ഗജാനനന്‍, ഗണപതി, ലംബോധരന്, ചാമരകര്ണ്ണന്, സിദ്ധി വിനായകന്, വക്രതുണ്ഡന്‍, മൂഷികവാഹനന്‍ തുടങ്ങിയ പേരുകളും പഞ്ചദേവതകളിലെ പ്രഥമസ്ഥാനീയനായ വിഘ്നേശ്വരനു സ്വന്തമാണ്.
ഗണപതി ശക്തി ബുദ്ധി എന്നീ ഗുണങ്ങളുടെ മൂര്ത്തിരൂപമത്രെ. ഭക്തര്‍ക്ക് സദ്ഗുണങ്ങളും എല്ലാ കര്‍മ്മങ്ങളിലും വിജയവും പ്രദാനം ചെയ്യുന്നതും ഈ ദേവനാണ്.
""ആദിയില്‍ വചനമുണ്ടായി. വചനം ദൈവമായിരുന്നു'' എന്ന് വിശുദ്ധബൈബിളില് പറയുന്നു. ഇതേ ആശയത്തിന് ഊന്നല്‍ നല്‍കികൊണ്ടാണ് പ്രാചീന ഭാരതീയ സംസ്ക്കാരവും ആരംഭിക്കുന്നത്.
"ഓംകാരം പ്രപഞ്ച സൃഷ്ടിയില്‍ ആദ്യമുണ്ടായ ധ്വനിയെന്ന് വേദങ്ങളും അനുശാസിക്കുന്നു. അക്ഷരങ്ങളുടെ തുടക്കവും ഇതേ ഓം കാരത്തില്‍ നിന്നാണ്. സാക്ഷാല്‍ അതീതബ്രഹ്മസ്വരൂപമത്രെ ഓം കാരം. ഇതിന് മുന്‍പ് മറ്റൊന്നും ആരംഭിക്കുന്നില്ല.
ഓം കാരത്തെ പ്രതിനിധാനം ചെയ്യുന്ന ദേവതാ സങ്കല്പമാണ് ഗണപതി. അതുകൊണ്ട് തന്നെയാണ് എല്ലാ ഉദ്യമങ്ങളിലും പ്രഥമസ്ഥാനം ഈ ദേവന് നല്കി ആദരിക്കുന്നതും.
മനുഷ്യശരീരത്തിലെ കുണ്ഡലിനി ശക്തിയുടെ ഉറവിടവും, ആത്മീയ ശക്തിയുടെ കേന്ദ്രസ്ഥാനമായ മൂലാധാരത്തിന്െറ അടിസ്ഥാന ദേവതയും ഗണപതി തന്നെയാണ്.
ഭാരതീയ സംസ്കാരം സമ്മാനിച്ചിട്ടുള്ള മറ്റു ദേവതാ സങ്കല്പങ്ങളില് നിന്നും തികച്ചും വിഭിന്നമാണ് വിഘ്നേശ്വരന്െറ ശാരീരിക പരിവേഷം. ആനത്തലയും മനുഷ്യശരീരവും കുടവയറും തുമ്പിക്കരവും... ഒക്കെയായി പുരാണങ്ങളില്‍ ഗണപതിയെ ചിത്രീകരിക്കുന്നു.
മനുഷ്യജീവിതവുമായി ഏറെ ബന്ധമുള്ള ശരീരഘടനയും ആഭരണാദികളും ഉളള മറ്റൊരു ദേവതാ സങ്കല്പം ഇല്ലെന്ന് തന്നെ പറയാം. തികച്ചും അര്‍ത്ഥവത്തായ ചില പ്രതീകങ്ങളുടെ സമ്മേളനാണ് ഗണപതി.
ശ്രീ മഹാഗണപതേ നമ:
വിഘ്നേശ്വരന്െറ വിശാലമായ ശിരസ്സ് ബോധത്തിന്‍െറ ഏറ്റവും വികാസം പ്രാപിച്ച അവസ്ഥയെ കാണിക്കുന്നു. ഗണപതിയുടെ തുമ്പിക്കൈ ശക്തിയുടെ പ്രതീകമാണ്. ബുദ്ധിയും ശക്തിയും ഒത്തിണങ്ങിയ ഒരു ജീവിയായാണല്ലോ ആനയെ വിശേഷിപ്പിക്കാറ്.
സഞ്ചരിക്കുന്ന മാര്‍ഗ്ഗത്തിലെ എല്ലാ തടസ്സവും നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു തുമ്പിക്കരവും ആനയ്ക്കുണ്ട്. ശക്തിയുടെ പ്രതീകമായാണ് ആന എന്ന അറിവിന്‍െറ വെളിച്ചത്തിലാണ് ആനത്തലയുള്ള ദേവനെ സൃഷ്ടിച്ചിട്ടുള്ളത്.
തീരെ ചെറിയ ജീവികളിലൊന്നായ മൂഷികനെ വാഹനമായി ഗണപതിയ്ക്കു നല്‍കിയതിലൂടെ മനുഷ്യബുദ്ധിയുടെ രണ്ട് വ്യത്യസ്ത തലങ്ങളെയാണ് വരച്ചു കാട്ടുന്നത്.
ബുദ്ധിയും ശക്തിയും മനുഷ്യരില്‍ അടങ്ങിയിട്ടുണ്ടെങ്കിലും എലിയുടേതുപോലെ ചഞ്ചലതയും ചിന്താശൂന്യതയും ഭയവുമെല്ലാം മനുഷ്യാവസ്ഥയുടെ മറ്റൊരു വശമാണ്. സദാ ചഞ്ചലമായ മനുഷ്യമനസ്സിനെ തന്നെയല്ലേ എലിയിലൂടെ പ്രതിനിധാനം ചെയ്യുന്നത്.
തനിക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ മേഖലകളിലും വ്യഗ്രതയോടെ കടന്നുചെന്ന് എല്ലാ അനര്‍ത്ഥങ്ങളും സ്വന്തമാക്കുന്ന മനസ്സിനെ ഒരിക്കലും നിയന്ത്രിക്കാനാകുന്നില്ലല്ലോ എന്ന് ചിന്തിച്ചിട്ടില്ലേ.
മറ്റു പലതിനോടുമുള്ള ഒടുങ്ങാത്ത അഭിനിവേശവുമായി സദാ ഓടി നടക്കുന്ന മനസ്സിനെ ഒന്ന് ശാന്തമാക്കി നിറുത്തിയാല്‍ ഏതു പ്രശ്നത്തിനും അവസാനമായി എന്നു തോന്നിയിട്ടില്ലേ അതിനുള്ള പോം വഴി മനസ്സിനെ ഈശ്വരനില്‍ സമര്‍പ്പിക്കുക മാത്രമാണെന്ന് ഗണപതി പരോക്ഷമായി പറയുന്നു.
മനസ്സിനെ ഭഗവോന്മുഖമാക്കിയാല് എലിപ്പുറത്ത് ഗണപതിയെന്ന പോലെ ഭഗവാന് തന്നെ മനസ്സിലേറി സഞ്ചരിച്ചു തുടങ്ങുമത്രേ.
വിഘ്നവിനായകന്‍
വിഘ്നവിനായകന്‍ എന്ന പേരിലേക്കു ശ്രദ്ധിക്കുമ്പോഴോ! ഓരോ വിഘ്നങ്ങളേയും അകറ്റാനുള്ള കഴിവും ശക്തിയും മനുഷ്യരിലോരോരുത്തരിലും കുടികൊള്ളുന്നുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടാതെ പോവുകയാണ് ചെയ്യുന്നതെങ്കിലോ!
വിഘ്നേശ്വരന്െറ ഇരുപ്പിലും ചില പ്രത്യേകതകളുണ്ട്. ഒരു പാദം നിലത്തൂന്നിയും മറ്റേത് ഉയര്‍ത്തി തുടയോട് ചേര്‍ത്തുവച്ചുമാണ് ഗണപതി ഇരിക്കുക.
നിലത്തൂന്നിയ പാദം ഒരു മനുഷ്യന്‍െറ ലൗകീക ജീവിതത്തേയും തുടയോട് ചേര്‍ത്തുവച്ചിരിക്കുന്ന പാദം ഭൂമിയില്‍ ജീവിച്ചിരിക്കേ ഓരോരുത്തരും ആര്‍ജ്ജിക്കേണ്ട ആത്മീയതയേയുമാണ് വ്യക്തമാക്കുന്നത്. പൂര്‍ണ്ണമായ ഭൗതിക ജീവിതത്തിലും ആത്മീയത നഷ്ടപ്പെടുത്തരുതെന്ന് ഗണപതി ഓര്‍മ്മിപ്പിക്കുന്നതായി ഇനി മുതല്‍ കരുതി തുടങ്ങൂ.
ജീവിതയാത്രയ്ക്കിടയില്‍ ഓരോ മനുഷ്യരും നേരിടാത്ത പ്രശ്നങ്ങളില്ല, കഷ്ടതകളില്ല. ഏതു പ്രശ്നത്തേയും ആത്മസംയമനത്തോടെ നേരിടാന്‍ തയ്യാറായാല്‍ അതിനെ സഹിച്ച് ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യരില്‍ സ്വതസിദ്ധമായി തന്നെയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഗണപതിയുടെ കുമ്പ.
മധുരം മോദകം
വിഘ്നേശ്വരന് ഒരു കയ്യില്‍ മധുരം നിറഞ്ഞ മോദകം പിടിച്ച് തുമ്പിക്കരം കൊണ്ട്അതെടുത്ത് ഭക്ഷിക്കുന്നതായി ശില്പങ്ങളില് ചിത്രീകരിച്ചിരിക്കുന്നു.
മനുഷ്യജീവിതത്തില്‍ ലഭ്യമാകുന്നത് ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതാണെന്നും, ലോകജീവിതം മനുഷ്യന് ആത്മവികാസത്തിനും വീക്ഷണ വിശാലതയ്ക്കും ഉള്ള അവസരം പ്രദാനം ചെയ്യുന്നുണ്ടെന്നും ഇത് അര്‍ത്ഥമാക്കുന്നു.
സഹജമായ ഉള്‍പ്രേരണകളെ അടിച്ചമര്‍ത്തുന്നതിനു പകരം മന:ശക്തി കൊണ്ടും വിവേചനബുദ്ധികൊണ്ടും നിയന്ത്രിച്ച് ഓരോരുത്തരിലേയും അധമ സ്വഭാവത്തെ നശിപ്പിക്കുകയാണ് വേണ്ടതത്രെ.
വിഘ്നേശ്വരന്െറ മറ്റേ കയ്യില്‍ പാശവും തോട്ടിയുമാണുള്ളത്. ആഗ്രഹങ്ങളെ നിയന്ത്രണവിധേയമാക്കുനുള്ളതാണ് കയറുകൊണ്ടുള്ള കുരുക്ക്. അതിരു കവിഞ്ഞ ദുരാഗ്രഹങ്ങളെ വരുതിയിലാക്കാന്‍ തോട്ടി സഹായിക്കുന്നു. അനുസരണക്കേടുള്ള കുസൃതിക്കാരനായ ആനയെ തോട്ടിയുപയോഗിച്ച് നിയന്ത്രിക്കുന്ന പാപ്പാനെ പോലെ മനസ്സിനെ നിയന്ത്രിക്കാനുള്ള ഒരു നിര്‍ദ്ദേശം ഇതിലടങ്ങിയിരിക്കുന്നു.
ചുരണ്ട് കിടന്നുറങ്ങുന്ന സര്‍പ്പം ഒളിഞ്ഞിരിക്കുന്ന ഊര്‍ജ്ജത്തിന്‍െറ പ്രതീകമാണ് അത് മനുഷ്യരിലെ കുണ്ഡലിനീ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു. ഗണപതി തന്‍െറ ശരീരത്തില്‍ ഒരു സര്‍പ്പത്തെ ചുറ്റിയിരിക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്.
ബ്രഹ്മാണ്ഡത്തിന്റെ പ്രതീകം
വിഘ്നേശ്വരന് ശിരസ്സില്‍ ധരിച്ചിരിക്കുന്ന രത്നങ്ങള്‍ പതിച്ച കിരീടം ഈ ബ്രഹ്മാണ്ഡത്തിന്െറ തന്നെ പ്രതീകമാകുന്നു. ഗണപതിയുടെ മൂന്നാം കണ്ണാകട്ടെ അമൂര്‍ത്തങ്ങളായ തത്വങ്ങളേയും വ്യക്തമാക്കി തരുന്ന നമ്മിലെ അകകണ്ണിനെ പ്രതിനിധീകരിക്കുന്നു.
ആരാധകനും ആരാധനാമൂര്‍ത്തിയും വിഭിന്നമല്ലെന്ന തിരിച്ചറിവിന്‍െറ പ്രതീകമാണ് വിഘ്നേശ്വരന്. വിവേചനാ ശക്തിയും ആത്മാവബോധവും ആണ് വിഘ്നേശ്വരന്െറ പ്രസാദം. സര്‍വ്വദു:ഖങ്ങളും ഹനിക്കാന്‍ പോന്നതാണെന്ന് ഭഗവത് ഗീത പറയുന്നു.
ഒരോ ഗണേശപൂജയിലൂടെയും മനസ്സിലെ ദുര്‍വാസനകളെ നിവാരണം ചെയ്യുകയാണ് വേണ്ടതെന്നല്ലേ വിനായക സങ്കല്പം ഉദ്ദേശിക്കുന്നു.