ഗണപതി ക്ഷേത്രത്തിൽ ഏത്തമിടുന്നത് എന്തിനാണ്?

എ കെ ജെ അയ്യര്‍

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (17:39 IST)
തന്നിൽ നിന്ന് വിഘ്നങ്ങൾ ഒഴിഞ്ഞു പോകണമേ എന്ന ചിന്തയോടെയാണ് ഏത്തമിടുന്നത്. ഗണപതി ഭഗവാൻ ഭക്തരിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഒരു രീതിയാണ് ഏത്തമിടൽ എന്നാണു പറയുന്നത്. ഗണപതി ക്ഷേത്ര ദർശനം നടത്തുന്നത് ഏവർക്കും ഇഷ്ടമുള്ള കാര്യമാണെങ്കിലും ശരിയായ രീതിയിൽ ഏത്തമിടാൻ ആരും തന്നെ അധികം മിനക്കെടാറില്ല. അത്യാവശ്യം ഭഗവാനെ ഒന്ന് വണങ്ങിപ്പോകുന്ന രീതിയിൽ കൈപിണച്ചു രണ്ട് ചെവിയിലും തൊട്ടു ദേഹമൊന്നു ചലിപ്പിക്കുന്നത് മാത്രമാവും ഏത്തമിടുന്ന രീതി. അത് പാടില്ല. ഗണപതി ഭഗവാന്റെ സന്നിധിയിൽ മാത്രമാണ് ഏത്തമിടുക, മറ്റൊരു ദേവസന്നിധിയിലും ഈയൊരു വിധി ഇല്ല എന്നാണ്. പക്ഷെ ഗണപതി സന്നിധിയിൽ ഏത്തമിട്ടാൽ പ്രധാനവുമാണ് എന്ന് നാം ഓർക്കണം.

ഏത്തമിടുന്ന രീതി വിവരിക്കുന്ന ഒരു മന്ത്രം തന്നെയുണ്ട്.....

"വലം കൈയാൽ വാമശ്രവണവുമിടം കൈവിരലിനാൽ
വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള നിലയിൽ
നിലം കൈമുട്ടാലേ പലകുറി തൊടുന്നേനടിയനി-
ന്നലം കാരുണ്യാബ്ദേ കളക മമ വിഘ്നം ഗണപതേ"

എന്ന് ഉരുവിട്ടുകൊണ്ടുവേണം വിനായകൻ വന്ദിക്കേണ്ടതും ഏത്തമിടേണ്ടതും.

ഇത് എങ്ങനെയെന്നാൽ, വലം കൈ കൊണ്ട് ഇടത്തെ കാതും ഇടം കൈകൊണ്ട് വലത്തെ കാതും തോറ്റുകൊണ്ട് കാലുകൾ പിണച്ചു നിന്ന് കൊണ്ട് കൈമുട്ടുകൾ പലതവണ നിലം തൊട്ടു ഭഗവാനെ വന്ദിക്കുന്നു എന്നാണിത്.

ഏത്തമിടുന്ന ശരിയായ സമ്പ്രദായം അനുസരിച്ചു ഇടത്ത് കാലിൽ ഊന്നു നിന്ന് വലത്ത് കാൽ ഇടതുകാലിന്റെ മുന്നിൽക്കൂടി ഇടത്തോട്ടു കൊണ്ടുപോയി പെരുവിരൽ മാത്രം നിലത്തു തൊടുവിച്ചു വേണം നിൽക്കേണ്ടത്. ഇതിനൊപ്പം ഇടതു കൈയുടെ നടുവിരൽ, ചൂണ്ടു വിരൽ എന്നിവകൂടി വലത്തേ ചെവിയും വലത്തെ കൈകൊണ്ട് ഇടത്തെ കൈയുടെ മുൻ വശത്തുകൂടി ഇടത്തോട്ടു കൊണ്ടുപോയി ആദ്യം പറഞ്ഞ രണ്ട് വിരലുകൾ കൊണ്ട് ഇടത്തെ കാതും പിടിക്കണം. എന്നിട്ടുവേണം ഭഗവാനെ കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്.    
എത്ര തവണ ഏത്തമിടുന്നു എന്നത് അവരവരുടെ സൗകര്യം അനുസരിച്ചായിരിക്കും. എന്നാൽ സാധാരണ മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ചു ഇരുപത്തൊന്ന്, മുപ്പത്താറ് എന്നീ എണ്ണം അനുസരിച്ചാണ്. ഏത്തമിടുന്നത് അനുസരിച്ചു ഭക്തരിൽ നിന്ന് വിഘ്നങ്ങൾ മാഞ്ഞുപോകും എന്നാണ് വിശ്വാസം. ഇതിനൊപ്പം ഇതിനെ ബുദ്ധി ഉണർത്തുന്ന ഒരു വ്യായാമ മുറയായിട്ടും പരിഗണിച്ചു വരുന്നു - സൂര്യ നമസ്കാരം പോലെ. ഇത്തരത്തിൽ ഏത്തമിടുന്നത് കൊണ്ട് തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂട്ടുമെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ഗണപതി ഭഗവാൻ ശരണം!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍