ഇന്ത്യന്‍ സീരിയലുകള്‍ക്ക് താക്കീത്

ചൊവ്വ, 29 ഏപ്രില്‍ 2008 (12:16 IST)
അഫ്‌ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സീരിയലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കുവാന്‍ രണ്ട് സ്വകാര്യ ചാനലുകള്‍ക്ക് അന്തിമ താക്കീത് നല്‍കി. ഏപ്രില്‍ 29 നു മുമ്പ് പ്രക്ഷേപണം അവസാനിപ്പിക്കണമെന്നാണ് താക്കീത്.

ടോറോ, അഫ്‌ഗാന്‍ ടിവി എന്നീ ചാനലുകള്‍ക്കാണ് ഈ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇതിനു മുമ്പ് നല്‍കിയ രണ്ട് താക്കീതുകള്‍ ഈ സ്വകാര്യ ചാനലുകള്‍ അവഗണിച്ചിരുന്നു.

ഏപ്രില്‍ 29 നു മുമ്പ് പ്രക്ഷേപണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ദൌത്യം ബന്ധപ്പെട്ട വകുപ്പിന് കൈമാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അഞ്ച് ഇന്ത്യന്‍ സീരിയലുകള്‍ അനിസ്ലാമികമാണെന്ന് ആരോപിച്ചാണ് കര്‍സായി സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. സീരിയലുകള്‍ നിരോധിക്കണമെന്ന കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവുകയാണെങ്കില്‍ നിയമോപദേശം സ്വീകരിക്കുമെന്ന് ടോറോ ചാനല്‍ അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക