ഇന്ന് വിനായക ചതുര്‍ത്ഥി

FILEFILE
സര്‍വ വിഘ്നങ്ങളേയും നിവാരണം ചെയ്യുന്ന വിനായകന്‍റെ പിറന്നാളാണ് ചിങ്ങത്തിലെ (ഭാദ്ര പഥത്തിലെ) ശുക്ളപക്ഷ ചതുര്‍ത്ഥി. എല്ലാ വര്‍ഷവും ഈ ദിവസം വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നു.

ദേവഗണങ്ങളുടെ നാഥനാണ് ഗണപതി. മന്ത്രങ്ങളുടെ ഈശ്വരനാണ്. പരമാത്മാവിനെ ദര്‍ശിച്ചവനാണ്. സല്‍കര്‍മ്മങ്ങള്‍ ആരംഭിക്കുമ്പോള്‍ ആദ്യം വിഘ്നേശ്വരനെ ആരാധിച്ച് ഗണപതിയെ തൃപ്തനാക്കണമെന്നാണ് വിശ്വാസം. വീട്ടിലെ പൂജാ മുറികളില്‍ പോലും ഗണപതിയെ വന്ദിച്ച ശേഷമാണ് പൂജ തുടങ്ങാറ്.

കുട്ടികളുടെ വിദ്യാരംഭ സമയത്ത് ഹരി ശ്രീ: ഗണപതയേ നമ: എന്നാണല്ലോ എഴുതാറ്. ലക്ഷ്മിക്കും സരസ്വതിക്കും ഒപ്പം ഗണപതിയേയും എഴുതുന്നു.

വൈദികവും താന്ത്രികവുമായ കാര്യങ്ങള്‍ തുടങ്ങുമ്പോള്‍ ഗണപതിയേയും ഗുരുവിനെയും ഉപാസിക്കണമെന്നാണ് വ്യവസ്ഥ. മനുഷ്യ ശരീരത്തിന്‍റെ ഇടതു ഭാഗത്ത് ഗുരുവും വലതു ഭാഗത്ത് ഗണപതിയും ഉണ്ടെന്നാണ് സങ്കല്‍പം.

ഗണപതിയെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും ആരാധിക്കുന്നു. ഇതേ മട്ടില്‍ പല ക്ഷേത്രങ്ങളിലും പ്രതിഷ്ഠകളുമുണ്ട്. ഇന്ന് പലരും ഗണപതിയുടെ വിവിധ രൂപങ്ങളിലുള്ള ശില്‍പങ്ങളും ബിംബങ്ങളും സൂക്ഷിച്ചു വയ്ക്കുന്നതില്‍ കൗതുകം കാട്ടുന്നു.

പഞ്ചമുഖ ഗണപതി (അഞ്ചുമുഖം, പത്ത് കൈ, മൂന്ന് കണ്ണ്, സിംഹാരൂഢന്‍)
നൃത്ത ഗണപതി
വരസിദ്ധി വിനായകന്‍ (ബ്രഹ്മചാരീ ഭാവം)
ബാലഗണപതി
ഉണ്ണിഗണപതി
എന്നിങ്ങനെ പോകുന്നു ഗണപതിയുടെ വിവിധ രൂപ ഭാവങ്ങള്‍.

ശാക്തേയന്മാര്‍ ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു. ഗണേശാനി വിനായകി സൂര്‍പ കര്‍ണ്ണി ലംബാ മേഖല എന്നിങ്ങനെ പോകുന്നു സ്ത്രീ ഗണപതിയുടെ പേരുകള്‍.

ഗണപതിക്ക് കൊടുക്കുക എന്നൊരു സങ്കല്‍പമുണ്ട്. ഏതു കാര്യം തുടങ്ങുമ്പോഴും ഗണപതിയെ സങ്കല്‍പ്പിച്ച് ഗണപതിക്ക് നല്‍കിയിട്ടു വേണം തുടങ്ങാന്‍.

അതുപോലെ ഉച്ഛിഷ്ട ഗണപതി എന്നൊരു സങ്കല്‍പമുണ്ട്. ഉപയോഗിച്ച ശേഷം ബാക്കി വരുന്ന പദാര്‍ത്ഥങ്ങള്‍ ചീത്തയായി തുടങ്ങുന്നതിന് മുന്‍പ് അവയെ പ്രകൃതിയിലേക്ക് ലയിപ്പിക്കുന്നു. ഇവിടെ ഗണപതിയെ പ്രകൃതിയുടെ അധിദേവതയായാണ് സങ്കല്‍പിക്കുന്നത്.



നിവേദ്യം

ഭക്ഷണപ്രിയനാണ് ഗണപതി. കുംഭയില്‍ കൊള്ളാത്തതായി ഒന്നുമില്ല. ഗണപതി പ്രാതലിനെ പറ്റി രസകരമായ ഒരു കഥ തന്നെയുണ്ട്. ചോറു വിളമ്പി കഴിഞ്ഞ് കൂട്ടാനെത്തുന്നതിന് മുന്‍പ് ഗണപതി ചോറു മുഴുവന്‍ അകത്താക്കി.

പിന്നെ കൂട്ടാന്‍ മാത്രമായി കഴിച്ചു. വീണ്ടും ചോറെത്തുമ്പോഴേക്കും കൂട്ടാനും കാലിയായിരുന്നു. ഇങ്ങനെയുള്ള ഗണപതിയുടെ ശാപ്പാട് വിശേഷത്തെ ശതഗുണീഭവിച്ച് സ്മരിക്കുന്നതാണ് ആ കഥ.

മോദക പ്രിയനാണ് ഗണപതി. ഉണ്ണിയപ്പം, പൂര്‍ണ്ണം (മധുര കുഴക്കട്ട), അവില്‍, മലര്‍ എന്നിവയൊക്കെ ഗണപതിയുടെ ഇഷ്ട ഭോജ്യങ്ങളാണ്.

ഇലകളും പ്രിയം

പൂക്കളെന്നപോലെ ഇലകളും വിഘ്നേശ്വരന് പ്രിയതരമാണ്. കറുകപ്പുല്ല്, കത്തിരിയില, ചുണ്ട, അഗത്തിയില, ആലില, എരിക്കില, വെറ്റില എന്നിവ കൊണ്ടുള്ള അര്‍ച്ചനയെല്ലാം പല തരത്തിലുള്ള സദ്ഫലങ്ങള്‍ തരും എന്നാണ് വിശ്വാസം.

കത്തിരിയില അര്‍പ്പിച്ചാല്‍ ലക്ഷ്മീ കടാക്ഷവും വെള്ള എരിക്കില സകല സൌഭാഗ്യങ്ങളും, ആലില ശത്രുനാശവും അഗത്തിയില ദുരിത നാശവും, എരിക്ക്, മരുത് സമേതമുള്ള ജലാര്‍ച്ചന സന്താന സൌഭാഗ്യവും തരും എന്നും മാതള ഇല കൊണ്ടുള്ള പൂജ- സദ്കീര്‍ത്തി നല്‍കും എന്നുമാണ് വിശ്വാസം.


വെബ്ദുനിയ വായിക്കുക