്‍ ഒതുങ്ങി കൂടുന്നതുമാണ് ഇത്തരത്തിലുള്ള അപകടത്തിലേക്ക് വഴിയൊരുക്കുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് ഒറ്റയ്ക്കിരിക്കാനുള്ള പ്രവണത സ്ത്രീകളിലാണ് കൂടുതല്‍. അതു കൊണ്ട് തന്നെ, ഇങ്ങനെ ഒറ്റയ്ക്കിരിക്കുന്ന സ്ത്രീകളില്‍ മാനസികാരോഗ്യം കുറയുകയും, അത് ശാരീരികമായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ജീവിതശൈലിയില്‍ വളരെ പെട്ടെന്ന് വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളും അണു കുടുംബങ്ങളെക്കാളുപരി ‘ഫ്ലാറ്റ്‘ കുടുംബങ്ങളുടെ വ്യാപനവും ഇതിന് ഒരു പ്രധാന കാരണമാണ്.

PROPRO
ജോലിത്തിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയാലും ബോസിന്‍റെ ചീത്തവിളിയും സഹപ്രവര്‍ത്തകരുടെ കളിയാക്കലും ഓര്‍ത്തു കൊണ്ടിരിക്കുന്നവര്‍ക്ക് ഒറ്റപ്പെടാനും വിഷാദരോഗത്തിന് അടിപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് വിദഗ്‌ധര്‍ വിലയിരുത്തുന്നു.

ലോക ആരോഗ്യസംഘടനയുടെ പഠനപ്രകാരം 2020 ആകുമ്പോഴേയ്ക്കും മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാകുന്നവയില്‍ രണ്ടാം സ്ഥാനം ഒറ്റപ്പെലിനെ തുടര്‍ന്നുണ്ടാകുന്ന വിഷാദ രോഗത്തിനായിരിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പുരുഷനെക്കള്‍ അധികം മനക്കരുത്ത് ‘പ്രകടിപ്പിക്കുന്ന‘ സ്ത്രീകള്‍ പലപ്പോഴും തളര്‍ന്നു പോകുന്നത് പുതിയ ലോകത്തിന്‍റെ അതിസമ്മര്‍ദ്ദം കൊണ്ടാണെന്നാണ് മറ്റൊരു മതം. പക്ഷേ, മാറുന്ന കാലത്തിനൊപ്പം ആത്മവിശ്വാസത്തിന്‍റെ പുത്തന്‍ ചുവടുകളുമായി മുന്നോട്ട് നടക്കാന്‍ പെണ്‍മണികള്‍ ശ്രദ്ധിക്കണം.

സ്വയം ഒതുങ്ങി കൂടാതെ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കാം. ഇടയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം യാത്ര നടത്തുന്നതും, കുടുംബാംഗങ്ങളുമൊന്നിച്ച് ബന്ധുഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതും നിങ്ങള്‍ക്ക് ഉന്‍‌മേഷം നല്‍കും. നിങ്ങള്‍ക്ക് നിങ്ങള്‍ മാത്രമല്ല, ഒപ്പം നില്‍ക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടെന്നത് കൂടുതല്‍ ആത്‌മവിശ്വാസം നല്‍കും.