ആഘോഷങ്ങളില്‍ പങ്കെടുക്കാതെ കാഴ്‌ചക്കാരനായി നില്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്. ഈ സുഖത്തിനെ തല്ലി തകര്‍ത്ത് ദുരന്തം കടന്ന് വരുമ്പോള്‍ ആരെ പഴിക്കണം എന്നറിയാതെ നമ്മള്‍ ഒരു നിമിഷം ബുദ്ധിമുട്ടുന്നു.
ബിരുദത്തിന് പഠിക്കുന്ന കാലം. വിഷുവിന്‍റെ തലേ ദിവസം ഞങ്ങള്‍ മൂന്നു പേര്‍ കോള്‍പാടത്ത് ഇരുന്ന് സംസാരിക്കുന്നു. പടക്കങ്ങള്‍ പൊട്ടിച്ച് സമീപ പ്രദേശങ്ങളില്‍ കുട്ടിക്കൂട്ടങ്ങള്‍ ആര്‍ത്ത് ഉല്ലസിക്കുന്നു.
ഞങ്ങളുടെ കാലിനു കീഴിലെ കനാലില്‍ ഒരു ചേര ചത്ത് ചീഞ്ഞ് കിടക്കുന്നു. മുമ്പ് ഇവിടെ വരാറുള്ളപ്പോള്‍ ഈ സാധു ജീവി വെള്ളത്തില്‍ നീന്തി തുടിക്കാറുള്ളത് കാണാറുണ്ടായിരുന്നു. മരണം ഉറപ്പാണെങ്കിലും ആരും ആഘോഷം ഒഴിവാക്കാറില്ലല്ലോ?.
മനസ്സില്‍ ഒരു നേര്‍ത്ത വേദന അനുഭവപ്പെടുന്നു. മിമിക്രി കലാകാരനായ ജയകൃഷ്‌ണന്‍ തമാശകള്‍ പൊട്ടിക്കുമ്പോഴും പ്രിയപ്പെട്ടത് എന്തോ നഷ്‌ടപ്പെട്ടുക്കൊണ്ടിരിക്കുന്നുവെന്ന തോന്നല്‍
ചേരയുടെ ചീഞ്ഞ ശരീരത്തില്‍ നിന്ന് രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നു. ഒരു കാക്ക വന്ന് അതിന്‍റെ ചീഞ്ഞളിഞ്ഞ ഭാഗങ്ങള്‍ കൊത്തി തിന്നുന്നു. രണ്ട് വട്ടം ശബ്ദിച്ച് കാക്ക പറന്നു പോയി.
‘വിഷുവായിട്ട് എന്ത് പുണ്യം കിട്ടുവാനാണ് നിങ്ങള്‍ ഇവിടെ വന്ന് മണപ്പിച്ച് ഇരിക്കുന്നത്?’,കോള്‍പാടത്ത് നിന്ന് കയറി വന്ന ഒരു കര്‍ഷകന്‍ ചോദിച്ചു.
തിരികെ വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടുമ്പോഴും മനസ്സില്‍ ശൂന്യത. വീട്ടില്‍ ലൈറ്റുകളൊന്നും കത്തിച്ചിട്ടില്ല. ഏറെ നേരം കോളിംഗ് ബെല്‍ അടിച്ച ശേഷം പുറക് വശത്തേക്ക് പോയപ്പോള്‍ അച്ചാച്ചന്‍ (അച്ഛന്‍റെ അച്ഛന്‍) അവിടെ ഇരിക്കുന്നത് കണ്ടു.
“നിന്‍റെ അമ്മയുടെ അച്‌ഛന്‍ മരിച്ചു“‘.
അച്ചാച്ചന്‍ യാതൊരു മുഖവരയും ഇല്ലാതെ പറഞ്ഞു. മനസ്സില്‍ ഞെട്ടല്‍ ഒന്നും ഉണ്ടായില്ല. അടുത്ത വീട്ടില്‍ നിന്ന് മാലപ്പടക്കത്തിന്‍റെ കൂട്ടപ്പൊരിച്ചില്‍.
വിഷു ദിവസം മുത്തച്ഛന്‍റെ ചിതയെരിയുന്നത് കണ്ടു കൊണ്ടു നില്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു തരം നിശ്ചലാവസ്ഥ. അമ്മാവന്‍റെ വീട്ടില്‍ നില്‍ക്കുന്ന കാലത്തെ വിഷു വേളകളില്‍ കൈനിറയെ പടക്കങ്ങളും കമ്പിത്തിരികളുമായിട്ടാണ് മുത്തച്ഛന്‍ വരാറ്. കാലമേറെ കഴിഞ്ഞപ്പോള്‍ പടക്കം പൊട്ടിക്കുന്നതില്ലൊന്നും താല്‍പ്പര്യമില്ലെന്ന് മനസ്സിലായി. അപ്പോള്‍ വിഷുകാലത്ത് സിനിമ കാണുന്നതിന് കാശ് തരും.
മുത്തച്ഛന്‍റെ ചിതയില്‍ എല്ലുകള്‍ പൊട്ടുന്നു. മൂന്നര മണിക്കൂര്‍ കൊണ്ട് ചിത കത്തി തീര്‍ന്നു. വിഷു ദിനത്തില്‍ പട്ടിണി കഞ്ഞി കുടിച്ച് വീട്ടിലേക്ക് പോന്നു.
അവിടെ അലമാരയില്‍ മുത്തച്ഛന്‍ കൊടുത്ത കാശു കൊണ്ട് അനുജത്തി മേടിച്ച കമ്പിത്തിരികളും മേശപ്പൂവും ഇരിക്കുന്നു. ഒരു കൊല്ലത്തോളം അത് അവിടെ ഇരുന്നു.