ഓ...ക്ലോഡിയസ്, നീ മഹാനായ ചക്രവര്‍ത്തി ആയിരുന്നിക്കാം....നീ രാജനീതി നടപ്പാക്കി ചരിത്രത്താളുകളില്‍ ഇടം പിടിച്ചിട്ടുണ്ടാവാം...എന്നാല്‍ നീ നിഷ്കരുണം വധിച്ച വാലന്‍റൈന്‍ എന്ന ഞാന്‍ ഇപ്പോഴും നിന്നെ നോക്കി പൊട്ടിപ്പൊട്ടി ചിരിക്കുന്നു..കാമുകനെ വധിച്ചാല്‍ പ്രണയത്തെയും ഇല്ലാതാക്കാം എന്ന് കരുതിയ നിന്‍റെ വിഢിത്തത്തെ ഓര്‍ത്ത്!
ഒരു രാത്രിയില്‍ നിന്‍റെ ഭടന്‍മാര്‍ പുരോഹിതനായ എന്നെ പിടികൂടിയത് ഓര്‍മ്മയുണ്ടോ? അന്ന് നിന്‍റെ നിയമം ലംഘിച്ച് ഞാന്‍ ഒരു രഹസ്യ വിവാഹം നടത്തുകയായിരുന്നു. അവിടെയും നിന്‍റെ വക്രബുദ്ധിക്ക് ദൈവം തിരിച്ചടി തന്നു...വധൂവരന്‍മാരും ഞാനും മാത്രമുണ്ടായിരുന്ന മെഴുകുതിരി വെട്ടം സ്നേഹ സ്വാന്തനമായി പരന്നൊഴുകിയ ആ മുറിയിലേക്ക് നിന്‍റെ ദൂതന്‍മാരുടെ ധിക്കാരത്തിന്‍റെ പാദപദന ശബ്ദമെത്തുമ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു...അവര്‍ രക്ഷപെടുകയും ചെയ്തിരുന്നു!
പിന്നെ പാതിരിയായ ഞാന്‍....എന്നിലും ഒരു കാമുക ഹൃദയമുണ്ടായിരുന്നു. നിന്‍റെ സൈന്യത്തിന്‍റെ ആള്‍ബലം കൂട്ടാന്‍ നീ കണ്ടെത്തിയ വഴിയെ ശപിക്കുന്ന, വെറുക്കുന്ന ആയിരങ്ങളില്‍ ഒരുവനായിരുന്നു ഞാനും....ഇണയെ ഉപേക്ഷിച്ച് നിന്‍റെ സൈന്യത്തിലേക്കും ചോരമണക്കുന്ന, മരണം വെറുങ്ങലിക്കുന്ന യുദ്ധ ഭൂവിലേക്കും ആളെ കൂട്ടാന്‍ വിവാഹം നിരോധിച്ചതിനെ ഞാനും എതിര്‍ത്തിരുന്നു....നിന്‍റെ നിയമത്തെ മറികടന്ന് ഞാന്‍ അനേകം ഹൃദയങ്ങളെ ഒരുമിപ്പിച്ചു....പരിശുദ്ധമായ വിവാഹ കര്‍മ്മത്തിലൂടെ.
നിനക്കറിയുമോ വിഢിയായ ചക്രവര്‍ത്തീ...പ്രണയം അനശ്വരമാണ്...അതിലേക്കുള്ള വഴികള്‍ എന്നോ കുറിക്കപ്പെട്ടവയാണ്...നിസ്സാരരായ നമുക്ക് പ്രണയത്തെ നശിപ്പിക്കാന്‍ കഴിയില്ല. നീ എന്നെ തുറുങ്കിലടച്ചപ്പോള്‍ പ്രണയം ധൈര്യം നല്‍കിയ യുവാക്കള്‍ എന്നെ വന്നു കാണുമായിരുന്നു. ജയിലര്‍ തന്‍റെ മകളെ പോലും എന്‍റെ അടുത്ത് വരുന്നതില്‍ നിന്ന് വിലക്കിയില്ല...ആ സന്ദര്‍ശനങ്ങള്‍ പിന്നീട് കാരിരുമ്പഴികള്‍ പോലും അലിയിപ്പിക്കുന്ന പ്രണയമായി തീവ്രതയാര്‍ജ്ജിക്കുകയും ചെയ്തു...മരിക്കാന്‍ വിധിക്കപ്പെട്ട ഞാന്‍ ആ സ്നേഹ സന്ദര്‍ശനത്തിന് എന്‍റെ സുഹൃത്ത് വഴിയാണ് അവസാന സന്ദേശമയച്ചത്....“ എന്ന് സ്വന്തം വാലന്‍റൈന്‍ ” എന്ന ആത്മവികാരങ്ങളില്‍ മഷി ചാലിച്ചെഴുതിയ കൈയ്യൊപ്പോടെ...
പ്രണയത്തെ സ്നേഹിച്ച കുറ്റത്തിന് നീ എന്നെ ഈ ലോകത്തില്‍ നിന്ന് പറഞ്ഞുവിട്ട ദിനം മുതല്‍, അതായത് 269 ഫെബ്രുവരി 14 മുതല്‍, ഒരു പ്രണയാഘോഷ ദിനം പിറവികൊണ്ട കാര്യം നിനക്ക് അറിയുമോ.....നീ തകര്‍ത്തെറിയാന്‍ ആശിച്ചത് നറുമണം പൊഴിക്കുന്ന, മാധുര്യമൂറുന്ന സുന്ദര വികാരങ്ങളുടെ ദിനമായി, പ്രണയ ദിനമായി ഈ ലോകം മുഴുവന്‍ നെഞ്ചേറ്റിയത് നീ അറിഞ്ഞോ....വലന്‍റൈന്‍ ദിനമെന്ന പേരില്‍ എല്ലാ വര്‍ഷവും ഈ ദിനം ആഘോഷിക്കുമ്പോള്‍ നീ ഒന്ന് അറിയൂ നിനക്ക് പ്രണയത്തെ കൊല്ലാന്‍ കഴിഞ്ഞില്ല...എന്നെയും!