കേന്ദ്ര ആസൂത്രണ കമ്മീഷന് ചെയര്മാന് മോണ്ടെക് സിംഗ് അലുവാലിയ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇതിനൊപ്പം ഇത്തവണത്തെ ബജറ്റില്‍ സാമൂഹ്യ ക്ഷേമ ഉന്നമനത്തിനായി കൂടുതല്‍ തുക നീക്കിവച്ചേക്കും എന്നും അദ്ദേഹം സൂചന നല്കി. ഊര്‍ജ്ജരംഗത്ത് സമഗ്രമായ നിക്കുതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കല്‍ അത് നടപ്പിലാക്കിയാല്‍ പിന്നീട് പെട്രോളിയം കമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൂഡോയില്‍ വിലയില്‍ ഉണ്ടാവുന്ന വര്‍ദ്ധനയുടെ ഭാരം ഉപഭോക്താവ് തന്നെയാണ് വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ പെട്രോളിയം കമ്പനികളുടെ നാശത്തിന് അത് വഴിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയായി ലോക ക്രൂഡോയില്‍ വില വീപ്പയ്ക്ക് 100 ഡോളറിന് അടുത്തെത്തിക്കഴിഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 2 രൂപയും ഡീസലിന് ഒരു രൂപയും കണ്ട് വര്‍ദ്ധിപ്പിച്ചത്. സാമൂഹ്യ രംഗത്തെ വികസനത്തിനായി കൂടുതല്‍ തുക നീക്കിവയ്ക്കുമെന്നും ഒരു ചോദ്യത്തിനുള്ള മറുപടി പറയവേ അദ്ദേഹം പറഞ്ഞു.