ഈ ശവക്കല്ലറ അത്യപൂര്‍‌വം; കാവല്‍ വേണം!

തിങ്കള്‍, 27 ഫെബ്രുവരി 2012 (10:28 IST)
PRO
PRO
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കാണുന്ന തരത്തിലുള്ള പൊതുശ്മശാനമാണ് ന്യൂജേഴ്സിയിലെ വെസ്റ്റ്‌ബീല്‍‌ഡിലുള്ള ഫെയര്‍‌വ്യൂ സിമിത്തേരിയും. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റേതാണ് ഈ സിമിത്തേരിയെങ്കിലും ഇപ്പോള്‍ സിമിത്തേരി അധികൃതര്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. അടുത്തിടെ ഈ സിമിത്തേരിയില്‍ സംസ്കരിക്കപ്പെട്ട ഒരാളുടെ ശവക്കല്ലറയാണ് പുലിവാലിന് കാരണം. രാത്രിയും പകലും ഈ ശവക്കല്ലറയ്ക്ക് കാവല്‍ വേണം. ഭൂതമോ പ്രേതമോ ഈ കല്ലറയിലുണ്ടോ എന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട. ഏകദേശം രണ്ടരക്കോടിയുടെ ആഭരണങ്ങളാണ് ഈ കല്ലറയില്‍ വിശ്രമിക്കുന്നത്.

ആഭരണങ്ങള്‍ക്കൊപ്പം ശവപ്പെട്ടിയില്‍ വിശ്രമിക്കുന്നത് മറ്റാരുമല്ല, ലോകത്തിന്റെ പ്രിയ പോപ്പ് ഗായികമാരിലൊരാളായ വിറ്റ്നി ഹൂസ്റ്റണാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ ശ്മശാനങ്ങളില്‍ ഒന്നാണ് ഫെയര്‍‌വ്യൂ സിമിത്തേരി. 1868-ലാണ് ഫെയര്‍‌വ്യൂ സിമിത്തേരി ആരംഭിച്ചത്. സാധാരണക്കാര്‍ക്കൊന്നും ഇതിനുള്ളില്‍ ശവമടക്കാനാവില്ല. ഇവിടെ ശവം സംസ്കരിക്കണമെങ്കില്‍ അതിനുള്ള സ്ഥലം വാങ്ങേണ്ടതുണ്ട്. അതിന് കോടികള്‍ വേണ്ടിവരും.

വിറ്റ്നി ഹൂസ്റ്റന്റെ പിതാവ് ജോണ്‍ റസന്‍ ഹൂസ്റ്റണ്‍ വിശ്രമിക്കുന്നത് ഈ സിമിത്തേരിയിലാണ്. 105 ഏക്കറില്‍ പരന്നുകിടക്കുന്ന, അതീവ സുന്ദരമായ ഫെയര്‍‌വ്യൂ സിമിത്തേരിയില്‍ പിതാവിനെ അടക്കണമെന്ന് വിറ്റ്നിയുടെ ആഗ്രഹമായിരുന്നു. പിതാവിന്റെ കല്ലറയ്ക്ക് അടുത്തുതന്നെയാണ് വിറ്റ്നിയെയും അടക്കിയിരിക്കുന്നത്.

തനിത്തങ്കം നല്ല കനത്തില്‍ പൂശിയിട്ടുള്ള ശവപ്പെട്ടിയിലാണ് വിറ്റ്നിയെ സംസ്കരിച്ചിരിക്കുന്നത്. 75 ലക്ഷം രൂപയോളം ഈ പെട്ടിക്ക് വില വരുമെന്ന് കണക്കാക്കപ്പെടുന്നു. സര്‍‌വാഭരണ വിഭൂഷിതമായാണ് ശവപ്പെട്ടിയില്‍ വിറ്റ്നിയുടെ മൃതശരീരം കിടക്കുന്നത്. ശവശരീരത്തെ അണിയിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വന്‍ വിലയുള്ളതാണ്. വജ്രത്തിന്റെ കമ്മലും ബ്രോച്ചും മൃതദേഹത്തില്‍ അണിയിച്ചിട്ടുണ്ട്. ഇവയെല്ലാം മോഷ്ടിക്കപ്പെട്ടേക്കാം എന്ന ഭയമാണ് ശവക്കല്ലറയ്ക്ക് സുരക്ഷാ ഭടന്മാരെ കാവല്‍ നിര്‍ത്താന്‍ കാരണമായത്,

വിറ്റ്‌നി ഹൂസ്റ്റണ്‍ നായികയായി അഭിനയിച്ച സിനിമയാണ് 1992-ല്‍ പുറത്തുവന്ന ‘ദ ബോഡിഗാര്‍ഡ്’ എന്ന സിനിമ. റേച്ചല്‍ എന്ന ഒരു ഗായികയായാണ് വിറ്റ്നി അതില്‍ അഭിനയിച്ചത്. തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നവരില്‍ രക്ഷപ്പെടാന്‍ റേച്ചല്‍ ഒരു ബോഡിഗാര്‍ഡിനെ നിയമിക്കുന്നതാണ് സിനിമയുടെ കഥ. ബോഡിഗാര്‍ഡായി വേഷമിട്ടിരിക്കുന്നത് കെവിന്‍ കോസ്റ്റ്നറും.

നിരൂപകശ്രദ്ധയൊന്നും പിടിച്ച് പറ്റിയില്ലെങ്കിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ഈ സിനിമ വിറ്റ്നിക്കെന്നും പ്രിയപ്പെട്ട ഒന്നായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഈ സിനിമ വിറ്റ്നി ആവര്‍ത്തിച്ച് കാണുമായിരുന്നുവെത്രെ. മരിച്ച് കഴിഞ്ഞും ബോഡിഗാര്‍ഡിനെ ഉപേക്ഷിക്കാന്‍ വിറ്റ്നിക്ക് പറ്റുന്നില്ലെന്നാണ് ആയുധങ്ങളുമായി വിറ്റ്നിയുടെ ശവക്കല്ലറയ്ക്ക് കാവല്‍ നില്‍‌ക്കുന്ന സുരക്ഷാ ഭടന്‍‌മാരെ കാണുമ്പോള്‍ തോന്നിപ്പോവുക.

വെബ്ദുനിയ വായിക്കുക