അടുത്തിടെ ഉയര്‍ത്തിയ ഉരുക്ക് വില കുറയ്കാന്‍ രാജ്യത്തെ പ്രമുഖ ഉരുക്ക് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. കേന്ദ്ര ഉരുക്കു മന്ത്രാലയത്തിന്റെ നിരന്തരമായ അഭ്യര്‍ഥനയെ മാനിച്ചാണ് ഇവര്‍ ഈ തീരുമാനമെടുത്തത്.
ഉരുക്ക് ഉല്‍പ്പാദകര്‍ കേന്ദ്ര ഉരുക്ക് മന്ത്രി രാം വിലാസ് പാസ്വാനുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.വരുന്ന കേന്ദ്ര ബജറ്റില്‍ ഉരുക്കിന്റെ എക്സൈസ് തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ടായേക്കും എന്നാണ് കരുതുന്നത്.
ഈ തീരുമാനം നടപ്പിലാവുന്നതോടെ ഉരുക്ക് വില ടണ്ണിന് 500 മുതല്‍ 1000 രൂപവരെയാണ് ഇളവ് പ്രതീക്ഷിക്കുന്നത്. വിലക്കുറവ് എത്രയും വേഗംതന്നെ പ്രാബല്യത്തില്‍ വരുമെന്ന് ഉരുക്ക് ഉത്പാദകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉരുക്കിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനെ തുടര്‍ന്നാണ് വിലയില്‍ ഇളവു വരുത്താന്‍ തീരുമാനിച്ചതെന്ന് പ്രമുഖ ഉരുക്ക് ഉല്‍പ്പാദകരായ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ മാനേജിംഗ് ഡയറക്ടര്‍ നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു.
ഇരുമ്പയിര്, കല്‍ക്കരി, ഇന്ധനം, ക്രൂഡ് ഓയില്‍ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധന, കടല്‍വഴിയും കരവഴിയുമുള്ള ചരക്കുകൂലി വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ വിലവര്ധിപ്പിക്കുവാന് തങ്ങള്‍ നിര്ബന്ധിതരാക്കുക ആയിരുന്നുവെന്ന് ഉരുക്ക് ഉല്‍പ്പാദകര്‍ അറിയിച്ചിരുന്നു.
എന്നാല്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്തുകൊണ്ട് സാധാരണക്കാരുടെമേലുള്ള അധികഭാരം കുറയ്ക്കുവാന്‍ തയാറാകുകയായിരുന്നെന്നും ജിന്‍ഡാള്‍ പറഞ്ഞു.
2008 ജനുവരിയില്‍ ഉരുക്ക് ടണ്ണിന് ശരാശരി 500 രൂപയുടെ വര്‍ധന പ്രഖ്യാപിച്ച ഉത്പാദകര്‍ ഫെബ്രുവരിയില്‍ ശരാശരി 2500 രൂപയുടെ വര്‍ധനയും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉരുക്കിന് നിലവിലുള്ള എക്സൈസ് നികുതി 18 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറയ്ക്കണമെന്നും റെയില്‍വേ ചരക്കുകൂലിയില്‍ ഇളവു ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യം ഉരുക്ക് കമ്പനികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.