കോൺഗ്രസും ബിജെപിയും നന്നായി മുതലെടുക്കുന്നുണ്ട്, വിധി പ്രസ്താവിച്ചത് സിപി‌എം ആണോ? - പ്രതിഭ എം എൽ എ

ശനി, 6 ഒക്‌ടോബര്‍ 2018 (15:05 IST)
ശബരിമലയിലെ സ്ത്രീ പ്രവേശത്തിൽ സുപ്രീം കോടതി വിധി വന്നതു മുതൽ പലയിടങ്ങളിൽ നിന്നും പ്രതിഷേധം ശക്തമാവുകയാണ്. സ്ത്രീ സമത്വത്തിന് വാതോരാതെ പ്രസംഗിച്ച കോൺഗ്രസ് വിധി വന്നതോടെ മലക്കം മറിഞ്ഞിരിക്കുകയാണ്. സ്ത്രീ സമത്വം വേറെ, ശബരിമലയിലെ സ്ത്രീ പ്രവേശനം വേറെ എന്നാണിവർ ഇപ്പോൾ പറയുന്നത്. ബിജെപിയും ഇങ്ങനെ തന്നെ. നിമിഷങ്ങൾക്കുള്ളിൽ നിലപാടുകളിൽ മാറ്റം വരുത്തുവാൻ ബിജെപിക്കും ആർ‌എസ്‌എസിനും മാത്രമേ കഴിയുകയുള്ളുവെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.
 
അതേസമയം, ശബരിമല വിഷയത്തിൽ കോൺഗ്രസും ബിജെപിയും നന്നായി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ടെന്ന് എം എൽ എ പ്രതിഭ. കമ്യൂണിസ്റ്റ് ആയതു കൊണ്ട് ഭക്തിയും യുക്തിയും വേർതിരിച്ച് അറിയാൻ കഴിയാറുണ്ടെന്ന് പ്രതിഭ പറയുന്നു. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഞാൻ കമ്മ്യൂണിസ്റ്റ് ആണ്. വർഷങ്ങളായി പാർട്ടി മെമ്പറാണ്.കഴിഞ്ഞ കുറച്ച് ദിവസമായി കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾ കാണുന്നത് കൊണ്ട് പറയുകയാണ്. ഞങ്ങളുടെ പാർട്ടി ഇതുവരെ ആരോടും പറഞ്ഞിട്ടില്ല നിങ്ങൾ ആരാധനാലയങ്ങളിൽ പോകരുത് എന്നോ പോകണം എന്നോ . പക്ഷേ പട്ടിണി മാറാൻ പ്രാർത്ഥന പോര പദ്ധതികളും പരിപാടികളും ആണ് വേണ്ടത് എന്ന തിരിച്ചറിവുള്ളവളാക്കി എന്നെ മാറ്റിയത് എന്റെ പ്രസ്ഥാനം ആണ്. 
 
പ്രാർത്ഥിക്കുന്നത് അത് ഇഷ്ടമുള്ളവർക്ക് ചെയ്യാം. പ്രാർത്ഥിക്കാതെയുമിരിക്കാം.അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഞാൻ പോകാറുണ്ട്. അവിടുത്തെ ശാന്തമായ അന്തരീക്ഷവും ശുദ്ധവായുവും കാവും കുളങ്ങളും ഐതിഹ്യവും ഇന്നും എന്നും ഞാൻ ഇഷ്ടപ്പെടുന്നു.വിദ്യാർത്ഥിനി ആയി പാർട്ടി മെമ്പർഷിപ്പിൽ വന്ന വ്യക്തിയാണ് ഞാൻ. കമ്യൂണിസ്റ്റ് ആയതു കൊണ്ട് ഭക്തി യും യുക്തിയും വേർതിരിച്ച് അറിയാൻ കഴിയാറുമുണ്ട്. വിധി വന്നു എന്ന ഒറ്റ കാരണത്താൽ ശബരിമലയിലേക്ക് പോകാൻ ആരും ഇതുവരെ പറഞ്ഞിട്ടില്ല. .കോൺഗ്രസും ബിജെപിയും നന്നായി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് കാണുമ്പോൾ തോന്നും CPI (M) ആണ് വിധി പ്രസ്താവിച്ചത് എന്ന്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍