ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി ചോറില്ലെന്ന് പറഞ്ഞു: കാവ്യാ മാധവന്‍

വ്യാഴം, 26 ജൂലൈ 2012 (12:52 IST)
PRO
PRO
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കാതെ പോയതില്‍ നടി കാവ്യാ മാധവനും പരിഭവം. തനിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ഉണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിഞ്ഞിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേര് ആയിരുന്നില്ല. ഉറങ്ങി കിടന്നിരുന്ന തന്നെ വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറയുന്ന അവസ്ഥയാണ് ഒടുവില്‍ ഉണ്ടായതെന്ന് കാവ്യ പറഞ്ഞു.

ജൂറിയുടെ മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇത്തവണ താന്‍ അവതരിപ്പിച്ചത്. ഡബ്ബ് ചെയ്തതും താന്‍ തന്നെയായിരുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളിലെ വേഷങ്ങളെക്കുറിച്ച് കാവ്യ പറഞ്ഞു.

അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസം രാവിലെ മുതല്‍ തന്നെ തനിക്ക് ഫോണ്‍ കോളുകള്‍ വന്നുതുടങ്ങി. പ്രതികരണത്തിനായി ചാനല്‍ പ്രതിനിധികളും എത്തിയിരുന്നു എന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നടി ശ്വേതാ മേനോന്‍ ആണ് ഇത്തവണ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

വെബ്ദുനിയ വായിക്കുക