മധുരമെന്ന് കേട്ടാലേ ഹല്‍വയുടെ രുചി നാവിലെത്തും. ഈ വിഷുവിന് ഈ മധുരപലഹാരം കൂടിയായാലോ.
ചേര്‍ക്കേണ്ടവ
മൈദ - അര കിലോ
ശര്‍ക്കര - ഒന്നേമുക്കാല്‍ കിലോ
തേങ്ങ - മൂന്നു വലിയ തേങ്ങാതിരുമ്മിയത് (പത്തു കപ്പ്)
നെയ്യ് - ഇരുനൂറ്റന്‍പതു ഗ്രാം
പറങ്കിയണ്ടി തീരെ കനക്കുറവായി വട്ടത്തിലോ നീളത്തിലോ അരിഞ്ഞത് - നൂറ്റിയരിരുപത്തഞ്ചു ഗ്രാം
പഞ്ചസാര - അര കപ്പ്
ഏലക്കാപ്പൊടി - കാല്‍ ടീസ്പൂണ്‍
റോസ് എസന്‍സ് - രണ്ടു തുള്ളി മാത്രം
ഉണ്ടാക്കേണ്ട വിധം
മൈദാ ഒരു പാത്രത്തിലാക്കി രണ്ടു കപ്പ് വെള്ളമൊഴിച്ചു ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ വളരെ മയത്തില്‍ കുഴയ്ക്കുക. ഇങ്ങനെ കുഴച്ച മാവില്‍ കുറേശ്ശ വെള്ളം ഒഴിച്ച് കലക്കി വേറൊരു പാത്രത്തിന്‍റെ വക്കില്‍ തോര്‍ത്തു കെ്ട്ടി പിശിട് ഒട്ടും വീഴാതെ ചാറ് അരിച്ചെടുക്കുക. മാവു കുഴയ്ക്കാന്‍ ചേര്‍ത്ത വെള്ളം കൂടാതെ പതിനെട്ടു കപ്പു വെള്ളം ചേര്‍ക്കണം. എല്ലാം കൂടി ഇരുപതു കപ്പു കാണും.
ശര്‍ക്കര മൂന്നു കപ്പു വെള്ളം ചേര്‍ത്ത് ഉരുക്കുക. ഈ പാനി അരിച്ചെടുത്ത് ഉരുളിയില്‍ ഒഴിക്കണം. തിരുമ്മിയ തേങ്ങ ആറു കപ്പു വെള്ളം ഒഴിച്ച് പിഴിഞ്ഞ് അരിച്ചു മാറ്റിവയ്ക്കുക. മൈദാ കലക്കി വച്ചിരിക്കുന്നതും തേങ്ങാപ്പാലും ശര്‍ക്കരപ്പാനിയുടെ കൂടെ ഉരുളിയിലാക്കണം. ഹല്‍വാക്കൂട്ട് പശുവിന്‍ പാലിന്‍റെ അയവിലിരിക്കും. ഇടത്തരം തീ കത്തിച്ചാല്‍ മതി. കൂട്ടു മുക്കാലും കുറുകുമ്പോള്‍ നെയ്യ് കുറേശ്ശേ ഇട്ടു തുടരെ ഇളക്കിക്കൊണ്ടിരിക്കുക.
അരിഞ്ഞുവച്ചിരിക്കുന്ന പറങ്കിയണ്ടിയില്‍ മുക്കാല്‍ഭാഗം ഈ സമയത്തു ചേര്‍ക്കുക. അരകപ്പ് പഞ്ചസാരയില്‍ കൂട്ടിയിളക്കിവച്ചിരിക്കുന്ന എസന്‍സ്, ഏലക്കാപ്പൊടി ഇവ തൂവുക. തീ തീരെ കുറച്ചു കനല്‍ത്തീയില്‍ ചേരുവകള്‍ ഇളക്കുക. ഉരുക്കിയ നെയ് മയം പുരട്ടിയതട്ടത്തില്‍, മാറ്റിവച്ചിരിക്കുന്ന പറങ്കിയണ്ടി സമനിപ്പായി തൂവി നെയ്മയം ഇറങ്ങുന്ന ഹല്‍വാ നിരത്തുക. തട്ടത്തില്‍ വെള്ളമയം അശേഷം ഉണ്ടാകരുത്. ഹല്‍വാ ഒരു സ്പൂണിന്‍റെ അടിഭാഗം കൊണ്ടു സമനിരപ്പായി നിരത്തി മിനുസപ്പെടുത്തി മുകളില്‍ ബാക്കി പറങ്കിയണ്ടിയും നിരത്തുക. നല്ല മയമുള്ള ഈ കറുത്ത ഹല്‍വയ്ക്കു വളരെ സ്വാദുണ്ടായിരിക്കും.
ഹല്‍വാ ഉണ്ടാക്കുമ്പോള്‍ തീ കത്തിക്കുന്നതില്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട്. ആദ്യം നല്ലതുപോലെ തീ കത്തിച്ച ശേഷം സാവധാനം തീ കുറച്ചു കൊണ്ടുവരണം. വാങ്ങുന്നതിനുമുന്പു തീ തീരെ കുറച്ചേ കത്തിക്കാവൂ. അവസാനം വെറും കനല്‍ത്തീ മാത്രം മതി. കൂടാതെ പെട്ടെന്നു കുറുക്കിവറ്റിക്കാതെ വളരെ സാവധാനത്തില്‍ ഹല്‍വ തയ്യാറക്കേണ്ടതാണ്. രണ്ട് അല്ലെങ്കില്‍ രണ്ടര മണിക്കൂര്‍കൊണ്ടു ഹല്‍വാ തയ്യാറാകും.